Site iconSite icon Janayugom Online

പടക്കശാലയിലെ സ്ഫോടനം: കുറ്റകരമായ നരഹത്യയ്ക്ക് കേസെടുത്തു

varappuravarappura

വരാപ്പുഴയില്‍ കഴിഞ്ഞ ദിവസം ഒരാളുടെ മരണത്തിനിടയാക്കി സ്ഫോടനം നടന്ന പടക്കപ്പുരയില്‍ ശേഷിച്ച പടക്കങ്ങള്‍ പൊലീസ് ബോംബ് സ്ക്വാഡ് നിര്‍വീര്യമാക്കി. പരിക്കേറ്റ് ചികിത്സയിലുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവസ്ഥലത്ത് ഇന്നലെ പൊലീസ്, ഫോറന്‍സിക് വിഭാഗങ്ങളും ഡോഗ് സ്ക്വാഡും വിശദമായ പരിശോധന നടത്തി.
അതിനിടെ പടക്കനിർമ്മാണ ശാലയിലെ അപകടത്തിൽ കുറ്റകരമായ നരഹത്യ അടക്കമുള്ള വകുപ്പുകളിൽ പൊലീസ് കേസെടുത്തു. വരാപ്പുഴ സ്വദേശികളും സഹോദരങ്ങളുമായ ജാൻസൻ, ജെയ്സൻ എന്നിവർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തത്. ജെയ്സൻ ഒളിവിലും ജാൻസൻ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുമാണ്. വരാപ്പുഴയിലെ മുട്ടിനകത്ത് പടക്ക നിർമ്മാണശാല നിയമ വിരുദ്ധമായാണ് പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

ചെറിയ തോതിൽ പടക്കം വിൽക്കാനുള്ള ലൈസൻസിന്റെ മറവിൽ കൂടുതൽ സ്ഫോടക വസ്തുക്കൾ ഇവിടെ സൂക്ഷിച്ചിരുന്നു. ഇവിടെ പടക്കം നിർമ്മിച്ചിരുന്നതായി ചില അയൽവാസികളും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പെട്ടെന്ന് മഴ പെയ്തപ്പോൾ മുറ്റത്ത് ഉണക്കാനിട്ടിരുന്ന സ്ഫോടക വസ്തുക്കൾ ഒന്നിച്ച് വാരിയെടുത്ത് അകത്തേക്ക് കൊണ്ടുപോയപ്പോഴാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് അപകട സമയത്ത് കെട്ടിടത്തിലുണ്ടായിരുന്ന തമിഴ് നാട്ടുകാരനായ തൊഴിലാളി അയൽവാസികളോട് പറഞ്ഞത്.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് വൻ സ്ഫോടനം ഉണ്ടായത്. അപകടത്തിൽ മരിച്ച ഡേവിസിന്റെ മൃതദേഹം പോസ്റ്റുമോർട്ടിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ജെയ്സൻ എന്നയാൾക്ക് പടക്കം വില്പനയ്ക്കുള്ള ലൈസൻസ് മാത്രമാണ് ഉള്ളതെന്നും അതിന്റെ മറവിൽ അനധികൃതമായി വൻതോതിൽ പടക്കം സൂക്ഷിക്കുകയായിരുന്നു വെന്നും ജില്ലാ കളക്ടർ ഡോ. രേണുരാജ് പറഞ്ഞു. 

Eng­lish Sum­ma­ry: Fire­works blast: Case filed for cul­pa­ble homicide

You may also like this video

Exit mobile version