Site iconSite icon Janayugom Online

മനാഫ് വധക്കേസില്‍ ഒന്നാം പ്രതി കുറ്റക്കാരന്‍; ശിക്ഷ ഇന്ന്

കോളിളക്കം സൃഷ്ടിച്ച ഒതായി മനാഫ് വധക്കേസിൽ ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) കണ്ടെത്തി. മുൻ എംഎൽഎ പി വി അൻവറിന്റെ സഹോദരീപുത്രൻ എടവണ്ണ മുണ്ടേങ്ങര മാലങ്ങാടൻ ഷഫീഖ് (56) ആണ് ഒന്നാം പ്രതി. ഇന്ന് വിധി പ്രസ്താവിക്കും.
കേസിലെ മൂന്നാം പ്രതിയും ഒന്നാം പ്രതിയുടെ സഹോദരനുമായ എടവണ്ണ മുണ്ടേങ്ങര മാലങ്ങാടൻ ഷരീഫ് (58), 17-ാം പ്രതി നിലമ്പൂർ ജനതപ്പടി കോട്ടപ്പുറം മുനീബ് (52), 19-ാം പ്രതി എളമരം മപ്രം പയ്യനാട്ട് തൊടിക ഏറക്കോടൻ കബീർ എന്ന ജാബിർ (52) എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെവിട്ടു.
1995 ഏപ്രിൽ 13ന് ഒതായി അങ്ങാടിയിൽ നാട്ടുകാർ നോക്കിനിൽക്കെ പട്ടാപ്പകൽ മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. മുൻ നിലമ്പൂര്‍ എംഎൽഎ പി വി അൻവർ രണ്ടാം പ്രതിയായിരുന്നു. ഏഴാം പ്രതിയായിരുന്ന അൻവറിന്റെ പിതാവ് പി വി ഷൗക്കത്തലി കുറ്റപത്രം സമർപ്പിക്കും മുമ്പ് മരിച്ചു.
പ്രതികളായ പി വി അൻവറിന്റെ രണ്ട് സഹോദരീപുത്രൻമാരടക്കം നാലുപേരെ 23 വർഷം പൊലീസ് പിടികൂടിയിരുന്നില്ല. ഇവരെ പിടികൂടാൻ നടപടിയാവശ്യപ്പെട്ട് മനാഫിന്റെ സഹോദരൻ അബ്ദുൽറസാഖ് കോടതിയെ സമീപിച്ചതോടെയാണ് നാലു പ്രതികളെയും ലുക്കൗട്ട് നോട്ടീസിറക്കി ഇന്റർപോൾ സഹായത്തോടെ പിടികൂടാൻ മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 2018 ജൂലൈ 25ന് ഉത്തരവിട്ടത്. 2018 ആഗസ്റ്റ് 30ന് കബീറും മുനീബും 2019 ജനുവരി 21ന് ഷരീഫും കീഴടങ്ങുകയായിരുന്നു.
കേസിൽ രണ്ടാം പ്രതിയായിരുന്ന പി വി അൻവർ എംഎൽഎയടക്കം വെറുതെവിട്ട 21 പ്രതികൾക്ക് ശിക്ഷ നൽകണമെന്നാവശ്യപ്പെട്ടുള്ള സർക്കാരിന്റെ അപ്പീലും സഹോദരൻ അബ്ദുൽറസാഖിന്റെ റിവിഷൻ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്. 

Exit mobile version