പുനരുപയോഗ ഊർജ്ജഉപയോഗം പ്രോത്സാഹിപ്പിച്ച് ഊർജ്ജ ഉപയോഗത്തിൽ സവിശേഷ സംസ്ക്കാരം രൂപപ്പെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 152 കോടി രൂപ ചെലവിൽ കോട്ടയം കുറവിലങ്ങാട് സ്ഥാപിച്ച കെഎസ്ഇബിയുടെ സംസ്ഥാനത്തെ ആദ്യ ഗ്യാസ് ഇൻസുലേറ്റഡ് 400 കെവി സബ്സ്റ്റേഷൻ നാടിനു സമർപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഗതാഗതം, വ്യവസായം, ഗാർഹിക മേഖലകളിൽ ഫോസിൽ ഇന്ധന ഉപയോഗം കുറച്ചുകൊണ്ട് പുനരുപയോഗ ഊർജ്ജഉപയോഗം പ്രോത്സാഹിപ്പിക്കണം. രാജ്യത്ത് ആദ്യമായി വൈദ്യുതി വാഹനനയം പ്രഖ്യാപിച്ചത് കേരളമാണ്. വൈദ്യുതി വാഹന ഉപയോഗത്തിൽ വലിയ കുതിച്ചുചാട്ടം നടത്താൻ നമുക്കു കഴിഞ്ഞു. വൈദ്യുതി ഉല്പാദനം വെള്ളം, കാറ്റ്, സൗരോർജ്ജം തുടങ്ങിയ പുനരുപയോഗ ഊർജ്ജ സ്രോതസുകളിലേക്ക് മാറ്റേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. കെഎസ്ഇബിയുടെ സേവന നിലവാരം വർധിപ്പിച്ച് ആഗോളനിലവാരത്തിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്. ഭാവിക്ക് അനുയോജ്യമായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോട്ടയം ലൈൻസ് പാക്കേജിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. ചടങ്ങിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. സബ്സ്റ്റേഷനിൽ സ്വിച്ച്ഓൺ കർമവും മന്ത്രി നിർവഹിച്ചു. അഡ്വ. മോൻസ് ജോസഫ് എംഎൽഎ, തോമസ് ചാഴികാടൻ എംപി എന്നിവർ വിശിഷ്ടാതിഥികളായി. കെഎസ്ഇബി ഡയറക്ടർ (ട്രാൻസ്മിഷൻ) സജി പൗലോസ് റിപ്പോർട്ട് അവതരിപ്പിച്ചു.
തിരുനെൽവേലി-കൊച്ചി ലൈൻ വഴി 400 കെവി അന്തർസംസ്ഥാന പ്രസരണലൈൻ ഉപയോഗിച്ച് കൂടംകുളം ആണവനിലയത്തിൽ നിന്ന് വൈദ്യുതി മധ്യകേരളത്തിൽ എത്തിക്കാൻ സബ്സ്റ്റേഷൻ ഉപകരിക്കും. 400 കെവി പ്രസരണലൈനിലൂടെ വൈദ്യുതി സ്വീകരിച്ച് 220 കെവി ആക്കി വിവിധ ജില്ലകളിലേക്ക് വിതരണം ചെയ്യും. ഇതിനായി 400 കെവിയുടെ നാലു ഫീഡറുകളും 315 എംവിഎയുടെ രണ്ടു ട്രാൻഫോമറുകളും 220 കെവിയുടെ ആറു ഫീഡറുകളും സ്ഥാപിച്ചു. പള്ളം, ഏറ്റുമാനൂർ, അമ്പലമുകൾ എന്നീ 220 കെവി സബ്സ്റ്റേഷനുകളിൽ വൈദ്യുതിയെത്തിച്ച് വിതരണം ചെയ്യും. തുറവൂരിൽ സബ്സ്റ്റേഷൻ യാഥാർഥ്യമാകുന്നതോടെ ആലപ്പുഴയ്ക്കും പ്രയോജനം ലഭിക്കും.
English Summary: First gas insulated 400 kV substation inagurated
You may also like this video
You may also like this video