Site iconSite icon Janayugom Online

രാജ്യത്ത് ആദ്യം; സ്ത്രീകള്‍ക്കായി പ്രത്യേക ക്ലിനിക്ക് 5415 ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍

രാജ്യത്ത് ആദ്യമായി സംസ്ഥാനത്തെ എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും സ്ത്രീ പ്രത്യേക ക്ലിനിക്കുകള്‍ (സ്ട്രെങ്ത്തനിങ് ഹെര്‍ ടു എംപവര്‍ എവരിവണ്‍ — സ്ത്രീ) ആരംഭിക്കുന്നു. ഈ ക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്നിന് തിരുവനന്തപുരം പള്ളിത്തുറ ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ വച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് രാവിലെ ഒമ്പത് മുതല്‍ പള്ളിത്തുറ ജനകീയാരോഗ്യ കേന്ദ്രത്തില്‍ പ്രത്യേക സെഷ്യാലിറ്റി ക്യാമ്പ് സംഘടിപ്പിക്കും. എല്ലാ ചൊവ്വാഴ്ചകളിലും സ്ത്രീകളുടെ ക്ലിനിക്ക് പ്രവര്‍ത്തിക്കും. വിളര്‍ച്ച, പ്രമേഹം, രക്താതിമര്‍ദം, കാന്‍സര്‍ സ്‌ക്രീനിങ് തുടങ്ങിയവയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്താനും ഈ ക്ലിനിക്കുകളിലൂടെ സാധിക്കുന്നു. അയല്‍ക്കൂട്ടങ്ങള്‍ കേന്ദ്രീകരിച്ച് സ്ത്രീകള്‍ക്കായി പ്രത്യേക പരിശോധനകളും കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വിദഗ്ധ പരിശോധനകളും ബോധവല്‍ക്കരണവും ഈ കാമ്പയിന്റെ ഭാഗമായി നടക്കും. പരമാവധി സ്ത്രീകള്‍ വെല്‍നസ് ക്ലിനിക്കുകളില്‍ വന്ന് ആരോഗ്യ പരിശോധന നടത്തണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

Exit mobile version