കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക വളര്‍ച്ചാ വാദമുഖങ്ങള്‍ പൊള്ളയാണെന്നു വ്യക്തമാക്കുന്ന കണക്കുകള്‍ പുറത്ത്. ഏപ്രില്‍-നവംബര്‍ കാലയളവില്‍ രാജ്യത്തെ ധനകമ്മി 9,78,000 കോടിയിലെത്തിയതായി കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കുന്നു. വരവും ചെലവും തമ്മിലുള്ള അന്തരം വാര്‍ഷിക ലക്ഷ്യത്തിന്റെ 58.9 ശതമാനം വരെ നവംബര്‍ വരെയുള്ള സമയംകൊണ്ടെത്തിയത് രാജ്യത്തെ സമ്പദ്ഘടനയെ ആശങ്കപ്പെടുത്തുന്നു. ബജറ്റ് പ്രകാരമുള്ള പദ്ധതികള്‍ക്ക് ഇനിയും ഫണ്ട് നല്‍കാന്‍ സമയം ബാക്കിനില്‍ക്കുമ്പോള്‍ ധനക്കമ്മി ഇത്രയേറെ വര്‍ധിച്ചത് വന്‍ പ്രതിസന്ധിയാകും സൃഷ്ടിക്കുക. പദ്ധതികള്‍ക്കുള്ള ബജറ്റ് വിഹിതം സാധാരണ ഗതിയില്‍ സാമ്പത്തിക വര്‍ഷ അവസാനത്തോടെയാണ് കൊടുത്തു തീര്‍ക്കുക.
നവംബറില്‍ തന്നെ ധനക്കമ്മി ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പൂര്‍ത്തീകരണം സംബന്ധിച്ചും സംശയം ഉയരുന്നുണ്ട്. ആഗോള സാമ്പത്തിക മാന്ദ്യം വരുന്ന വര്‍ഷം ഉണ്ടായാല്‍ അത് ഇന്ത്യയെയും സാരമായി ബാധിക്കുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഭക്ഷ്യ, വള, ഇന്ധന സബ്‌സിഡിയാണ് ധനക്കമ്മി ഇത്രയേറെ വര്‍ധിക്കാന്‍ ഇടയാക്കിയതെന്ന വാദമാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. 2022–23 ബജറ്റ് പ്രസംഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ധനക്കമ്മി 6.7 ശതമാനമെന്നത് 6.4 ശതമാനമായി കുറയ്ക്കുമെന്നായിരുന്നു ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ പ്രഖ്യാപനം.
ഇതുപ്രകാരം ധനക്കമ്മി വാര്‍ഷിക ലക്ഷ്യം 16.61 ലക്ഷം കോടിയാണ്. എന്നാല്‍ ഭക്ഷ്യ, വള, ഇന്ധന വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ച ഫോര്‍മുലകള്‍ ഫലം കണ്ടില്ല. ഇതാണ് ധനക്കമ്മി വന്‍തോതില്‍ കൂടാന്‍ ഇടയാക്കിയതെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. റഷ്യ‑ഉക്രെയ്ന്‍ യുദ്ധവും ഇന്ത്യന്‍ സമ്പദ്മേഖലയെ കാര്യമായി ബാധിച്ചതായി കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ അന്താരാഷ്ട്ര തലത്തിലെ നിരോധനങ്ങള്‍ മറികടന്ന് റഷ്യന്‍ ക്രൂഡോയിലും മറ്റ് ഇന്ധനങ്ങളും ഇറക്കുമതി ചെയ്ത് സംസ്‌കരിച്ച് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തതും സാമ്പത്തിക വിദഗ്ധര്‍ മറുപടിയായി ചൂണ്ടിക്കാട്ടുന്നു.
English Summary: Fiscal deficit is soaring
You may also like this video