പരമ്പരാഗത വള്ളങ്ങളിൽ അതിരാവിലെ മുതൽ കഷ്ടപ്പെട്ടു പിടിച്ചുകൊണ്ടുവരുന്ന മത്സ്യത്തിന് ന്യായവില കിട്ടാത്തത് മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിക്കുന്നു. അധ്വാനത്തിനൊത്ത വരുമാനം ലഭിക്കാതെ തൊഴിൽചെയ്തു വിഷമിക്കുന്നവരുടെ കഥയാണ് പരമ്പരാഗത വള്ളങ്ങളിൽ മിൻ പിടിക്കാൻ പോകുന്നവരുടെ നിലവിലെ അനുഭവം പറയുന്നത്. ട്രോളിംഗ് നിരോധന കാലയളവിൽ മത്തിയൊഴിച്ചുള്ള മത്സ്യങ്ങൾക്ക് പ്രതീക്ഷിച്ച വില ലഭിച്ചില്ലെന്നാണ് പരാതി. എന്നാൽ, കടപ്പുറത്തു തീരെ വിലകുറച്ചെടുത്ത മത്സ്യം വിപണിയിൽ തീവിലയ്ക്കാണ് വിൽക്കപ്പെടുന്നത്.
ചെറുകിട കച്ചവടക്കാർക്കും ഇടനിലക്കാർക്കുമാണ് ഇതുമൂലം നേട്ടമുണ്ടായത്. ചാകരയിലെ പ്രധാന ഇനമായ ചെമ്മീനിന്റെ വിലയിടിവാണ് ഏറെ തിരിച്ചടിയായത്. കിലോയ്ക്കു നൂറു രൂപ താഴെ വരെ മൊത്തവില ഇടിഞ്ഞു. എന്നാൽ, 250 രൂപ വെച്ചാണ് മാർക്കറ്റുകളിൽ വിൽപ്പന നടന്നത്. അതേസമയം, ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ കയറ്റുമതിക്കു അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ നിരോധനമേർപ്പെടുത്തിയതാണ് വിലയിടിയാൻ കാരണമെന്നാണ് മൊത്തവ്യാപാരികൾ പറയുന്നത്. എന്നാൽ, ഇതു ചില കുത്തകളുടെ ഒത്തുകളിയാണെന്നാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ആരോപണം. കൊഴുവ, പൊടിമീൻ തുടങ്ങിയവ കിലോയ്ക്കു 40 രൂപ വച്ചാണ് തോട്ടപ്പള്ളിയിൽ തൂക്കുന്നത്. ഇതിനും വഴിയോരത്തെ തട്ടുകളിൽ 200 രൂപ വില വച്ചാണ് വിൽപ്പന. ഏറെ പ്രതീക്ഷയോടെ പുലർച്ചെ നാലുമണിയോടെ കട്ടൻചായയും കുടിച്ച് കടലിൽ പോയി വള്ളങ്ങൾ തോട്ടപ്പള്ളി ഹാർബറിൽ എത്തുമ്പോൾ ആവശ്യക്കാർ ഇല്ലാതെ വരുന്നത് നിരാശയാണ് മത്സ്യത്തൊഴിലാളികൾക്ക് നൽകുന്നത്. ജില്ലയുടെ തീരത്തുനിന്ന് നൂറുകണക്കിന് വള്ളങ്ങളാണ് തോട്ടപ്പള്ളി ഹാർബറിൽ എത്തുന്നത്. കൂടാതെ നിരവധി പൊന്തുവലക്കാരുടെ മത്സ്യവും ഇവിടെയാണ് ലേലം ചെയ്യുന്നത്.
പതിനായിരങ്ങൾ ഇന്ധനത്തിന് ചെലവാക്കി കടലിനോട് മല്ലടിച്ച് കരയിലെത്തുമ്പോൾ കുടയും ചൂടി കരയിൽ നിൽക്കുന്നവരാണ് വില നിശ്ചയിക്കുന്നതെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ട്രോളിംഗ് നിരോധനം അവസാനിക്കാൻ ഇനി ഒരാഴ്ചയേയുള്ളു. ഇതു കഴിഞ്ഞു ബോട്ടുകൾ കടലിൽ ഇറക്കാൻ തുടങ്ങിയാൽ മീനിന്റെ വില വീണ്ടും താഴും. എന്തായാലും ചാകരയിലെ പ്രതീക്ഷകൾക്കു മങ്ങലേറ്റതിന്റെ നിരാശയിലാണ് വള്ളമുടമകൾ. ഇടനിലക്കാർ കൊള്ളലാഭമുണ്ടാക്കുമ്പോൾ തിരമാലകളോട് മല്ലടിച്ച് മത്സ്യബന്ധനം നടത്തന്ന കടലിന്റെ മക്കൾക്ക് പറയാനുള്ളത് നഷ്ടങ്ങളുടെ കണക്കു മാത്രം. ജില്ലയുടെ വടക്കൻ തീരങ്ങളായ ആറാട്ടുവഴി, അന്ധകാരനഴി, പള്ളിത്തോട്, ചാപ്പക്കടവ് എന്നിവിടങ്ങളിൽനിന്നുള്ള ചെറുതും വലുതുമായ 150 വള്ളങ്ങളാണ് ചെല്ലാനം ഹാർബറിൽ അടുക്കുന്നത്. ആദ്യമെത്തുന്ന വള്ളക്കാരുടെ മീനിന് തെറ്റില്ലാത്ത വില ലഭിക്കുന്നുണ്ടെങ്കിലും പിന്നീടെത്തുന്ന വള്ളക്കാർ ഇടനിലക്കാരാൽ ചൂഷണം ചെയ്യപ്പെടുകയാണ്.
English Summary: Fish do not get a fair price; Fishermen in despair
You may also like this video