Site icon Janayugom Online

ഫിച്ച് റേറ്റിങ്സ് റിപ്പോർട്ട്; കേരളത്തിന്റെ സാമ്പത്തികനില സുസ്ഥിരം

കേരളത്തിന്റെ സാമ്പത്തിക നില സുസ്ഥിരതയിലേക്ക് ഉയര്‍ന്നുവെന്ന് ആഗോള ധനകാര്യ സ്ഥാപനമായ ഫിച്ച് റേറ്റിങ്സ്. കഴിഞ്ഞ വർഷം കേരളത്തിന്റെ ധനസ്ഥിതി മൈനസ് വിഭാഗത്തിലായിരുന്നു ഫിച്ച് ഉള്‍പ്പെടുത്തിയിരുന്നത്.
ഇത് സംസ്ഥാനത്തിന്റെ പ്രതിരോധശേഷിയും സാമ്പത്തിക സ്ഥിരത നിലനിർത്തിക്കൊണ്ടുതന്നെ സാമ്പത്തിക വെല്ലുവിളികളെ നേരിടാനുള്ള കഴിവ് ശക്തിപ്പെടുത്തിയതായും ഫിച്ച് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ബിബി റേറ്റിങ്ങാണ് കേരളത്തിന് ലഭിച്ചിരിക്കുന്നത്. സമ്പദ്ഘടനയുടെ വിപുലീകരണം കേരളത്തിന്റെ വർധിച്ച കടബാധ്യത നികത്തുമെന്നും റേറ്റിങ് ഏജൻസി റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഗോള സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കേരളം സാമ്പത്തിക നില മെച്ചപ്പെടുത്തിയെന്ന് റിപ്പോർട്ട് അടിവരയിടുന്നു. 2027 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷം വരെ സംസ്ഥാനത്തിന് വളർച്ചയുടെ ആക്കമാണ് ഫിച്ച് പ്രവചിക്കുന്നത്. പൊതു, സര്‍ക്കാര്‍ ചെലവുകളുടെ ഗണ്യമായ വിഹിതം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ പ്രധാന ഉത്തരവാദിത്തങ്ങൾ, ബജറ്റ് കമ്മി കൈകാര്യം ചെയ്യാനുള്ള ശേഷി തുടങ്ങിയ ആറ് വ്യത്യസ്ത ഘടകങ്ങള്‍ കണക്കിലെടുത്താണ് കേരളത്തെ പ്രാദേശിക സമ്പദ്ഘടനയായി കണ്ടുള്ള ഫിച്ചിന്റെ വിലയിരുത്തല്‍.

വിപുലമായ ചെലവ് ഉത്തരവാദിത്തങ്ങളും ഗണ്യമായ അടിസ്ഥാന സൗകര്യ നിക്ഷേപങ്ങളും വേണ്ടിവരുന്നതിനാല്‍ തുടർച്ചയായ ധനക്കമ്മികളും വായ്പകളിൽ ക്രമാനുഗതമായ വർധനവും കേരളത്തിന് നേരിടേണ്ടിവരും. ദീർഘകാലാടിസ്ഥാനത്തിൽ സമ്പദ്ഘടനയിലുണ്ടാകുന്ന വളര്‍ച്ച വായ്പാഭാരത്തില്‍ സ്ഥിരത ഉറപ്പാക്കുന്നതിന് ഉപകരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Eng­lish sum­ma­ry; Fitch Rat­ings Report; Ker­ala’s econ­o­my is stable
you may also like this video;

Exit mobile version