Site iconSite icon Janayugom Online

തീര്‍പ്പാക്കാതെ കേസുകള്‍ അഞ്ച് കോടി; 30 വര്‍ഷമായി തീര്‍പ്പാകാതെ തുടരുന്നത് 71, 000

രാജ്യത്തെ വിവിധ കോടതികളിലായി തീര്‍പ്പാക്കാതെ കിടക്കുന്ന കേസുകളുടെ എണ്ണം അഞ്ച് കോടി. ഹൈക്കോടതികളില്‍ മാത്രം കഴിഞ്ഞ 30 വര്‍ഷമായി 71, 000 കേസുകള്‍ തീര്‍പ്പാകാതെ തുടരുന്നു. കീഴ്ക്കോടതികളില്‍ 1.01 ലക്ഷം കേസുകള്‍ കെട്ടിക്കിടക്കുന്നതായും സര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചു. 

ഈ മാസം 24വരെ 71,204 കേസുകളാണ് തീര്‍പ്പാകാതെ ഹൈക്കോടതികളിലുള്ളതെന്ന് കേന്ദ്ര നിയമ മന്ത്രി അര്‍ജുൻ രാം മേഘ്‌വാള്‍ സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ പറയുന്നു. ജില്ലാ കോടതികളിലും കീഴ്ക്കോടതികളിലുമായി 1,01,837 കേസുകള്‍ തീര്‍പ്പാക്കാതെയുണ്ടെന്നും അദ്ദേഹം അറിയിച്ചു. സുപ്രീം കോടതിയുള്‍പ്പെടെ രാജ്യത്താകെ 5.02 കോടി കേസുകള്‍ തീര്‍പ്പാക്കാതെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

കേസുകളുടെ സംയോജിത നിര്‍വഹണ രീതിക്കായി സുപ്രീം കോടതിയില്‍ നടപ്പാക്കിയ ഐസിഎംഐഎസ് അനുസരിച്ച് പരമോന്നത കോടതികളില്‍ മാത്രം 69,766 കേസുകള്‍ തീര്‍പ്പാക്കാതെയുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ദേശീയ ജൂഡീഷ്യല്‍ ഡേറ്റാ ഗ്രിഡ് അനുസരിച്ച് ഹൈക്കോടതികളില്‍ ജൂലൈ 14 വരെയുള്ള കണക്കനുസരിച്ച് 60,62,953 കേസുകളും കീഴ്‌കോടതികളില്‍ 4,41,35,357 കേസുകളും കെട്ടിക്കിടക്കുന്നതായും അദ്ദേഹം കൂട്ടിചേര്‍ത്തു. എന്നാല്‍ ജഡ്ജിമാരുടെ എണ്ണത്തിലെ കുറവ് മാത്രമല്ല ഇതിന് കാരണമെന്നും അടിസ്ഥാന സൗകര്യ കുറവ്, കോടതിയിലെ മറ്റ് ഉദ്യോഗസ്ഥരുടെ കുറവ്, കേസുകളുടെ കാഠിന്യം, തെളിവിന്റെ പ്രകൃതം, അന്വേഷണ ഉദ്യോഗസ്ഥര്‍, സാക്ഷികള്‍, പരാതിക്കാര്‍ തുടങ്ങിയ തല്പരകക്ഷികളുടെ നിസഹകരണം എന്നിവ ഇതിന് കാരണമാകുന്നതായും അദ്ദേഹം വ്യക്തമാക്കി. 

Eng­lish Summary:Five crore pend­ing cas­es; 71,000 which remains out­stand­ing for 30 years

You may also like this video

Exit mobile version