ശ്രീലങ്കന്‍ നാവികസേനയുടെ വെടിയേറ്റ് അഞ്ച് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ശ്രീലങ്കന്‍ ആക്ടിങ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് വിദേശകാര്യ മന്ത്രാലയം. ഡെല്‍ഫ്റ്റ് ദ്വീപിനടുത്ത് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ ശ്രീലങ്കന്‍ സേന വെടിയുതിര്‍ത്തതായും 13 പേര്‍ പിടിയിലായതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചിരുന്നു. രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ ജാഫ്നയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മത്സ്യതൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മനുഷത്വപരമായി പരിഗണിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് ഇന്ത്യ ഊന്നല്‍ നല്‍കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. രാജ്യങ്ങള്‍ തമ്മില്‍ ബലപ്രയോഗം സ്വീകാര്യമല്ലെന്നും നിലവിലുള്ള ധാരണകള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മിഷനും ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയത്തെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ജാഫ്നയിലെ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ പരിക്കേറ്റ മത്സ്യത്തൊഴിലാളികളെ ആശുപത്രിയിലെത്തി സന്ദർശിച്ചു.

