Site iconSite icon Janayugom Online

ഐടി മേഖലയിൽ അഞ്ച് ലക്ഷം തൊഴിൽ സൃഷ്ടിക്കും: മുഖ്യമന്ത്രി

വിവര സാങ്കേതിക മേഖലയിൽ 2031നകം അഞ്ച് ലക്ഷം തൊഴിൽ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ ഐ. ടി വിപണിയുടെ പത്തു % കേരളത്തിന്റേതാകണമെന്നും ഇതിനുതകുന്ന തരത്തിൽ ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകളുടെ എണ്ണം 120ലെത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിഷൻ 2031 ന്റെഭാഗമായി ഇലക്ട്രോണിക്സ് ആൻഡ് ഐടി വകുപ്പ് സംഘടിപ്പിച്ച “റീകോഡ് കേരള 2025 ഐടി സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തെ ഐടി സ്ഥലസൗകര്യം മൂന്ന് കോടി ചതുരശ്ര അടിയായി വർധിപ്പിക്കണം. ഭൂമിലഭ്യതയിലുള്ള പരിമിതി കണക്കിലെടുത്ത് ഐടി മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ലാൻഡ് പൂളിംഗ് മാതൃകയിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡാറ്റ സെന്ററുകൾ, ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ സൈറ്റുകൾ, സാറ്റലൈറ്റ് ഐടി പാർക്കുകൾ എന്നിവ സംസ്ഥാനത്ത് ഉണ്ടാകണം. ഊർജ വിനിയോഗം, നിർമാണം തുടങ്ങിയ മേഖലകളിൽ സുസ്ഥിര വികസന മാതൃകകൾ പിന്തുടരണം. ഐടി രംഗത്ത് നൈപുണ്യം സിദ്ധിച്ച പത്ത് ലക്ഷം യുവജനങ്ങളെ വാർത്തെടുക്കുക, അഞ്ച് ലക്ഷം ഉന്നത തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകളിൽ രണ്ട് ലക്ഷം പേർക്ക് തൊഴിൽ എന്നിവ സാധ്യമാകുന്ന വിധത്തിൽ, വ്യത്യസ്തങ്ങളായ സ്ഥാപനങ്ങൾക്ക് രൂപം നൽകാനാകണം. കേരള ഫ്യൂച്ചർ ടെക്നോളജി മിഷൻ, കേരള സെമികോൺ മിഷൻ, കേരള എ ഐ മിഷൻ തുടങ്ങിയ സ്ഥാപനങ്ങൾക്ക് രൂപം നൽകണമെന്ന നിര്‍ദേശം പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

സെമികണ്ടക്ടർ മേഖലയിലെ മുന്നേറ്റങ്ങളുടെ ഗുണഫലങ്ങൾ ഉപയോഗപ്പെടുത്താൻ ഈ മേഖലയിലെ ഗവേഷണത്തിന് പ്രാധാന്യം നൽകണം. കൊച്ചിയിലെ മേക്കർ വില്ലേജ്, രാജ്യത്ത് തന്നെ ഏറ്റവും വലിയ ഹാർഡ്വെയർ ഇൻക്യുബേറ്ററായി മാറിയിട്ടുണ്ട്. വയനാട്, കണ്ണൂർ, പാലക്കാട്, ആലപ്പുഴ, തൃശൂർ, കോട്ടയം എന്നിവിടങ്ങളിൽ പ്രാദേശിക ഇൻക്യുബേഷൻ, ഗവേഷണ വികസന കേന്ദ്രങ്ങൾ ഉൾപ്പെടുത്തി, മേക്കർ വില്ലേജ് 2.0 പദ്ധതിക്ക് രൂപം നൽകും. നിർമ്മിത ബുദ്ധി മേഖലയിൽ, സംസ്ഥാനത്തെ ആഗോള ശ്രദ്ധാ കേന്ദ്രമാക്കുന്നതിനും സർക്കാർ ലക്ഷ്യമിടുന്നു. ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷനായി. എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനിൽ ഇൻഫോപാർക്കിന്റെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്ന പ്രീമിയം കോ വർക്കിംഗ് സ്പേസ് ‘ഐ ബൈ ഇൻഫോപാർക്കി’ ന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചു.

Exit mobile version