Site icon Janayugom Online

അരുണ്‍കുമാര്‍ ഒരുക്കിയ ഇടുക്കി ആര്‍ച്ച് ഡാമിന് അഞ്ച് ഷട്ടര്‍

dam

ഇടുക്കി ആര്‍ച്ച് ഡാം ഇനി അരുണ്‍കുമാറിന്റെ വീട്ടുമുറ്റത്തും കാണാം. കട്ടപ്പന നരിയന്‍പാറ സ്വദേശി മുത്തേടത്ത്പറമ്പില്‍ അരുണ്‍കുമാര്‍ പുരുക്ഷോത്തമന്‍ (38) തന്റെ വീടിന്റെ മുമ്പിലാണ് ഇടുക്കി ഡാമിന്റെ ചെറിയ മാതൃക നിര്‍മ്മിച്ചിരിക്കുന്നത്. കുറവന്‍— കുറത്തി മലകളെ ബന്ധിപ്പിച്ചുകൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ഈ ആര്‍ച്ച് ഡാമിന് അഞ്ച് ഷട്ടര്‍ ഉണ്ടെന്ന പ്രത്യേകതയും ഉണ്ട്. യഥാര്‍ത്ഥ ആര്‍ച്ച് ഡാമിന് ഷട്ടറുകള്‍ യാതൊന്നും ഇല്ല. ചെറുതോണി ഡാമിനാണ് ഷട്ടറുകള്‍ ഉള്ളത്.

ഡാം മാത്രമല്ല സമീപപ്രദേശങ്ങളും അതേപോലെ നിര്‍മ്മിച്ചിട്ടുണ്ട്. ഡാമിനോട് ചേര്‍ന്ന് ഒരു പവര്‍ ഹൗസും കാണുവാന്‍ സാധിക്കും. സ്വിച്ചിട്ടാല്‍ ഡാമിന്റെ ഷട്ടര്‍ വൈദ്യതി സഹായത്താല്‍ തനിയെ ഉയരുകയും താഴുകയും ചെയ്യും. ഈ വൈദ്യതി ഉല്‍പ്പാദിക്കുന്നത് വെള്ളത്തിന്റെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന ആര്‍മേച്ചര്‍ ഉല്‍പ്പാദിപ്പിക്കുന്ന ചെറിയ വൈദ്യുതി ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
ഇടുക്കി മെഡിക്കല്‍ കോളേജിലെ നേഴ്‌സിംഗ് ഓഫീസറായി ജോലി ചെയ്യുന്ന അരുണ്‍കുമാര്‍ എന്നും കാണുന്ന കാഴ്ചയാണ് ചെറുതോണി ഡാം. അതിന്റെ മനോഹാരിത മനസ്സിനെ വല്ലാതെ ആഴത്തില്‍ പതിഞ്ഞിരുന്നു.

പിതാവായ പുരുക്ഷോത്തന്‍ ആശാരിപണി ചെയ്യുന്നതിനാല്‍ അരുണിന് ചെറുപ്പകാലം മുതല്‍ നിരവധി വസ്തുക്കള്‍ നിര്‍മ്മിക്കുവാന്‍ പ്രത്യേക കരവിരുത് കാട്ടിയിരുന്നു. പുതിയ വീട് പണിതപ്പോള്‍ ഗയിറ്റിനോട് ചേര്‍ന്ന് കുറച്ച് സ്ഥലം വെറുതെ കിടന്നിരുന്നു. ഇവിടെ ആദ്യം പൂന്തോട്ടം നിര്‍മ്മിക്കുവാന്‍ പദ്ധതിയിട്ടെങ്കിലും പിന്നീട് ഇടുക്കി ആര്‍ച്ച് ഡാമിന്റെ മറ്റൊരു പതിപ്പ് നിര്‍മ്മിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. 40 ചതുരശ്രമീറ്റര്‍ സ്ഥലത്ത് രണ്ടര അടി ഉയരത്തില്‍ കോണ്‍ക്രീറ്റുകൊണ്ട് ഇടുക്കി ഡാമും പരിസരപ്രദേശങ്ങളും അടങ്ങുന്ന മാതൃക നിര്‍മ്മിച്ചിരിക്കുന്നത്.

ഡാമിലെ വെള്ളത്തില്‍ ഗപ്പി മീനുകളെ വളര്‍ത്തുന്നുമുണ്ട്. മഴക്കാലത്ത് വെള്ളം ഉയരുമ്പോള്‍ ഷട്ടര്‍ ഉയര്‍ത്തിയും അല്ലാതെയും വെള്ളം പുറത്തേയ്ക്ക് ഒഴുക്കി കളയാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഡാമിന്റെ മുമ്പില്‍ പ്രത്യേകം സജ്ജികരിച്ചിരിക്കുന്ന സ്ഥലത്ത് കെട്ടികിടക്കുന്ന വെള്ളം തിരികെ ഡാമിലേയ്ക്ക് എത്തിക്കുവാന്‍ ചെറിയ ഡിസി പമ്പും സ്ഥാപിച്ചിട്ടുണ്ട്. ഡാം നിര്‍മ്മിച്ചതോടെ നിരവധി ആളുകളാണ് ഈ മാതൃക കാണുവാന്‍ എത്തുന്നത്. ഭാര്യ ആര്യ കെ ചന്ദ്രന്‍ ഇടുക്കി മെഡിക്കല്‍ കോളേജിലെ നേഴ്‌സിംഗ് ഓഫീസറായി പ്രവര്‍ത്തിക്കുന്നു.മാതാവ് : പുഷ്പ. മക്കള്‍ : മാധവ് കൃഷ്ണ, കേശിനി കൃഷ്ണ, ശ്രേഷ്ഠലക്ഷ്മി.

Eng­lish Sum­ma­ry: Five shut­ters for Iduk­ki Arch Dam designed by Arunkumar

You may also like this video

Exit mobile version