Site iconSite icon Janayugom Online

അഞ്ച് വർഷത്തെ ഉപരോധത്തിന് വിരാമം; ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കും

ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ, വർദ്ധിച്ചുവരുന്ന വ്യാപാര അനിശ്ചിതത്വങ്ങൾക്കിടയിൽ രാഷ്ട്രീയ ബന്ധം പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നതിനിടെ, അഞ്ച് വർഷത്തിലേറെ ദൈർഘ്യമുള്ള ഇടവേളയ്ക്ക് ശേഷം ഇന്ത്യയും ചൈനയും നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഒരുങ്ങുന്നു. 

ടിയാൻജിനിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി പ്രഖ്യാപിച്ചത്. വിമാന സർവീസുകൾ എപ്പോൾ പുനരാരംഭിക്കുമെന്നതിനെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. 

ഏഴ് വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ ചൈന സന്ദർശനമാണിത്. 

യുഎസിൻറെ തീരുവ പ്രഖ്യാപനം സാമ്പത്തിക അനിശ്ചിതത്വങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന സമയം, എതിരാളികളായിരുന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള ഈ കൂടിച്ചേരൽ നയതന്ത്ര ബന്ധങ്ങൾക്ക് ആക്കം കൂട്ടുന്നതാണ്. 

നേരത്തെ, ഈ മാസം ആദ്യം ഇന്ത്യയിലെയും ചൈനയിലെയും വിദേശകാര്യമന്ത്രിമാർ തമ്മിൽ ന്യൂഡൽഹിയിൽ വച്ച് നടത്തിയ കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും സുഗമമാക്കാൻ തീരുമാനിച്ചിരുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ അനുമതി ലഭിച്ചാൽ ഇരു രാജ്യങ്ങൾക്കുമിടയിലെ വിമാന സർവീസ് ആരംഭിക്കാൻ സന്നദ്ധത അറിയിച്ചിരുന്നതാണ്. എയർഇന്ത്യയും ഈ റൂട്ടുകളിലേക്ക് വിമാന സർവീസുകൾ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ്.

കോവിഡ് 19മായി ബന്ധപ്പെട്ടാണ് ഇന്ത്യയിലെയും ചൈനയിലെയും നേരിട്ടുള്ള വിമാന സർവീസുകൾ നിർത്തിവച്ചത്. തുടർന്ന് 2020ഓടെ അതിർത്തി സംഘർഷത്തെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതോടെ വിമാന സർവീസുകൾ പുനരാരംഭിക്കാൻ കഴിഞ്ഞില്ല. ഇരു രാജ്യങ്ങളിലെയും യാത്രക്കാർ നിലവിൽ സിംഗപ്പൂർ, അല്ലെങ്കിഷ ഹോംകോങ് ഹബുകളെ ആശ്രയിച്ചാണ് യാത്ര നടത്തുന്നത്. 

ഉപരോധത്തിന് മുൻപ് എയർ ഇന്ത്യയെയും ഇൻഡിഗോയെയും കൂടാതെ എയർ ചൈന, ചൈന സതേൺ, ചൈന ഈസ്റ്റേൺ, തുടങ്ങിയ വിമാനക്കമ്പനികളും ഇരു രാജ്യങ്ങൾക്കിടയിലെ പ്രധാന നഗരങ്ങളിൽ സർവീസ് നടത്തിയിരുന്നു.

കഴിഞ്ഞ ജൂലൈയിൽ ചൈനീസ് പൌരന്മാർക്ക് ഇന്ത്യ ടൂറിസ്റ്റ് വിസ അനുവദിച്ചിരുന്നു. 

ജനുവരിയിലും ജൂണിലും നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഇന്ത്യയും ചൈനയും ആദ്യം സമ്മതിച്ചിരുന്നുവെങ്കിലും പുരോഗതി മന്ദഗതിയിലായിരുന്നു.

Exit mobile version