Site iconSite icon Janayugom Online

ടെന്‍ഡര്‍ നടപടിക്രമത്തിലെ ന്യൂനത; മേക്ക് ഇന്‍ ഇന്ത്യ അവതാളത്തില്‍

2014ല്‍ രാജ്യത്തെ ഉല്പാദന സ്വയംപര്യാപ്തമാക്കാന്‍ ലക്ഷ്യമിട്ട് മോഡി സര്‍ക്കാര്‍ ആവിഷ്കരിച്ച മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ വന്‍ തിരിച്ചടി. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ 64,000 കോടി രൂപ വിലമതിക്കുന്ന 3,500ഓളം വന്‍കിട ടെന്‍ഡറുകളാണ് സര്‍ക്കാര്‍ നൂലാമാലകളില്‍ കുടുങ്ങിക്കിടക്കുന്നത്. ആഭ്യന്തര വിതരണക്കാരെ ഒഴിവാക്കി വിദേശ ബന്ധമുള്ള കമ്പനികളുടെ ഉല്പന്നം സംഭരിക്കാനുള്ള തീരുമാനവും പ്രഖ്യാപിത പദ്ധതി ലക്ഷ്യം ഏറെ വിദൂരത്തിലാക്കി.
വിവിധ കേന്ദ്ര മന്ത്രാലയങ്ങള്‍ നിര്‍ദേശിച്ച ടെന്‍ഡറുകളാണ് മേക്ക് ഇന്‍ ഇന്ത്യ നോഡല്‍ ഏജന്‍സി നയത്തിന് വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ഉപേക്ഷിക്കപ്പെട്ടത്. മേക്ക് ഇന്‍ ഇന്ത്യ നടത്തിപ്പുകാരായ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്റ് ഇന്റേണല്‍ ട്രേഡ് (ഡിപിഐഐടി) ചട്ടങ്ങളും നയങ്ങളും പാലിച്ചില്ലെന്ന് കാട്ടിയാണ് കോടികളുടെ ടെന്‍ഡര്‍ നടപടികള്‍ റദ്ദാക്കിയത്. 

ആഭ്യന്തരമായി നിര്‍മ്മിക്കുന്ന ഉല്പന്നങ്ങള്‍ സംഭരിച്ച് മേക്ക് ഇന്‍ ഇന്ത്യ എന്ന ബ്രാന്‍ഡില്‍ വിപണിയിലെത്തിക്കാനുള്ള മോഡി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയാണ് ഇതോടെ പാതിവഴിയില്‍ കാലിടറി വീണത്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതി അനുസരിച്ച് നിര്‍മ്മിക്കുന്ന ഉല്പന്നങ്ങള്‍ സംഭരിക്കുന്നതില്‍ ആഭ്യന്തര വിതരണക്കാരോട് വിവേചനം കാണിക്കുന്നതായ ആരോപണവും പദ്ധതിക്ക് പ്രധാന വിലങ്ങ് തടിയായി. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ വിവിധ മന്ത്രാലയങ്ങള്‍ ടെന്‍ഡര്‍ ചെയ്ത 64,000 കോടി രൂപയുടെ കരാറാണ് പൂവണിയാതെ അവശേഷിക്കുന്നത്. ലിഫ്റ്റ് മുതല്‍ സിസിടിവി കാമറ, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയ ഉല്പന്നങ്ങള്‍ തദ്ദേശീയമായി നിര്‍മ്മിച്ച് ചൈനീസ് ഉല്പന്നങ്ങളുടെ രാജ്യത്തേക്കുള്ള ഒഴുക്ക് നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടാണ് മേക്ക് ഇന്‍ ഇന്ത്യ പദ്ധതി ആവിഷ്കരിച്ചത്. എന്നാല്‍ ടെന്‍ഡര്‍ നടപടിക്രമത്തിലെ ചട്ടങ്ങളും നിയമങ്ങളും പദ്ധതിക്ക് അന്ത്യകൂദാശ ചൊല്ലുന്ന തരത്തിലേക്ക് മാറി. 

ആഭ്യന്തര നിര്‍മ്മാണ കമ്പനികളെ പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വിദേശ കമ്പനികളുടെ ലാഭം വര്‍ധിപ്പിക്കുന്ന നിലയിലേക്ക് വഴുതി മാറിയതും പദ്ധതിയോടുള്ള ആഭ്യന്തര കമ്പനികളുടെ അപ്രീതിക്ക് ഇടവരുത്തി. ചില വിദേശ നിര്‍മ്മാണ കമ്പനികള്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ കരാറിനായി അപേക്ഷ സമര്‍പ്പിച്ചുവെന്ന് വിവിധ മന്ത്രാലയങ്ങള്‍ തന്നെ വെളിപ്പെടുത്തിയത് തകര്‍ച്ചയുടെ ആക്കം വര്‍ധിപ്പിച്ചു. ഡിപിഐഐടി 2023 ഫെബ്രുവരിയില്‍ 1750 ല്‍ 936 ടെന്‍ഡറുകളും നിര്‍ദിഷ്ട മാനദണ്ഡം പാലിച്ചില്ലെന്ന് കാട്ടി നിരസിച്ചിരുന്നു. 53,355 കോടി രൂപയുടെ കരാറായിരുന്നു ഈ പദ്ധതികളുടെ അടങ്കല്‍ മൂല്യം. ബാക്കിയുള്ള 706 കരാറില്‍ യാതൊരു മറുപടി നാളിതുവരെ ലഭിച്ചിട്ടില്ലെന്നും ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

2024 നവംബറില്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ പത്താം വര്‍ഷികത്തില്‍ ബൃഹദ് പദ്ധതികളുടെ ടെന്‍ഡര്‍ ചട്ടങ്ങളും നയങ്ങളും 2017ലെ ഉത്തരവുമായി താരതമ്യം ചെയ്യാന്‍ ആവില്ലെന്ന കാരണം നിരത്തി ഡിപിഐഐടി തള്ളിക്കളഞ്ഞിരുന്നു. പദ്ധതിയുടെ ആരംഭ കാലത്ത് ആഭ്യന്തര കമ്പനികള്‍ പ്രതീക്ഷയോടെ രംഗപ്രവേശം ചെയ്തുവെങ്കിലും കരാര്‍ നടപടികളിലെ സങ്കീര്‍ണത കാരണം പല സ്ഥാപനങ്ങളും പദ്ധതിയോട് മുഖംതിരിച്ചു. ഇതോടെ മറ്റൊരു നടക്കാത്ത സ്വപ്നമായി മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയും മാറി. 

Exit mobile version