Site iconSite icon Janayugom Online

അസമില്‍ വീണ്ടും പ്രളയം; രണ്ട് മരണം, 22,000 പേരെ മാറ്റിപ്പാർപ്പിച്ചു

ജൂണിൽ അവസാനിച്ച പ്രളയത്തിന് പിന്നാലെ അസമിൽ വീണ്ടും മഴ ശക്തമായി. കഴിഞ്ഞ മൂന്ന് ദിവസമായി പെയ്യുന്ന പേമാരിയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ രണ്ട് പേർ മരിച്ചു. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ഗോലാഘട്ട് ജില്ലയിൽ നിന്നാണ് രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തത്. തെക്കൻ അസമിലെ ബരാക്, കുഷിയാര നദികൾ കരകവിഞ്ഞൊഴുകിയതോടെ 22,000ത്തിലധികം പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. ബരാക്, കുഷിയാര എന്നിവ കൂടാതെ സംസ്ഥാനത്തെ മറ്റ് പ്രധാന നദികളായ ദിഖൗ, ദിസാംങ്ങ്, ധൻസിരി ഉൾപ്പെടെ ബ്രഹ്മപുത്രയുടെ പോഷകനദികളും കരകവിഞ്ഞൊഴുകുന്നത് പ്രളയക്കെടുതിക്ക് ആക്കം കൂട്ടി.

നോർത്ത് ഈസ്റ്റേൺ ഇലക്ട്രിക് പവർ കോർപറേഷൻ ലിമിറ്റഡ് ഡോയോംങ് ജലവൈദ്യുത പദ്ധതിയിൽ നിന്ന് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടത് പ്രളയത്തിൻ്റെ തോത് വർധിപ്പിച്ചു. ഇതുവരെ 4,548 ഗ്രാമങ്ങളിലെ ആളുകളെ പ്രളയം ബാധിച്ചിട്ടുണ്ട്. ദുരന്തബാധിതർക്കായി 15 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. പ്രളയം ബാധിച്ച അസമിലെ വിവിധ ഭാഗങ്ങളിൽ ദേശീയ ദുരന്ത നിവാരണ സേന രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. നിരവധി ആളുകളെയും കന്നുകാലികളെയും പ്രളയ ബാധിത പ്രദേശങ്ങളിൽ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

Exit mobile version