Site iconSite icon Janayugom Online

ഹിമാചൽ പ്രദേശിലെ പ്രളയം; മരണസംഖ്യ 6 ആയി

ഹിമാചൽപ്രദേശിലെ കാൻഗ്ര ജില്ലയിലുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 6 ആയി. ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തിയതോടെയാണിത്. ഖനിയാര ഗ്രാമത്തിലെ മനുനി ഖാദ് മേഖലയിലുള്ള ജനവൈദ്യുത പദ്ധതി പ്രദേശത്തിനടുത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അതിശക്തമായ മഴ രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമായി. അതിനാൽ കാണാതായ രണ്ട് പേർക്ക് വേണ്ടിയുള്ള തെരച്ചിൽ നാളത്തേക്ക് മാറ്റിയിരിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേന(NDRF), സംസ്ഥാന ദുരന്ത നിവാരണ സേന(SDRF), പൊലീസ്, ഹോംഗാർഡ് എന്നിവർ സംയുക്തമായാണ് രക്ഷാപ്രവർത്തനങ്ങളും തെരച്ചിലും നടത്തുന്നത്. വ്യാഴാഴ്ച നടത്തിയ രക്ഷാ പ്രവർത്തനത്തിൽ പദ്ധതി പ്രദേശത്തിന് സമീപമുള്ള വനത്തിൽ നിന്നും ലൌലി എന്നയാളെ രക്ഷാപ്രവർത്തകർ കണ്ടെത്തിയിരുന്നു. 13 തൊഴിലാളികളാണ് ക്യാംപിലുണ്ടായിരുന്നതെന്നും അതിൽ 5 പേർ 5 അടുത്തുള്ള കുന്നുകളിലേക്ക് ഓടിയെന്നും മറ്റുള്ളവർ മഴവെള്ളപാച്ചിലിൽ ഒഴുകിപ്പോയെന്നും ലൌലി പറഞ്ഞു. 

ശക്തമായ മഴ മൂലം പദ്ധതി പ്രവർത്തനങ്ങൾ നിർത്തിവച്ചിരുന്നതിനാൽ തൊഴിലാളികൾ പദ്ധതി പ്രദേശത്തിനടുത്ത് തന്നെയുള്ള താല്ക്കാലിക ഷെഡുകളിൽ വിശ്രമിക്കുകയായിരുന്നുവെന്നും മനുനി ഖാദിൽ നിന്നും സമീപത്തെ ഓടകളിൽ നിന്നും ഉണ്ടായ മഴവെള്ളപാച്ചിലിൽ ഇവരിൽ പലരും ഒഴുകിപ്പോകുകയായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. 

ഹിമാചൽ പ്രദേശിലെ കാൻഗ്ര, കുളു മേഖലകളിൽ ബുധനാഴ്ചയുണ്ടായ മേഘവിസ്ഫോടനത്തിലും വെള്ളപ്പൊക്കത്തിലും അഞ്ച് പേരെയാണ് കാണാതായത്. മേഘവിസ്ഫോടനത്തെത്തുടർന്ന് കുളു ജില്ലയിലെ റഹ്ല ബിഹാലിൽ കാണാതായ മൂന്ന് പേർക്കായി ഇപ്പോഴും തെരച്ചിൽ നടക്കുകയാണ്. 

Exit mobile version