രാജ്യത്ത് ഭക്ഷ്യവിലക്കയറ്റം കുതിച്ചുയര്‍ന്നതോടെ ജീവിത ചെലവ് താങ്ങാനാവാതെ നെട്ടോട്ടമോടി ജനങ്ങള്‍. ജീവിത ചെലവ് കുത്തനെ വര്‍ധിച്ചതോടെ 40 ശതമാനം ജനങ്ങളും രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കടുത്ത യാതന അനുഭവിക്കുകയാണ്. വോയിസ് ഓഫ് ദി കണ്‍സ്യൂമര്‍ 2025 ഇന്ത്യന്‍ പെര്‍സ്പെക്ടീവ് എന്ന പേരില്‍ പ്യൂ റിസര്‍ച്ച് ഗ്രൂപ്പ് പുറത്ത് വിട്ട രേഖയിലാണ് മോഡി ഭരണത്തില്‍ ഭക്ഷ്യവിലക്കയറ്റം കാരണം ജനങ്ങള്‍ ദുരിതം പേറുന്നതായി ചൂണ്ടിക്കാട്ടുന്നത്.
32 ശതമാനം ഉപഭോക്താക്കള്‍ സാമ്പത്തിക പ്രയാസം നേരിടുന്നുണ്ടെന്ന് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏഴ് ശതമാനം പേര്‍ സാമ്പത്തികമായി സുരക്ഷിതരല്ലെന്നും ബില്ലുകൾ അടയ്ക്കാൻ ബുദ്ധിമുട്ടുന്നതായും ചൂണ്ടിക്കാട്ടി. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഏറ്റവും വലിയ ആഘാതം ഉണ്ടാകാന്‍ സാധ്യതയുള്ളത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, അധികരിച്ച ബില്ലുകള്‍ എന്നിവയാണെന്ന് സര്‍വേയില്‍ പങ്കെടുത്ത 57 ശതമാനം പേരും അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ കാലാവസ്ഥാ വ്യതിയാനം കാരണം ഭക്ഷ്യക്ഷാമം രൂക്ഷമായിരുന്നത് ഉപഭോക്താക്കളെ പ്രതികൂലമായി ബാധിച്ചിരുന്നു. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷം ജീവിത ചെലവ് കുതിച്ചുയര്‍ന്നതാണ് സാധാരണ ജനങ്ങളെ വലയ്ക്കുന്നത്. രൂക്ഷമായ വിലക്കയറ്റത്തിന്റെ ഫലമായി പണം ലാഭിക്കുന്ന മാര്‍ഗത്തിലേക്ക് ജനങ്ങള്‍ ചുവട് മാറ്റം നടത്തി. ഇതിന് ആനുപാതികമായി ഭക്ഷണ ശീലം മാറ്റുകയും, വാങ്ങല്‍ശേഷി ചുരുക്കുകയും ചെയ്തു.
2025 ജനുവരിക്കും ഫെബ്രുവരിക്കും ഇടയില്‍ ആഗോളതലത്തില്‍ 21,075 പേരിലാണ് പ്യൂ സര്‍വേ നടത്തിയത്. 2 രാജ്യങ്ങളിലായി നടത്തിയ പഠനത്തില്‍ ഇന്ത്യയില്‍ നിന്ന് 1,031 പേരാണ് അഭിപ്രായം പങ്കുവെച്ചത്. ഉപഭോക്തൃ ഭക്ഷ്യ ഉപഭോഗവും പ്രവണതകളും, പലചരക്ക് വാങ്ങലും ഭക്ഷണ തെരഞ്ഞെടുപ്പ്ം, ആരോഗ്യത്തിന്റെ ഭാവി, കാലാവസ്ഥ സുസ്ഥിര പ്രശ്നങ്ങള്‍ എന്നിവയായിരുന്നു പ്രധാന ചോദ്യങ്ങള്‍. വര്‍ധിച്ച ജീവിതച്ചെലവ് ജനങ്ങളുടെ ജീവിതം പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ജീവിത ചെലവ് കാരണം ഗാർഹിക സമ്പാദ്യം നാല് വർഷം മുമ്പുള്ളതിനേക്കാൾ കുറവാണ്. എന്നാല്‍ ബാധ്യതകൾ വർധിച്ചതായി പ്യൂ ഇന്ത്യ റീട്ടെയില്‍ ആന്റ് കണ്‍സ്യൂമര്‍ മാര്‍ക്കറ്റ് ലീഡ് ഡയറക്ടര്‍ ഹിതാൻഷു ഗാന്ധി പ്രതികരിച്ചു. നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എന്‍സിപിഐ) മർച്ചന്റ് കാറ്റഗറി തിരിച്ചുള്ള യൂണിഫൈഡ് പേയ്‌മെന്റ്സ് ഇന്റർഫേസ് (യുപിഐ) ഇടപാടുകളെ ഉദ്ധരിച്ച് ഉയർന്ന കടം തിരിച്ചടവ് കുടുംബങ്ങളിൽ വളരെ വലിയ സമ്മർദ്ദം പ്രതിഫലിപ്പിക്കുന്നുവെന്നും ഹിതാന്‍ഷു ഗാന്ധി പറഞ്ഞു.
2025–26 സാമ്പത്തിക വർഷത്തിലെ ആദ്യ നാല് മാസങ്ങളിലെ മൊത്തം യുപിഐ പേയ്‌മെന്റുകളുടെ 3.5 ലക്ഷം കോടി രൂപ കടം പിരിച്ചെടുക്കൽ ഇടപാട് വഴിയായിരുന്നുവെന്ന പ്യൂ വെളിപ്പെടുത്തല്‍ ജീവിത ചെലവ് വര്‍ധിച്ചതിന്റെ നേര്‍ ചിത്രമാണ് വെളിപ്പെടുത്തുന്നത്.
ഭക്ഷ്യവിലക്കയറ്റം; ജീവിത ചെലവ് കുതിക്കുന്നു

