Site iconSite icon Janayugom Online

പൊതുവിതരണം ശക്തിപ്പെടുത്തി ഭക്ഷ്യഭദ്രത സാധ്യമാക്കും: മുഖ്യമന്ത്രി

അതിദരിദ്ര കുടുംബങ്ങളിൽ മുൻഗണനാ റേഷൻ കാർഡുകൾ ലഭിക്കാതെ പോയവരുണ്ടെങ്കിൽ അക്കാര്യം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉടനെ ശ്രദ്ധയിൽപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നൂറു ദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി അരലക്ഷം മുൻഗണനാ കാർഡുകൾ വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2,89,860 മുൻഗണനാ കാർഡുകൾ ഈ സർക്കാരിന്റെ കാലത്ത് വിതരണം ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു. അനർഹർ കൈവശം വച്ച ഒന്നേമുക്കാൽ ലക്ഷം കാർഡുകൾ സറണ്ടർ ചെയ്യുകയുണ്ടായി. പിഴയോ ശിക്ഷയോ ചുമത്താതെ തന്നെയാണ് അനർഹർ അവർ കൈവശം വച്ചിരുന്ന മുൻഗണനാ കാർഡുകൾ തിരികെ ഏല്പിച്ചത്. ഈ കാർഡുകൾ അർഹരായവർക്ക് കൈമാറി. ഇതിനുപുറമേ 3,34,431 പുതിയ റേഷൻ കാർഡുകളും വിതരണം ചെയ്യാൻ സാധിച്ചു. ഇതൊക്കെ പൊതുവിതരണസമ്പ്രദായം ശക്തിപ്പെടുത്തി ഭക്ഷ്യഭദ്രതയിലേക്ക് നാടിനെ നയിക്കാൻ സഹായിക്കുന്ന നടപടികളാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ചടങ്ങിൽ ഭക്ഷ്യ മന്ത്രി ജി ആർ അനിൽ അധ്യക്ഷനായി. ഇനി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കണ്ടെത്തി സമർപ്പിക്കാനുള്ള അതിദാരിദ്ര്യ കുടുംബങ്ങളുടെ അപേക്ഷ ഒഴികെ ബാക്കി എല്ലാ അതിദാരിദ്ര്യ കുടുംബങ്ങൾക്കും മുൻഗണനാ റേഷൻ കാർഡുകൾ അനുവദിച്ചു കഴിഞ്ഞതായി അദ്ദേഹം അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. 73,278 മുൻഗണനാ റേഷൻ കാർഡിനുള്ള അപേക്ഷകൾ പരിശോധിച്ചതിലാണ് 50,461 പേരെ സംസ്ഥാന അടിസ്ഥാനത്തിൽ അർഹതയുള്ളതായി കണ്ടെത്തിയത്. കേന്ദ്ര സർക്കാരിന്റെ പല നിലപാടുകളും കേരളത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. എങ്കിലും ജനക്ഷേമ പ്രവർത്തനങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണെന്നും മന്ത്രി പറഞ്ഞു. കേരള റേഷൻ വ്യാപാരികളുടെ ക്ഷേമനിധി ബോർഡിന്റെ ഔദ്യോഗിക വെബ് പോർട്ടൽ ഗതാഗതമന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, റേഷനിങ് കൺട്രോളർ മനോജ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Eng­lish Summary;Food secu­ri­ty will be made pos­si­ble by strength­en­ing pub­lic dis­tri­b­u­tion: Chief Minister
You may also like this video

Exit mobile version