ഒരു റൂട്ടിൽ സ്ഥിരമായി കെഎസ്ആർടിസി ബസ്സിൽ സഞ്ചരിക്കുന്ന യാത്രക്കാരുടെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിന്റെ പേരാണ് ‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’.അധികംപേരും കിളിത്തട്ടിൽ ക്ഷേത്രം കിഴക്കേകോട്ട എന്ന ബസ്സിലെ യാത്രക്കാരാണ്. വൈകിട്ട് ഈ ബസ് തിരിക്കുന്നത് സെക്രട്ടറിയേറ്റിന് പിന്നിലെ പ്രസ് ക്ലബ് റോഡിൽ നിന്നും കിളിത്തട്ടിൽ ക്ഷേത്രം വഴി മംഗലാപുരത്തേക്കാണ്.
സെക്രട്ടറിയേറ്റ് ജീവനക്കാരാണു് ഗ്രൂപ്പിൽ കൂടുതൽ എങ്കിലും മറ്റു പല ഓഫീസുകളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന വരും ഈ ഗ്രൂപ്പിലെ അംഗങ്ങളാണ്.എഴുപതോളം യാത്രക്കാരുണ്ടു് ഗ്രൂപ്പിൽ.
രാവിലെ കിളിത്തട്ടിൽ ക്ഷേത്രത്തിൽ നിന്നും ബസ് തിരിക്കുമ്പോൾ ആദ്യം കയറുന്നവർ ബസ് എത്തിയെന്നും, ബസ്സ് തിരിച്ചു എന്ന് മെസ്സേജ് ഇടും. തുടർന്ന് പോത്തൻകോട്, കാട്ടായിക്കോണം, ചെമ്പഴന്തി, ശ്രീകാര്യം എന്നിങ്ങനെ ഓരോ സ്റ്റോപ്പിൽ നിന്നും ബസ്സിൽ കയറുന്നവർ മെസ്സേജുകളിടും. അതിനനുസരിച്ച് സമയം ക്രമീകരിച്ചു മറ്റുള്ളവർക്ക്
എത്താനുള്ള അറിയിപ്പാണത്. ഏതെങ്കിലും ദിവസം ഈ ബസ് വന്നില്ലെങ്കിലും ഇതേസമയം പകരം മറ്റേതെങ്കിലും ബസ് വരുന്നുണ്ടെങ്കിലും കയറുന്നവർ അപ്പപ്പോൾ മെസ്സേജിടും.
ബസ്സിൽ സഞ്ചരിക്കാൻ പുതിയതായി എത്തുന്ന സ്ഥിരയാത്രക്കാരെ ഗ്രൂപ്പിൽ ഉൾപ്പെടുത്തുകയും സ്ഥലംമാറിയും മറ്റും പോകുന്ന വരെ അഡ്മിൻ ഒഴിവാക്കുകയും ചെയ്യും.
കഴിഞ്ഞയാഴ്ച ഈ ഗ്രൂപ്പിലെതന്നെ ഇരുപതോളം പേരെ ചേർത്ത് അഡ്മിൻ മറ്റൊരു ഗ്രൂപ്പ് ഉണ്ടാക്കി. ഗ്രൂപ്പിൻറെ പേര് ‘നുജുമ താത്ത റിട്ടയർ’എന്നായിരുന്നു. ബസ് തിരിക്കുന്ന കിളിത്തട്ടിൽ ക്ഷേത്രത്തിൽ നിന്നും പണ്ടുമുതലേ ആദ്യം കയറുന്ന യാത്രക്കാരിൽ ഒരാളാണ് നുജുമ.
വർഷങ്ങളായി ബസ്സിൽ യാത്ര ചെയ്യുന്ന സെക്രട്ടറിയേറ്റ് പിആർഡിയിലെ ഉദ്യോഗസ്ഥയായ നുജുമ മെയ് 31നു് റിട്ടയർ ആകുന്നതിനു സെക്രട്ടറിയേറ്റ് ജീവനക്കാരും സംഘടനകളും യാത്രയയപ്പ് നൽകുന്നുണ്ടെന്നും അതിൽ പെടാത്ത സഹയാത്രികരായ നമുക്കും ഒരു യാത്രയയപ്പ് നൽകിക്കൂടെ..? എല്ലാവരുടെയും അഭിപ്രായം അറിയിക്കണം എന്നതായിരുന്നു ഗ്രൂപ്പിലെ അഡ്മിന്റെ ആദ്യ പോസ്റ്റ്. അതിനെ അനുകൂലിച്ച് എല്ലാവരും മറുപടി ഇട്ടു…‘ബെസ്റ്റ് ഐഡിയ’.!
അതിനുള്ള സഹായങ്ങളും വാഗ്ദാനം ചെയ്തു. പിറ്റേന്ന് തന്നെ എന്തു ചെയ്യണം എങ്ങനെ ചെയ്യണം എന്നും അംഗങ്ങൾ ഗ്രൂപ്പിൽ ചർച്ചചെയ്തു തീരുമാനമെടുത്തു. റിട്ടയർമെന്റിന്റെ തലേദിവസം ഒത്തുകൂടാൻ തീരുമാനിച്ചെങ്കിലും നുജുമ അന്ന് ബസ്സിൽ യാത്ര ചെയ്യാതിരുന്ന തിനാൽ റിട്ടയർമെന്റ് ദിവസത്തേക്ക് തന്നെ യാത്രയയപ്പു മാറ്റി.
പതിവിനു വ്യത്യസ്തമായി 31 നു വൈകിട്ടു ഒട്ടുമിക്കവരും പ്രസ് ക്ലബ്‌റോഡിലെ ബസ് തിരിക്കുന്ന സ്ഥലത്തെത്തിയപ്പോൾ നൂജുമയ്ക്ക് സംശയം. പലയിടത്തുനിന്നായി ബസ്സിൽ കയറുന്നവർ ഇന്നെന്താ ഇവിടെ എത്തിയതെന്ന്…! എത്തിച്ചേർന്ന അംഗങ്ങൾ പെട്ടെന്നുതന്നെ ബസ്സിലെ ഡ്രൈവറെയും കണ്ടക്ടറെയും കൂടി വിളിച്ച് കാര്യം പറഞ്ഞു. എല്ലാവരും കൂടി ബസിന് മുന്നിൽ നിന്നു ഒന്നിച്ചുചേർന്നു നുജ്മക്കു് സർപ്രൈസായി ഒരു മൊമൻ്റോ നൽകി. ഒപ്പം ചെറുതാണെങ്കിലും ഒരു സ്വർണ്ണനാണയവും!
നുജുമയുടെയും കെ എസ് ആർ ടി സി ബസിന്റെയും ചിത്രം ആലേഖനം ചെയ്ത മോമെന്റോയിലെ വാചകം ഇങ്ങനെയായിരുന്നു.”നമ്മൾ ഒരുമിച്ചുള്ള യാത്രയിൽ നിന്നും, ജീവിതത്തിലെ ഒരു പുതിയ യാത്രക്ക് തുടക്കം കുറിക്കുന്ന മേഡത്തിന് ആശംസകളോടെ.. സഹയാത്രികർ.”
അപ്രതീക്ഷിതവും വ്യത്യസ്തവുമായ ഈ സെന്റോഫിന് സന്തോഷംകൊണ്ട് നന്ദി പറഞ്ഞ നുജുമ ഇവർക്ക് പകരം നൽകാൻ ഒന്നുമില്ലാതെ വിഷമിച്ചു. ബാഗിലുണ്ടായിരുന്ന മിഠായികൾ പങ്കുവെച്ചു കൊണ്ടിരിക്കുമ്പോഴേയ്ക്കും ബസ്സിനുള്ളിൽ വീണ്ടും ഡബിൾ ബെൽ മുഴങ്ങി.
English summary;For the attention of passengers ..
You may also like this video;