Site iconSite icon Janayugom Online

വിദേശനാണ്യ വിനിമയ ലംഘനം; ഓക്സ്ഫാമിനെതിരെ സിബിഐ കുറ്റപത്രം

വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചുവെന്ന് കാട്ടി സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) ഓക്സ്ഫാം ഇന്ത്യക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹി റോസ് അവന്യു കോടതിയിലാണ് സിബിഐ ഓക്സ്ഫാം ഇന്ത്യ, മുന്‍ മേധാവി അമിതാബ് ബെഹര്‍ എന്നിവര്‍ക്കെതിരെ ഈമാസം ഒമ്പതിന് കുറ്റപത്രം സമര്‍പ്പിച്ചത്.

2021ല്‍ റദ്ദായ എഫ‌്സിആര്‍എ ലൈസന്‍സ് മറയാക്കി സ്ഥാപനം വിദേശനാണ്യ വിനിമയം നടത്തിയെന്നാണ് കുറ്റപത്രം പറയുന്നത്. വിദേശനാണ്യ വിനിമയ അനുമതി പുതുക്കാനുള്ള അപേക്ഷ നിരസിച്ചിട്ടും ഫണ്ടുകള്‍ സ്വീകരിച്ചുവെന്നും പറയുന്നു. നിലവില്‍ ഓക്സ്ഫാം അന്താരാഷ്ട്ര അധ്യക്ഷനായ അമിതാബ് ബെഹറിന് സിബിഐക്ക് മുമ്പാകെ ഹാജരാകാന്‍ നേരത്തെ സമന്‍സ് അയച്ചിരുന്നു.

ഗോത്രവര്‍ഗക്കാര്‍, ദളിതര്‍, മുസ്ലിങ്ങള്‍, സ്ത്രീകള്‍, പെണ്‍കുട്ടികള്‍ എന്നിവരുടെ അവകാശ സമരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ 2023ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എതിര്‍ത്തിരുന്നു. തുടര്‍ന്ന് സ്ഥാപനത്തിനെതിരെ അന്വേഷണം നടത്താന്‍ സിബിഐയോട് ആവശ്യപ്പെടുകയായിരുന്നു. സ്ഥാപനത്തിന്റെ ഓഫിസുകളില്‍ സിബിഐ റെയ്ഡ് നടത്തുകയും ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെ എഫ‌്സിആര്‍എ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു.

വിദേശ ഫണ്ടിലുടെ ലഭിക്കുന്ന പണം ഭരണപരമായ ആവശ്യങ്ങളെക്കാള്‍ മറ്റ് ചെലവുകള്‍ക്ക് വിനിയോഗിച്ചുവെന്നും ടിഡിഎസില്‍ ക്രമക്കേട് നടത്തിയെന്നും സിബിഐ ആരോപിക്കുന്നു. യുറോപ്യന്‍ യൂണിയന്‍, യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്, ലോക ബാങ്ക്, ഐഎംഎഫ്, ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്ക് തുടങ്ങി വിദേശ സര്‍ക്കാരുകള്‍ വഴിയും സ്ഥാപനങ്ങള്‍ വഴിയും കേന്ദ്ര സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാനുള്ള ശ്രമം ഓക്സ്ഫാം നടത്തിയെന്നും കുറ്റപത്രത്തില്‍ ആരോപണമുണ്ട്.

ഓക്സ്ഫാം ഇന്ത്യ, ഓക്സ്ഫാം ഓസ്ട്രേലിയ, ഓക്സ്ഫാം ഗ്രേറ്റ് ബ്രിട്ടന്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ ഫണ്ട് ഇന്ത്യയിലെ സംഘടനയ്ക്ക് കൈമാറി. സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിന് (സിപിആര്‍ ) ഫണ്ട് വിതരണം ചെയ്തു. 2019–20 സാമ്പത്തിക വര്‍ഷം സിപിആറിന് 12.71 ലക്ഷം രൂപയാണ് ഓക്സ്ഫാം ഇന്ത്യ കൈമാറിയതെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ ഓക്സ്ഫാം ഇന്ത്യ നേരത്തെ തള്ളിയിരുന്നു. വിദേശനാണ്യ വിനിമയ ചട്ടലംഘനം നടത്തിയിട്ടില്ലെന്നും സ്ഥാപനം വ്യക്തമാക്കിയിരുന്നു.

Exit mobile version