Site iconSite icon Janayugom Online

കയ്യൊഴിഞ്ഞ് വിദേശ സ്ഥാപനങ്ങള്‍;നിക്ഷേപം പുറത്തേക്ക്

ഒക്ടോബറില്‍ മാത്രം ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് 85,790 കോടി. ഈ മാസം ഒന്ന് മുതല്‍ 25 വരെയുള്ള കണക്കാണ് പുറത്തുവന്നിരിക്കുന്നത്. ചൈനീസ് സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ സ്വീകരിച്ച ഉത്തേജക നടപടികളില്‍ പ്രതീക്ഷയര്‍പ്പിച്ച് വിദേശ നിക്ഷേപകര്‍ അവിടേക്ക് പോയതാണ് ഇന്ത്യന്‍ ഓഹരി വിപണിയുടെ ഇടിവിന് കാരണമെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 

ഇതിന് മുമ്പ് 2020 മാര്‍ച്ചിലാണ് ഇത്രയും വലിയ തോതില്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് നിക്ഷേപം പിന്‍വലിച്ചത്. അന്ന് 61,973 കോടിയുടെ ഓഹരികളാണ് വിറ്റൊഴിഞ്ഞത്. സെപ്റ്റംബറില്‍ ഒമ്പത് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിദേശ നിക്ഷപം ആകര്‍ഷിച്ച ശേഷമാണ് ഓഹരി വിപണിയില്‍ അടുത്ത മാസം കനത്ത ഇടിവ് നേരിട്ടിരിക്കുന്നതെന്നതും ശ്രദ്ധേയം. സെപ്റ്റംബറില്‍ 57,724 കോടി വിദേശ നിക്ഷേപം ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് എത്തിയിരുന്നു.
ഈ വര്‍ഷം ഏപ്രില്‍, മേയ്, ജനുവരി, ഒക്ടോബര്‍ മാസങ്ങള്‍ ഒഴിച്ചാല്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വലിയ തോതില്‍ നിക്ഷേപം നടത്തിയിരുന്നു. എന്നാല്‍ 2024ൽ ഇന്ത്യൻ വിപണിയിൽ നിക്ഷേപിച്ച തുകയുടെ സിംഹഭാ​ഗവും കേവലം എട്ട് സെഷനുകൾ കൊണ്ട് പിൻവലിക്കപ്പെട്ടു. വിദേശ ഫണ്ടുകളുടെ പുറത്തേക്കുള്ള ഒഴുക്കിന്റെ കാര്യത്തില്‍ എക്കാലത്തെയും മോശം മാസമായി ഒക്ടോബര്‍ മാറി. 

സെപ്റ്റംബറിൽ വിദേശനിക്ഷേപം 1,00,245 കോടി രൂപയായിരുന്നു. എന്നാല്‍ നിലവിൽ വിദേശ ഫണ്ടുകളുടെ ആകെ നിക്ഷേപം 14,820 കോടി രൂപയായി കുറഞ്ഞു. തുടര്‍ച്ചയായ എഫ‌്പിഐ വില്പന ഓഹരി സൂചികകളെയും ബാധിച്ചു, എന്‍എസ്ഇ നിഫ്റ്റി ഏറ്റവും ഉയര്‍ന്ന നിലയില്‍ നിന്ന് എട്ട് ശതമാനം ഇടിവ് രേഖപ്പെടുത്തി. 

ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും മാറുന്ന ആഗോള സാമ്പത്തിക സാഹചര്യങ്ങളും ഇന്ത്യന്‍ ഓഹരിവിപണികളിലെ ഭാവി വിദേശ നിക്ഷേപം രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നതായി സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. പണപ്പെരുപ്പ പ്രവണതകള്‍, കോര്‍പറേറ്റ് വരുമാനം, ഉത്സവ സീസണിലെ ഡിമാന്റിന്റെ ആഘാതം തുടങ്ങിയ ഘടകങ്ങളും വിദേശനിക്ഷേപത്തെ സ്വാധീനിക്കാറുണ്ട്.
അതേസമയം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വലിയ തോതില്‍ പണം പിൻവലിച്ചതോടെ രൂപയുടെ മൂല്യത്തകർച്ച ഒഴിവാക്കാൻ റിസർവ് ബാങ്ക് പൊതുമേഖല ബാങ്കുകള്‍ വഴി വിപണിയില്‍ ഡോളർ വിറ്റഴിച്ചതോടെ വിദേശ നാണ്യ ശേഖരത്തിലും ഇടിവുണ്ടായി. രാജ്യത്തെ വിദേശ നാണ്യ ശേഖരം ഒക്‌ടോബർ 18ന് അവസാനിച്ച വാരത്തില്‍ 200 കോടി ഡോളർ കുറഞ്ഞ് 68,820 കോടി ഡോളറായി.
ഡോളറും യൂറോയും ജാപ്പനീസ് യെന്നും അടക്കമുള്ള വിദേശ നാണ്യങ്ങളുടെ അളവ് 375 കോടി ഡോളർ കുറഞ്ഞ് 59,826 കോടി ഡോളറായി. അതേസമയം സ്വർണ ശേഖരത്തിന്റെ മൂല്യം 178 കോടി ഡോളർ ഉയർന്ന് 6,740 കോടി ഡോളറായി ഉയരുകയും ചെയ്തു.

Exit mobile version