കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി അഞ്ചുകിലോ ഹെറോയിന്‍ കടത്തുന്നതിനിടെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് വിഭാഗം പിടികൂടിയ വിദേശ വനിതയ്ക്ക് 32 വര്‍ഷം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ.
സാംബിയ സ്വദേശിനിയായ ബിഷാല സോക്കോ(43)യെയാണ് മഞ്ചേരി എന്‍ഡിപിഎസ് കോടതി ജഡ്ജി എം പി ജയരാജ് ശിക്ഷിച്ചത്. 2021 സെപ്റ്റംബര്‍ 22നാണ് കേസിന് ആസ്പദമായ സംഭവം. ജോഹന്നാസ് ബര്‍ഗില്‍ നിന്നും ഖത്തര്‍ എയര്‍വേസില്‍ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരിയെ ഇന്റലിജന്‍സ് ഓഫിസര്‍ ഷാദ് മുഹമ്മദും സംഘവുമാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ ട്രോളി ബാഗിനടിയില്‍ ഒട്ടിച്ചുവച്ച നിലയിലായിരുന്നു ഹെറോയിന്‍.
ഡിആര്‍ഐ സീനിയര്‍ ഇന്റലിജന്‍സ് ഓഫിസര്‍ എസ് വി അഷ്റഫ് ആണ് കേസന്വേഷണം നടത്തിയത്. പ്രോസിക്യൂഷനു വേണ്ടി ഹാജരായ ഡിആര്‍ഐ അഭിഭാഷകന്‍ എം രാജേഷ് കുമാര്‍ പത്ത് സാക്ഷികളെ വിസ്തരിച്ചു. 67 രേഖകളും ഏഴ് തൊണ്ടി മുതലുകളും ഹാജരാക്കി. രണ്ടു വകുപ്പുകളിലായി 16 വര്‍ഷം വീതം കഠിന തടവ്, ഓരോ ലക്ഷം രൂപ വീതം പിഴ എന്നിങ്ങനെയാണ് ശിക്ഷ. പിഴയടയ്ക്കാത്ത പക്ഷം രണ്ടു വകുപ്പുകളിലും ആറുമാസം വീതം അധിക കഠിനതടവ് അനുഭവിക്കണം. എന്നാല്‍ തടവ് ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ഫലത്തില്‍ 16 വര്‍ഷം കഠിനതടവ് അനുഭവിച്ചാല്‍ മതിയാകും. അറസ്റ്റിലായതിനു ശേഷം പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നില്ല. റിമാന്റില്‍ കഴിഞ്ഞ കാലാവധി ശിക്ഷയില്‍ ഇളവ് ചെയ്യാനും കോടതി വിധിച്ചു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.
english summary; Foreign woman sentenced to 32 years rigorous imprisonment, fined Rs 2 lakh
you may also like this video;