Site iconSite icon Janayugom Online

മുന്‍ കരസേന മേധാവിയുടെ പുസ്തകം വെളിച്ചം കാട്ടില്ല; നാല് വര്‍ഷമായിട്ടും കേന്ദ്രം അനുമതി നല്‍കിയില്ല

ഗല്‍വാന്‍ താഴ്‌വരയില്‍ ചൈനീസ് സൈന്യവുമായി ഏറ്റമുട്ടലുണ്ടായ വേളയിലേതുള്‍പ്പെടെ വിവാദ പരാമര്‍ശങ്ങളുണ്ടെന്ന് കരുതപ്പെടുന്ന മുന്‍ കരസേന മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെയുടെ ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി എന്ന പുസ്തകം പാര്‍ലമെന്റില്‍ ഉന്നയിച്ച് പ്രതിപക്ഷം.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയാണ് പുസ്തകത്തിലെ ചില ഭാഗങ്ങള്‍ വായിച്ചുകൊണ്ട് വിഷയം സഭയില്‍ അവതരിപ്പിച്ചത്. എന്നാല്‍ പുറത്തിറങ്ങാത്ത പുസ്തകം വായിക്കാനാകില്ലെന്ന നിര്‍ദേശവുമായി സ്പീക്കര്‍ ഓം ബിര്‍ളയും ആക്രോശങ്ങളുമായി മന്ത്രിമാരുള്‍പ്പെടെ ഭരണപക്ഷവും രംഗത്തെത്തിയത് പ്രക്ഷുബ്ധ രംഗങ്ങള്‍ക്ക് ഇടയാക്കി. 

രാഹുൽ‌ സംസാരിക്കുന്നതിനിടെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇടപെട്ടു. രാജ്നാഥും രാഹുലും തമ്മിൽ തർക്കം നടക്കുന്നതിനിടെ ക്രുദ്ധനായി ആഭ്യന്തര മന്ത്രി അമിത് ഷായും രംഗത്തെത്തി. പുസ്തകം ഇറക്കാൻ നരവനെയെ സർക്കാർ അനുവദിച്ചില്ലെന്ന് രാഹുല്‍ ഗാന്ധി സഭയില്‍ തുറന്നടിക്കുകയായിരുന്നു. മുതിർന്ന സൈനിക ഉദ്യോഗസ്ഥർ പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് പ്രതിരോധ മന്ത്രാലയത്തിന്റെ ക്ലിയറൻസ് വാങ്ങണമെന്ന വ്യവസ്ഥയുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ അനുമതിക്കായി സമര്‍പ്പിച്ചെങ്കിലും നാല് വര്‍ഷമായി നല്‍കാതെ പിടിച്ചുവച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ദോക്‌ലാം വിഷയത്തിൽ കേന്ദ്രസർക്കാരിനുണ്ടായ വീഴ്ചയും ചൈന ഭൂമി കൈയേറി എന്നടക്കമുള്ള വിമർശനമാണ് രാഹുൽ ഗാന്ധി സഭയില്‍ ഉയർത്തിയത്. 2020ലെ ഗാല്‍വാന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട ഔദ്യോഗികതല ചര്‍ച്ചകള്‍, റെചിന്‍ ലായില്‍ ചൈനീസ് ടാങ്കറുകള്‍ കടന്നുകയറി മുഖാമുഖം നിന്നു എന്നിങ്ങനെ ബുക്കില്‍ പരാമര്‍ശിക്കുന്നു.

അഗ്നിപഥ് റിക്രൂട്ട്മെന്റ് പദ്ധതി നടത്തിപ്പ് സംബന്ധിച്ച നരവനെയുടെ സത്യസന്ധമായ വിവരണമാണ് പുസ്തകം പുറത്തിറക്കല്‍ വൈകിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. പദ്ധതി യഥാര്‍ത്ഥത്തില്‍ നാവിക, വ്യോമസേനകളെ അമ്പരിപ്പിച്ചുവെന്നും നിര്‍ദേശിച്ചതിനേക്കാള്‍ വിപുലമായിട്ടായിരുന്നു പദ്ധതി നടത്തിപ്പെന്നും ബുക്കില്‍ പരാമര്‍ശമുണ്ട്. 2019 ഡിസംബർ മുതൽ 2022 ഏപ്രിൽ വരെയായിരുന്നു നരവനെ ഇന്ത്യയുടെ സൈനിക മേധാവിയായിരുന്നത്.
അതേസമയം, പുസ്തകം നിരോധിച്ചിട്ടില്ല. 2024 ഏപ്രിൽ – മേയ് മാസങ്ങളിൽ പുറത്തിറങ്ങുമെന്ന് പരസ്യം നൽകി ആമസോണിൽ ഉൾപ്പെടെ മുന്‍കൂര്‍ ഓർഡറുകൾ സ്വീകരിച്ചിരുന്നു. 448 പേജുള്ള പുസ്തകം പെൻഗ്വിൻ ആണ് പ്രസിദ്ധീകരിക്കുന്നത്.

Exit mobile version