Site iconSite icon Janayugom Online

ബിഹാറില്‍ ബിജെപിയെ വെട്ടിലാക്കി മുന്‍ കേന്ദ്രമന്ത്രി

ബീഹാറിലെ ഭരണകക്ഷിയായ ബിജെപി ഒന്നിനുപുറകെ ഒന്നായി വിവാദങ്ങളില്‍. ജൻ സുരാജ് സ്ഥാപകനും രാഷ്ട്രീയ തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോർ (പികെ) നിരവധി ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചതിന് തൊട്ടുപിന്നാലെ ബിഹാർ ബിജെപിക്കുള്ളിൽ നിന്ന് തന്നെ പ്രതിഷേധം ഉയരുന്നു, നേതാക്കളോട് ആരോപണങ്ങളില്‍ ശുദ്ധി വരുത്താൻ ആവശ്യപ്പെട്ട് മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും മുൻ കേന്ദ്രമന്ത്രിയുമായ ആര്‍ കെ സിങ് പരസ്യമായി രംഗത്തെത്തിയത് സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി. പാര്‍ട്ടി പ്രസിഡന്റിനെതിരെയും ഡെപ്യൂട്ടി മുഖ്യമന്ത്രിക്കെതിരെയും ആര്‍ കെ സിങ് രംഗത്തെത്തിയതോടെ ബിഹാറില്‍ ബിജെപി സമാനതകളില്ലാത്ത പ്രതിസന്ധി നേരിടുകയാണ്.

രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ ഉന്നയിച്ച ഗുരുതരമായ അഴിമതി ആരോപണങ്ങളിൽ മൗനം പാലിച്ചതിന് ആര്‍ കെ സിങ് ബിഹാറിലെ ബിജെപി അധ്യക്ഷന്‍ ദിലീപ് ജയ്‌സ്വാൾ, ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി, ആരോഗ്യമന്ത്രി മംഗൾ പാണ്ഡെ തുടങ്ങിയ ഉന്നത ബിജെപി നേതാക്കള്‍ക്കെതിരെയും ജെഡിയു മന്ത്രി അശോക് ചൗധരി എന്നിവരെ രൂക്ഷമായ ഭാഷയില്‍ വിമർശിച്ചു. ജെഡിയുവിന്റെ പ്രമുഖ നേതാവു കൂടിയായ അശോക് ചൗധരി സംശയാസ്പദമായ സാഹചര്യത്തിൽ 200 കോടി രൂപയുടെ ഭൂമി സ്വന്തമാക്കിയതായി പ്രശാന്ത് കിഷോർ അടുത്തിടെ ആരോപിച്ചിരുന്നു. ഡെപ്യൂട്ടി മുഖ്യമന്ത്രി സമ്രാട്ട് ചൗധരി ഏഴാം ക്ലാസ് പാസായിട്ടില്ലെന്നും മൂന്നു തവണ പേരു മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം മെട്രിക്കുലേഷന്‍ പാസായിട്ടില്ലെന്ന് ബിഹാര്‍ സ്കൂള്‍ എക്സാമിനേഷന്‍ ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. സമ്രാട്ട് ചൗധരിയുടെ പേര് രാകേഷ് കുമാര്‍ എ ന്നാണെന്നും ഇത് സമ്രാട്ട് കുമാര്‍ മൗര്യ എന്നാക്കിയെന്നും പിന്നീടാണ് സമ്രാട്ട് ചൗധരിയാക്കിയതെന്നും പ്രശാന്ത് കിഷോര്‍ ആരോപിച്ചിരുന്നു. ഉപമുഖ്യമന്ത്രി വധശ്രമക്കേസില്‍ ജയിലിലായ വ്യക്തിയാണെന്നും വ്യാജ പ്രായ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജയിലില്‍ നിന്നും പുറത്തിറങ്ങുകയായിരുന്നുവന്നും പ്രശാന്ത് ആരോപിച്ചിരുന്നു. ഈ അവകാശവാദങ്ങൾ നിഷേധിക്കാനോ ആരോപണങ്ങൾ തെറ്റാണെങ്കിൽ നിയമനടപടി സ്വീകരിക്കാനോ ഒരു ബിജെപി നേതാവും മുന്നോട്ട് വരാത്തത് എന്തുകൊണ്ടാണെന്ന് സിങ് ചോദിച്ചു.

സംസ്ഥാന ബിജെപി അധ്യക്ഷന്‍ കിഷന്‍ഗഞ്ചില്‍ നടത്തുന്ന മാതാ ഗുജാറി മെഡിക്കല്‍ കോളജ് നിയമവിരുദ്ധമായി മാര്‍ഗങ്ങളിലൂടെ തട്ടിയെടുത്തതാണെന്ന് പ്രശാന്തിന്റെ ആരോപണത്തില്‍ മറുപടി പറയണമെന്നും ആര്‍ കെ സിങ് ആവശ്യപ്പെട്ടു. “ശരിയായ വിശദീകരണം നൽകാൻ നേതാക്കള്‍ക്ക് കഴിയുന്നില്ലെങ്കിൽ അവർ രാജിവയ്ക്കണം. ആരോപണങ്ങൾ തെറ്റാണെങ്കിൽ അവർ മാനനഷ്ടക്കേസ് ഫയൽ ചെയ്യണം. ബിജെപി നേതൃത്വത്തിന്റെ തുടർച്ചയായ മൗനം കാരണം പൊതുജനങ്ങൾ ആരോപണങ്ങൾ വിശ്വസിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും അത്തരം നിഷ്‌ക്രിയത്വം പാർട്ടിയുടെ വിശ്വാസ്യതയെ തകർക്കുമെന്നും സിങ് മുന്നറിയിപ്പ് നൽകി, ബിജെപി നേതാക്കൾ പ്രശ്‌നം പരിഹരിക്കുന്നതിൽ പരാജയപ്പെട്ടാൽ മുഖ്യമന്ത്രി നിതീഷ് കുമാറിനോട് ഇടപെടാൻ അദ്ദേഹം ആവശ്യപ്പെട്ടു. അപൂർവമായ ഉൾപ്പാർട്ടി വിമർശനം പാര്‍ട്ടിയുടെ ആഴത്തിലുള്ള വിള്ളലുകളെ എടുത്തുകാണിക്കുകയും ബിഹാർ രാഷ്ട്രീയത്തിലെ ഭരണത്തിന്റെയും സുതാര്യതയുടെയും അവസ്ഥയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുകയും ചെയ്യുന്നു. മോഡി സര്‍ക്കാരില്‍ 2024ല്‍ കേന്ദ്ര ഊര്‍ജമന്ത്രിയായിരുന്നു ആര്‍ കെ സിങ്,

Exit mobile version