മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന കെ പി ഉണ്ണികൃഷ്ണൻ (90) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വിയോഗം. വി പി സിങ് മന്ത്രിസഭയിൽ ഉപരിതല ഗതാഗത മന്ത്രി ആയിരുന്നു ഉണ്ണിക്കൃഷ്ണന്‍. 1971 മുതൽ 1991 വരെ 6 തവണ തുടർച്ചയായി വടകരയിൽ നിന്നുള്ള എംപിയായിരുന്നു.
സംസ്കാരം നാളെ രാവിലെ 9 മണിക്ക് നടക്കും. 1936 സെപ്തംബർ 20ന് തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ ഇ കുഞ്ഞിക്കണ്ണൻ നായരുടെ മകനായാണ് ജനനം. ചെന്നൈയിലെ ക്രിസ്ത്യൻ കോളജ്, മദ്രാസ് പ്രസിഡൻസി കോളജ്, ഗവൺമെന്റ് ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ശങ്കേഴ്സ് വീക്കിലി മാതൃഭൂമി ടൈംസ് ഓഫ് ഇന്ത്യ എന്നിവിടങ്ങളിൽ പത്രപ്രവർത്തകനായിരുന്നു. 1978ൽ കോൺഗ്രസ് പിളർന്നപ്പോൾ, കോൺഗ്രസ് യു വിഭാഗത്തിൽ എത്തി. 1995ൽ വീണ്ടും കോൺഗ്രസിലേക്ക് മടങ്ങി.

