Site iconSite icon Janayugom Online

യുവാവിനെ വെട്ടിയ കേസിൽ നാലു പേർ പിടിയിൽ: ഒന്നാം പ്രതി ഉൾപ്പെടെ രണ്ടുപേർ ഒളിവിൽ

ഉത്സവം കഴിഞ്ഞു മടങ്ങിയ യുവാവിനെ കാർ ഇടിച്ചു വീഴ്ത്തി വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി കീരുകുഴി ഭഗവതിക്കുംപടിഞ്ഞാറ് ശരത് ഭവനിൽ ശരത്തിനും മറ്റൊരു പ്രതിക്കുമായി പൊലീസ് അന്വേണം ഊർജിതമാക്കി. കൈപ്പട്ടൂർ സ്വദേശി അപ്പു എന്ന് വിളിക്കുന്ന നിധിൻ കുമാറി(28)നാണ് വെട്ടേറ്റത്. ബുധനാഴ്ച പുലർച്ചെ 12 ന് നരിയാപുരം സെന്റ് പോൾസ് സ്കൂളിന് സമീപം ആണ് സംഭവം. തലയ്ക്കും കഴുത്തിനും കാലിനും വെട്ടേറ്റ നിധിന്റെ നില അതീവ ഗുരുതരമായി തുടരുന്നു.

കീരുകുഴി പടുകോട്ടുക്കൽ പ്രജിത്ത് ഭവനിൽ പ്രജിത്ത് (27), പടുകോട്ടുക്കൽ സദനത്തിൽ വിഷ്ണു (27), ശാലിനി ഭവനം നിതിൻ (24), പറക്കോട് ഇജാസ് മൻസിലിൽ ഇജാസ് (23) എന്നിവരാണ് അറസ്റ്റിലായത്. പിടിയിലാകാനുള്ള രണ്ടു പേരും ഇജാസും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

ചൊവ്വാഴ്ച വൈകിട്ട് തട്ട ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രത്തിൽ നടന്ന കെട്ടുകാഴ്ചയ്ക്കിടെ നിധിന്റെ നേതൃത്വത്തിൽ പ്രതികളുമായി തർക്കവും സംഘട്ടനവും നടന്നു. പ്രതികളിൽ ചിലരെ നിധിൻ മർദിച്ചു. ഇതിന്റെ പ്രതികാരമായിട്ടാണ് നിധിനെ വെട്ടിയത്.

കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിൽ കഴിയുന്ന യുവാവിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. വടിവാൾ കൊണ്ടുള്ള വെട്ടേറ്റ് തലയോട് പൊട്ടി. തലച്ചോറിനും ക്ഷതമേറ്റതായി സംശയിക്കുന്നു. ഇതിന് പുറമേ കഴുത്തിനും കാലിനും മാരകമായി വെട്ടേറ്റിട്ടുണ്ട്.

ക്ഷേത്രത്തിൽ ഉത്സവം കഴിഞ്ഞു മടങ്ങുക ആയിരുന്നു നിധിനും സുഹൃത്തുക്കളും. കാറിലെത്തിയ സംഘം ഇടിച്ചു വീഴ്ത്തിയ ശേഷം തുരുതുരാ വെട്ടുകയായിരുന്നു. മാരകായുധങ്ങളുമായി വന്ന സംഘം കൊലവിളി മുഴക്കി പാഞ്ഞടുത്തതോടെ നിധിനു ഒപ്പം ഉണ്ടായിരുന്നവർ ഓടി രക്ഷപെട്ടു.

നിധിനെ പത്തനംതിട്ട ജനറൽ ആശുപത്രി, കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ നൽകി. സ്ഥിതി ഗുരുതരം ആയതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇപ്പോഴും ഗുരുതരാവസ്ഥയിലാണ് നിധിൻ കഴിയുന്നത്.

Eng­lish Sum­ma­ry: Four arrest­ed in hack­ing case: Two abscond­ing, includ­ing first accused

You may like this video also

Exit mobile version