Site iconSite icon Janayugom Online

നാലുകോടിയുടെ നികുതിവെട്ടിപ്പ്; താരസംഘടനക്കെതിരെ ജിഎസ്‌ടി നടപടി

താരസംഘടനയായ എഎംഎംഎക്ക് ജിഎസ്‌ടി വകുപ്പ് നോട്ടീസ് നൽകി. സ്റ്റേജ് ഷോകളിൽ നിന്നടക്കം കിട്ടിയ വരുമാനത്തിന് ജിഎസ്‌ടി നൽകാത്തതിനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 2017 മുതലുള്ള ജിഎസ്‌ടി അടക്കണമെന്നും വകുപ്പ് നിർദ്ദേശിച്ചു. കോഴിക്കോട് ജിഎസ്ടി ഓഫീസാണ് താരസംഘടനയ്ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. 

നേരത്തേ സംഘടന ജിഎസ്ടി രജിസ്ട്രേഷൻ എടുത്തിരുന്നില്ലെന്ന് വകുപ്പ് കണ്ടെത്തിയിരുന്നു. തുടർന്ന് വകുപ്പ് നോട്ടീസ് അയക്കുകയും സംഘടന ജനറൽ സെക്രട്ടറി ഇടവേള ബാബുവിൽ നിന്ന് മൊഴിയെടുക്കുകയും ചെയ്തിരുന്നു. പിന്നാലെ കഴിഞ്ഞ ഓഗസ്റ്റിൽ സംഘടന ജിഎസ്‌ടി രജിസ്ട്രേഷൻ എടുത്തു. 45 ലക്ഷം രൂപ നികുതി അടച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. 

ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻ എന്ന നിലയ്ക്കാണ് സംഘടന രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതുകൊണ്ടാണ് നികുതി അടക്കാതിരുന്നതെന്നാണ് സംഘടന അധികൃതർ നേരത്തേ വ്യക്തമാക്കിയത്. എന്നാൽ വിദേശത്ത് അടക്കം നടക്കുന്ന സ്റ്റേജ് ഷോകളിൽ നിന്ന് വരുമാനം ലഭിച്ചിട്ടുണ്ടെങ്കിൽ ജിഎസ്‌ടി പരിധിയിൽ വരുമെന്നും നികുതി അടക്കണമെന്നുമാണ് വകുപ്പ് നിർദേശിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തെ നികുതിയും പലിശയും പിഴയുമായി എഎംഎംഎ നാല് കോടി രൂപയാണ് അടക്കേണ്ടത്. 

Eng­lish Sum­ma­ry: Four crore tax eva­sion; GST action against star organization

You may also like this video

Exit mobile version