പത്തനംതിട്ട പൂങ്കാവിലെ പെട്രോൾ പമ്പിലെ ജീവനക്കാര്‍ക്ക് നാലംഗ സംഘത്തിന്റെ മര്‍ദ്ദനം. ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് സംഭവമുണ്ടായത്. ഇന്ധനം നിറയ്ക്കുന്നത് വൈകിയെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. സംഭവത്തിൽ പ്രമാടം സ്വദേശി കെ എസ് ആരോമലിനെ പൊലീസ് പിടികൂടി.
ആക്രമണം നടത്തിയ സംഘത്തിലുണ്ടായിരുന്ന ഒരാൾ പമ്പിൽ പെട്രോൾ അടിക്കാനെത്തിയതായിരുന്നു. എന്നാല്‍ പമ്പിൽ കറന്റ് പോയതിനാൽ വാഹനങ്ങളുടെ തിരക്ക് അനുഭവപ്പെട്ടു. ജനറേറ്റർ ഓൺ ആയി വരാൻ രണ്ട് മിനിറ്റ് സമയം എടുക്കുമെന്ന് പമ്പ് ജീവനക്കാർ പറഞ്ഞതാണ് അക്രമി സംഘത്തെ ചൊടുപ്പിച്ചത്. ഗൂഗിൾ പേ വഴി പണം നൽകിയിട്ടും കാത്തിരിക്കണോ എന്ന് ചോദിച്ചുകൊണ്ട് അക്രമികള്‍ ജീവനക്കാര്‍ക്ക് നേരെ തിരിയുകയായിരുന്നു.
ആദ്യം ഒരു ജീവനക്കാരനെ തള്ളി താഴെയിട്ടു. ഇത് കണ്ട് ഓഫീസിൽ നിന്ന് ഇറങ്ങി വന്ന മാനേജരുടെ തലയക്കടിച്ചു. മറ്റൊരാളെ നിലത്തിട്ട് ചവിട്ടി. സംഭവം ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെയും അക്രമി സംഘം തിരിഞ്ഞു. ഇതിനിടെ പമ്പ് ഉടമയാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് എത്തിയപ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടു. പിന്നീട് നടത്തിയ തെരച്ചിലിലാണ് കെ എസ് ആരോമലിനെ കസ്റ്റഡിയിലെടുത്തത്.
English Summary: four members team attacked petrol pump workers in pathanamthitta
You may also like this video