Site iconSite icon Janayugom Online

അസ്സമിൽ മൂകയും ബധിരയുമായ പതിന്നാലുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ നാല് പേർ പിടിയിൽ

അസ്സമിൽ കേൾവിശക്തിയും സംസാരശേഷിയുമില്ലാത്ത പതിന്നാലുകാരിയെ ഓട്ടോറിക്ഷയ്ക്കുള്ളിൽ വച്ച് കൂട്ടബലാത്സംഗം ചെയ്ത കേസിൽ പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. ശ്രീഭൂമിയിലെ രതബരിയിൽ ഈ മാസം 16നാണ് ദാരുണ സംഭവം. ഇന്നലെയാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇസ്ലാം ഉദ്ദീൻ, മോനിർ ഉദ്ദീൻ, ദിലാവർ ഹുസൈൻ, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരാണ് പ്രതികൾ. 

പെൺകുട്ടിയും ഇളയ സഹോദരനും ജന്മാഷ്ടമി ആഘോഷത്തിൽ പങ്കെടുക്കുന്നതിനായി അമ്മാവൻറെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. റോഡിലൂടെ നടന്നുപോകുകയായിരുന്ന ഇവർക്ക് മുന്നിൽ ഒരു ഓട്ടോറിക്ഷ നിർത്തുകയും സഹോദരനെ തള്ളിയിട്ട ശേഷം പെൺകുട്ടിയെ ബലമായി ഓട്ടോറിക്ഷയിൽ കയറ്റി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

സഹോദരൻ വീട്ടിലെത്തി സംഭവം മാതാപിതാക്കളെ അറിയിക്കുകയും തുടർന്ന് നടത്തിയ നീണ്ട തിരച്ചിലിനൊടുവിൽ പെൺകുട്ടിയെ റോഡരികിൽ നിന്നും കണ്ടെത്തുകയായിരുന്നുവെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

ഏകദേശം നാല് മണിക്കൂറുകളോളം പെൺകുട്ടി അബോധാവസ്ഥയിൽ റോഡരികിൽ കിടക്കുകയുണ്ടായി. പിന്നീട് പെൺകുട്ടിയെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പോക്സോ വകുപ്പ് പ്രകാരമാണ് നാല് പ്രതികളെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ 3 പേരെ കോടതിയിൽ ഹാജരാക്കുകയും മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ അയയ്ക്കുകയും ചെയ്തു. പ്രായപൂർത്തിയാകാത്ത നാലാമത്തെ പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ ശേഷം ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.

Exit mobile version