വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ ആള്‍ പൊലീസിന്റെ പിടിയിലായി. കടപ്പാക്കട പീപ്പിള്‍സ് നഗര്‍-45ല്‍ പ്രീയ മന്‍സിലില്‍ ഡെന്നി(36) ആണ് ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്. ശക്തികുളങ്ങര സ്വദേശിയായ യുവാവിന് വിദേശ രാജ്യത്ത് ജോലിക്കുള്ള വിസ തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 3,96,500 രൂപ തട്ടിയെടുത്ത കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ പേരില്‍ വിദേശത്ത് ഡ്രൈവര്‍ വിസ തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ പല തവണകാളായി പണം തട്ടിയെടുത്തത്. പണം നല്‍കിയിട്ടും വിസ ലഭിക്കാതായതോടെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
ശക്തികുളങ്ങര പൊലീസ് ഇന്‍സ്പെക്ടര്‍ രതിഷിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ സജയന്‍, വിനോദ്, എസ്‌സിപിഒ ബിജു എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.