Site icon Janayugom Online

ജോലി വാഗ്‌ദാനം ചെയ്‌ത്‌ പണം വാങ്ങി തട്ടിപ്പ്‌; ബിജെപി നേതാവ്‌ ഒളിവിൽ

സ്പൈസസ് ബോര്‍ഡിലെ നിയമനം തരപ്പെടുത്തിനല്‍കാമെന്ന് വാഗ്ദാനം നല്‍കി പറ്റിച്ച തട്ടിപ്പിലെ രണ്ടാം പ്രതിയായ ബിജെപി യുവമോർച്ച നേതാവ്‌ റാന്നി സ്വദേശി രാജേഷ്‌ ഒളിവിൽ. സ്‌പൈസസ് ബോര്‍ഡില്‍ ക്ലാര്‍ക്കായി ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് 4.3 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. അഖില്‍ സജീവ് ഒന്നാം പ്രതിയായ കേസില്‍ രണ്ടാം പ്രതിയാണ് യുവമോര്‍ച്ച റാന്നി മണ്ഡലം ഭാരവാഹിയായ രാജേഷ്. നിലവില്‍ രാജേഷിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. രാജേഷ് മറ്റൊരു തട്ടിപ്പ് കേസിലും പ്രതിയാണ്. ഓമല്ലൂർ സ്വദേശിയിൽ നിന്ന് 4,39,340 രൂപ വാങ്ങി വഞ്ചിച്ചുവെന്ന കേസിലും ഇയാൾ പ്രതിയാണ്. അഖില്‍ സജീവിന്റെ കൂടെ മത്സ്യ വ്യാപാരത്തില്‍ പങ്കാളിയാണ് രാജേഷ് . റാന്നിയിലും വളളിക്കോട്ടും ഇരുവരും ചേര്‍ന്ന് മത്സ്യവ്യാപാരം നടത്തിയിരുന്നു.
കഴിഞ്ഞ നവംബര്‍, ഡിസംബര്‍ മാസങ്ങളിലായാണ് പണം തട്ടിയത്. കൊല്ലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രീനാരായണ ട്രസ്റ്റ് ഓഫ് എജ്യൂക്കേഷനാണ് നിയമനം നടത്തുന്നതെന്ന് വിശ്വസിപ്പിച്ചും ട്രസ്റ്റിന്റെ പേരില്‍ വ്യാജ മെയില്‍ ഐ.ഡിയും അപ്പോയിന്റ്‌മെന്റ് ലെറ്ററും നിയമന ഉത്തരവുണ്ടാക്കി വഞ്ചിച്ചുവെന്നുമാണ് പരാതിയിലുള്ളത്.

പരാതിക്കാരന്റെ ഭാര്യാ സഹോദരന്റെ യുപിഐ വഴി നാലുതവണയായി 91,800 രൂപ രാജേഷിന്റെ അക്കൗണ്ടിലേക്കും ഏഴുതവണകളായി 1,07,540 രൂപ അഖില്‍ സജീവിന്റെ അക്കൗണ്ടിലേക്കും നല്‍കി. ഇതുകൂടാതെ അഖില്‍ സജീവിന്റെ ഓമല്ലൂര്‍ ശാഖയിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിലെ അക്കൗണ്ടിലേക്ക് 2,40,000 രൂപയും നിക്ഷേപിച്ചെന്നാണ് പരാതിക്കാരന്‍ പറയുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ അഖിലിന്റെ പണമിടപാടുകളുടെ കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഓമല്ലൂര്‍ ശാഖ അധികൃതര്‍ക്ക് പത്തനംതിട്ട പൊലീസ് കത്തുനല്‍കിയിട്ടുണ്ട്.
നിയമനത്തട്ടിപ്പ് നടത്തിയത് കോഴിക്കോട്ടെ നാലം​ഗ സംഘമെന്നാണ്‌ അഖില്‍ സജീവിന്റെ മൊഴി. തിരുവനന്തപുരത്തെ തിരുവന്തപുരം കന്റോണ്‍മെന്റ് പൊലീസും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയും വെള്ളി രാത്രിയും അഖിലിനെ ചോദ്യം ചെയ്‌തതില്‍ നിന്നാണ് കൂടുതല്‍ വിവരം വെളിച്ചത്തായത്. 

Eng­lish Sum­ma­ry: Fraud by offer­ing work and tak­ing mon­ey; BJP leader is absconding

You may also like this video

Exit mobile version