Site iconSite icon Janayugom Online

വിത്ത് മുതല്‍ വിപണനം വരെ; പാണഞ്ചേരിയിലൊരു കാര്‍ഷിക വിപ്ലവം

“കായക്കൊല കിലോ നാല്‍പ്പത്തഞ്ചേ…” “അമ്പത്”, “അമ്പത്തഞ്ചേ”, “അമ്പത്തഞ്ച്” ലേലം ഉറപ്പിക്കട്ടെ… മണ്ണുത്തി-പട്ടിക്കാട് ദേശീയപാതയോരത്ത് കര്‍ഷകരുടെ ലേല ചന്ത തകര്‍ക്കുകയാണ്. കൃത്യം മൂന്നാമത്തെ ബെല്ലടിച്ചതോടെ പാണഞ്ചേരി ഫാര്‍മേഴ്സ് റൂറല്‍ ഹട്ടിലെ പതിവ് ലേലം തുടങ്ങി. പാണഞ്ചേരി പഞ്ചായത്തിലെയും സമീപ പ്രദേശങ്ങളായ പുത്തൂര്‍, മാടക്കത്തറ എന്നിവിടങ്ങളിലെയും കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന നേന്ത്രപ്പഴം, ചെറുപഴം, പച്ചക്കറികള്‍, മറ്റു പഴ വര്‍ഗ്ഗങ്ങള്‍ തുടങ്ങിയവയാണ് ലേലത്തിനെത്തിയിട്ടുള്ളത്. ലേല ചന്തയ്ക്കൊപ്പം തന്നെ തെങ്ങ്, മാവ്, പ്ലാവ്, കവുങ്ങ് തുടങ്ങിയ കാര്‍ഷിക ഫലവൃക്ഷങ്ങളുടെ നഴ്സറിയും സജീവമാണ്. ബഡ് ചെയ്തതും ഗ്രാഫ്റ്റ് ചെയ്തതുമൊക്കെയായി ഉയര്‍ന്ന ഗുണനിലവാരമുള്ള വൃക്ഷത്തൈകളാണ് ഇവിടെ വിറ്റഴിക്കുന്നത്. നല്ല ഭക്ഷണം നമുക്ക് മുന്നിലെത്തിക്കുന്ന കര്‍ഷകന് തന്റെ അധ്വാനത്തിന്റെ മുഴുവൻ ഫലവും നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ‘പാണഞ്ചേരി ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി’ കാര്‍ഷിക വിപ്ലവത്തിന് വിത്തിട്ടത്. പാണഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ 20 കര്‍ഷകരുടെ കൂട്ടായ്മയില്‍ തുടക്കം കുറിച്ച ഈ സംരംഭത്തിന് കരുത്തു പകരാൻ ഇന്ന് 500ല്‍ പരം കര്‍ഷകരും ഉപഭോക്താക്കളുമുണ്ട്. നല്ല മണ്ണും വെള്ളവും മികച്ച കാലാവസ്ഥയും പരമ്പരാഗത കര്‍ഷകരുമെല്ലാം ഉണ്ടായിട്ടും കാര്‍ഷിക മേഖല ലാഭകരമല്ലാതായപ്പോഴാണ് കുറച്ച് കൃഷിക്കാര്‍ ചേര്‍ന്ന് പാണഞ്ചേരി ഫാര്‍മേഴ്സ് ക്ലബ്ബിന് രൂപം നല്‍കുന്നത്. നബാര്‍ഡിന്റെയും പട്ടിക്കാടുള്ള സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിന്റെയും സഹായ സഹകരണങ്ങളോടെ 2004ല്‍ 20 കര്‍ഷകരുടെ കൊച്ചു സംരംഭത്തിന് തുടക്കം കുറിക്കുകയായിരുന്നു.

ഇടനിലക്കാരില്ലാതെ കര്‍ഷകന് തന്റെ ഉല്പന്നങ്ങള്‍ നേരിട്ട് ഉപഭോക്താക്കളിലേക്കെത്തിക്കാൻ ഒരിടമെന്നതായിരുന്നു സംരംഭത്തിന്റെ പ്രധാന ആശയം. ഈ മൊത്ത മാര്‍ക്കറ്റിലെ സാധനങ്ങളുടെ വില തീരുമാനിക്കുന്നതും കര്‍ഷകര്‍ തന്നെ. വീട്ടിലുണ്ടായ മുളകും തക്കാളിയും വെണ്ടയുമൊക്കെ ഏതൊരാള്‍ക്കും ഇവിടെയെത്തിച്ച് കച്ചവടം ചെയ്യാം. യാതൊരു വിലക്കുകളുമില്ല. ക്ലബ്ബിലേക്കുള്ള ഏഴ് ശതമാനം കമ്മിഷനെടുത്ത് ബാക്കി തുക മുഴുവനും ലേലം നടന്ന അന്നു തന്നെയോ അതിനടുത്ത ദിവസമോ കര്‍ഷകരിലേക്കെത്തിക്കാൻ കഴിഞ്ഞതോടെ കര്‍ഷകരുടെ ക്ലബ്ബ് വളരുകയായിരുന്നുവെന്ന് പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാൻ ജോണി കോച്ചേരി പറഞ്ഞു. ഇരുപത് വര്‍ഷത്തിലേറെയായി കര്‍ഷകനെയും കച്ചവടക്കാരനെയും ഒരേയിടത്ത് എത്തിക്കുകയായിരുന്നു ഈ കര്‍ഷക കൂട്ടായ്മ. ഇന്റര്‍നെറ്റിന്റെ സഹായത്തോടെ മാര്‍ക്കറ്റ് വിലയറിഞ്ഞ് പരസ്യ വിപണിയില്‍ ലേലം ചെയ്ത് വില്‍ക്കുന്നതോടെ കര്‍ഷകന് കൃത്യമായ, തൂക്കത്തിനനുസരിച്ച് ഉയര്‍ന്ന വിലയും ലഭിക്കുന്നു. ഏതെങ്കിലും കാരണവശാല്‍ ഉല്പന്നത്തിന് മതിയായ വില കിട്ടാതെ വന്നാല്‍ തിരികെ കൊണ്ടുപോകാനും സാധിക്കും. പട്ടിക്കാട് സെന്ററിലായിരുന്നു ആദ്യം ലേല ചന്ത സംഘടിപ്പിച്ചിരുന്നത്.

പിന്നീട് നബാര്‍ഡിന്റെ സഹായത്തോടെ പാണഞ്ചേരി പഞ്ചായത്ത് പരിധിയില്‍ ദേശീയ പാതയോരത്തെ സ്ഥലം ലീസിനെടുത്ത് അങ്ങോട്ട് മാറി. ഇതോടെ കര്‍ഷകരുടെ ഉല്പന്നങ്ങള്‍ തൃശൂരിലേക്കോ മറ്റ് സ്ഥലങ്ങളിലേക്കോ കൊണ്ടുപോകാതെ പ്രാദേശികമായി തന്നെ വിറ്റഴിക്കാൻ സാധിച്ചു. ഇവിടെ വില്‍ക്കപ്പെടുന്ന പ്രാദേശിക കര്‍ഷകരുടെ ഉല്പന്നങ്ങള്‍ക്ക് ജില്ലയ്ക്കകത്തും പുറത്തുമായി നിരവധി ആവശ്യക്കാരാണുള്ളത്. സാധാരണ വിപണി വിലയ്ക്കനുസൃതമായ മാറ്റങ്ങള്‍ ലേല ചന്തയ്ക്കും ബാധകമാണ്. തിങ്കള്‍,ബുധൻ, വെള്ളി ദിവസങ്ങളിലാണ് ലേല ചന്ത നടക്കുക. രാവിലെ 9 മുതല്‍ ആരംഭിക്കുന്ന ചന്ത വൈകുന്നേരം 5 മണി വരെ നീളും. നിലവില്‍ പതിമൂന്ന് ജീവനക്കാരാണ് കമ്പനിയില്‍ ജോലി ചെയ്യുന്നത്. ലേല ചന്തയ്ക്ക്പുറമെ നഴ്സറി സസ്യങ്ങളുടെ വില്പന, വിത്ത് വില്പന, വളം വില്പന എന്നിവയും പ്രൊ‍‍ഡ്യൂസര്‍ കമ്പനി നടത്തുന്നുണ്ട്. സംസ്ഥാനത്തിന്റെ മുഴുവൻ ശ്രദ്ധയാകര്‍ഷിച്ച മൈത്രി തേനീച്ച വളര്‍ത്തല്‍ പദ്ധതിയ്ക്കും മുന്നില്‍ നിന്നത് ഇതേ കര്‍ഷക കൂട്ടായ്മയാണെന്ന് ഡയറക്ടര്‍ തോമസ് സാമുവല്‍ പറഞ്ഞു. പീച്ചി വനാതിര്‍ത്തിയിലുള്ള കൃഷിയിടങ്ങളിലെ കാട്ടാന ശല്യത്തിന് തടയിടുന്നതിനായി ഇക്കോ ഫെൻസിങ്ങ് സ്ഥാപിച്ചപ്പോള്‍ 200 തേനീച്ചക്കൂടുകളും അവിടെ ഇടം പിടിച്ചിരുന്നു.

ഒരു വെടിക്ക് രണ്ട് പക്ഷിയെന്ന നിലയില്‍ കൃഷിയിടങ്ങളുടെ സംരക്ഷണവും ‘പീച്ചി ഫ്രഷ് ഹണി’ എന്ന പുതിയൊരു ബ്രാന്റിന്റെ പിറവിയുമായിരുന്നു അത്. കായ വറുത്തത്, ചക്ക വറുത്തത് തുടങ്ങിയ വറവുകളും തേനിലിട്ട ചക്കപ്പഴവും ഗുണമേന്മയുള്ള ജാമുകളും സ്ക്വാഷുകളുമൊക്കെ വിപണിയിലെത്തിക്കാൻ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയ്ക്ക് കഴിഞ്ഞു. കര്‍ഷകരെ സഹായിക്കുന്നതിനും അവര്‍ക്കാവശ്യമായ വിവരങ്ങള്‍ നല്‍കുന്നതിനുമായി 2006ല്‍ ഗ്രാമ ദീപം എന്ന പേരില്‍ ഇൻഫര്‍മേഷൻ സെന്ററും ഇതിന്റെ തുടര്‍ച്ചയെന്നോണം അഗ്രോ ക്ലിനിക്കും പ്രാബല്യത്തില്‍ വന്നു. പാണഞ്ചേരിയിലെ കര്‍ഷകരെ ചെറിയ ക്ലസ്റ്ററുകളാക്കി ശാസ്ത്രീയമായ കൃഷിരീതികള്‍ പഠിപ്പിക്കുന്നതിനും മികച്ച രീതിയില്‍ കാര്‍ഷികോല്പന്നങ്ങള്‍ സംരക്ഷിക്കുന്നതിനും അവ വിപണനം നടത്തുന്നതിനും മാതൃകയായ ക്ലബ് 2014ല്‍ പ്രൊഡ്യൂസര്‍ കമ്പനിയെന്ന നിലയിലേക്കുയരുകയായിരുന്നു. കൃഷി വകുപ്പിന്റെയും കാര്‍ഷിക സര്‍വകലാശാലയുടെയും അവാര്‍ഡുകളും 2008ല്‍ നബാര്‍ഡിന്റെ ബെസ്റ്റ് ക്ലബ് അവാര്‍ഡ്, 2016ലെ ബെസ്റ്റ് പ്രൊഡ്യൂസര്‍ കമ്പനി അവാര്‍ഡ് എന്നിവയും കമ്പനിയെ തേടിയെത്തി.

ഈ ഓണം വിഭവസമൃദ്ധമാക്കാൻ അത്തം മുതല്‍ ഉത്രാടം വരെ നീളുന്ന ഓണം സ്പെഷ്യല്‍ ലേലച്ചന്തകള്‍ ഒരുക്കാനുള്ള ഓട്ടത്തിലാണ് പാണഞ്ചേരി ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി. സീസണില്‍ ദിവസവും നാല് ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ ലാഭം കൊയ്യാനാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. കൂടുതല്‍ ഭക്ഷ്യ നിര്‍മ്മാണ യൂണിറ്റുകള്‍ ആരംഭിക്കാനും ജനങ്ങള്‍ക്ക് ഉപകാര പ്രദമാകുന്ന രീതിയില്‍ നുറുക്കിയ “റെഡി ടു യൂസ്” പച്ചക്കറി പാക്കറ്റുകള്‍ വിപണിയിലെത്തിക്കാനുമുള്ള പരിശ്രമത്തിലാണ് കമ്പനിയും കര്‍ഷകരും. കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുകയും ഗുണമേന്മയുള്ള ഭക്ഷണം വിപണിയിലെത്തിക്കുന്നതിനൊപ്പം കര്‍ഷകരുടെ ജീവിത നിലവാരം ഉയര്‍ത്താനുമാകുമെന്ന ശുഭപ്രതീക്ഷയിലാണ് ഇവര്‍.

Exit mobile version