ഒരു പ്രധാനമന്ത്രി, മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തുമ്പോള്‍ വസ്തുതാപരമല്ലാത്ത കാര്യങ്ങള്‍ പറയാറില്ല. രാഷ്ട്രീയലക്ഷ്യത്തോടെ ഔദ്യോഗിക യോഗത്തില്‍ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ കുറ്റപ്പെടുത്താറുമില്ല. സ്വാതന്ത്ര്യം കിട്ടിയ നാളുമുതല്‍ പ്രധാനമന്ത്രി കസേരയില്‍ മാറിമാറി ഇരുന്നിട്ടുള്ള എല്ലാ പ്രധാനമന്ത്രിമാരും ഈ കീഴ്‌വഴക്കം പാലിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ പ്രധാനമന്ത്രി മറ്റെല്ലാവരില്‍ നിന്നും വ്യത്യസ്തനാണ്. ഭരണഘടനയും ഫെഡറല്‍ സംവിധാനവും കീഴ്‌വഴക്കങ്ങളും സാമാന്യ മര്യാദയും ഒന്നും അദ്ദേഹത്തിന് ബാധകമല്ല. ഏപ്രില്‍ 26ന് പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ; ബിജെപി ഇതര സംസ്ഥാനങ്ങളില്‍ ഇന്ധനവില വളരെ കൂടുതലാണ്. അതിന് കാരണം കേന്ദ്ര സര്‍ക്കാര്‍ ഇന്ധനനികുതിയില്‍ വരുത്തിയ കുറവ് ഈ സംസ്ഥാനങ്ങള്‍ ജനങ്ങള്‍ക്ക് കൈമാറാത്തതാണ്. നികുതി കുറയ്ക്കാത്ത സംസ്ഥാനങ്ങളുടെ പേരും അദ്ദേഹം പറഞ്ഞു. കേരളം, മഹാരാഷ്ട്ര, തെലങ്കാന, പശ്ചിമബംഗാള്‍, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഝാര്‍ഖണ്ഡ്. ഒരു പ്രധാനമന്ത്രി പറയുന്നതാണെങ്കില്‍, ഏതു വസ്തുതാവിരുദ്ധമായ കാര്യവും രാജ്യം വിശ്വസിക്കും എന്ന് അദ്ദേഹം കരുതുന്നുണ്ടാകാം. അല്ലെങ്കില്‍, ഭൂരിപക്ഷം വരുന്ന ഇന്ത്യയിലെ കോര്‍പറേറ്റ് മാധ്യമങ്ങള്‍ അങ്ങനെ പ്രചരിപ്പിച്ചുകൊള്ളും എന്ന് അദ്ദേഹത്തിന് ആത്മവിശ്വാസമുണ്ടാകാം.
ഇതുകൂടി വായിക്കൂ: ഇന്ധനവിലക്കയറ്റ ഭീതിയില്‍ ജനങ്ങള്‍
പറയുന്നത് പ്രധാനമന്ത്രിയാണെങ്കിലും കള്ളം പറഞ്ഞാല്‍ സത്യമാകില്ലല്ലോ. രാജ്യത്ത് ഇന്ധനവില വര്‍ധനവിന്റെ മുഖ്യകാരണം കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ചതാണ്. 2014ല്‍ മോഡി അധികാരത്തില്‍ വന്നതിനുശേഷം നാലുതവണ മാത്രമാണ് ഇന്ധനനികുതി കുറച്ചത്. 2021 നവംബറില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ നികുതിയില്‍ അഞ്ചു രൂപയും ഡീസലിന്റെ നികുതിയില്‍ 10 രൂപയും കുറച്ചത് ഇതില്‍പെടുന്നു. ബിജെപി അധികാരത്തില്‍ വരുമ്പോള്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ എക്സൈസ് നികുതി 2.98 രൂപ മാത്രമായിരുന്നത് 2022ല്‍ 27.97 രൂപയായി വര്‍ധിച്ചു. അന്ന് ഇന്ധനനികുതിയിലൂടെ കേന്ദ്രത്തിന് ഒരു വര്‍ഷം കിട്ടിയിരുന്നത് 1.51 ലക്ഷം കോടി രൂപയായിരുന്നത്, 2020–21 ല്‍ 3.84 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ലോക മാര്‍ക്കറ്റില്‍ ക്രൂഡോയിലിന്റെ വില കുത്തനെ താഴ്ന്നപ്പോഴൊക്കെ, ഇന്ത്യയില്‍ ഇന്ധനനികുതി വര്‍ധിപ്പിച്ചുകൊണ്ടിരുന്നു. കോവിഡ് മഹാമാരിക്കാലത്തുപോലും കേന്ദ്ര സര്‍ക്കാര്‍ നികുതി വര്‍ധിപ്പിക്കുകയുണ്ടായി. മാത്രവുമല്ല, കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വലിയ കാപട്യവും കാണിച്ചു. എക്സൈസ് നികുതിയായി കേന്ദ്രത്തിന് കിട്ടുന്ന തുകയുടെ 41 ശതമാനം ഭരണഘടനാ പ്രകാരം സംസ്ഥാനങ്ങള്‍ക്ക് കൈമാറണം. 2014–15 ല്‍ ഇങ്ങനെ കേന്ദ്ര സര്‍ക്കാരിന് ലഭിച്ച 1.51 ലക്ഷം കോടി രൂപയുടെ 41 ശതമാനം സംസ്ഥാനങ്ങള്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ സ്ഥിതിയില്‍ ബിജെപി സര്‍ക്കാര്‍ മാറ്റം വരുത്തി. കേന്ദ്രത്തിന് കിട്ടുന്ന എക്സൈസ് നികുതിയുടെ 41 ശതമാനം സംസ്ഥാനങ്ങള്‍ക്ക് കൊടുക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാന്‍ നിയമത്തിലൂടെ ഒരു കുറുക്കുവഴി കണ്ടെത്തി. ‘എക്സൈസ് നികുതി’ എന്നതിനു പകരം ‘അഡീഷണല്‍ എക്സൈസ് ഡ്യൂട്ടി, സര്‍ചാര്‍ജ്, സെസ്’ ഈ രീതിയില്‍ നികുതി ഈടാക്കാന്‍ തുടങ്ങി. ഇതിന്റെ ഫലമായി ഒരു ലിറ്റര്‍ പെട്രോളില്‍ നിന്ന് 27.97 രൂപ കേന്ദ്ര സര്‍ക്കാരിന് ലഭിക്കുമ്പോള്‍, അതില്‍ അടിസ്ഥാന നികുതിയായി കണക്കാക്കുന്നത് 1.41 രൂപ മാത്രമാണ്. ഈ തുകയുടെ 41 ശതമാനം മാത്രമെ സംസ്ഥാനങ്ങള്‍ക്ക് പങ്കുവയ്ക്കേണ്ടിവരുന്നുള്ളു. അടിസ്ഥാന നികുതിയുടെ എട്ടിരട്ടി സെസ്, അഡീഷണല്‍ എക്സൈസ് ഡ്യൂട്ടി, സര്‍ചാര്‍ജ് എന്നീ വിധത്തില്‍ പിരിച്ചെടുക്കുന്ന മറ്റൊരു രാജ്യം ലോകത്തില്ല. ഇവിടെ ന്യായമായും ഒരു ചോദ്യം ഉയരും. കേന്ദ്ര സര്‍ക്കാര്‍ ഇങ്ങനെ പകല്‍ക്കൊള്ള നടത്തിയിട്ടും സംസ്ഥാനങ്ങള്‍ ഒറ്റക്കെട്ടായി ഇതിനെ എതിര്‍ക്കാത്തത് എന്തുകൊണ്ട്? അവിടെയാണ് മോഡിയുടെയും ബിജെപിയുടെയും കൗശലം വെളിവാകുന്നത്.
ഇതുകൂടി വായിക്കൂ: അത്തര്‍ കുപ്പിയിലെ പത്തുതുള്ളി പെട്രോള്‍
പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ഈ കാര്യത്തില്‍ ഉണ്ടാകുന്ന അതേ നഷ്ടം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കും സംഭവിക്കുന്നുണ്ട്. പക്ഷെ അവര്‍ എതിര്‍ത്ത് രംഗത്തുവരില്ല. കാരണം ഇന്ധനനികുതി വിഹിതത്തില്‍ ഉണ്ടാകുന്ന നഷ്ടത്തേക്കാള്‍ കൂടുതല്‍ തുക, കേന്ദ്ര സര്‍ക്കാരില്‍ നിന്നും മറ്റു വഴികളില്‍ അവര്‍ക്കു കിട്ടുന്നുണ്ട്. ധനകാര്യ കമ്മിഷന്‍ ശുപാര്‍ശ വന്നപ്പോഴാണ് അത് വ്യക്തമായത്. ജനസംഖ്യാനുപാതികമായി കേന്ദ്ര വിഹിതത്തിന്റെ 2.77 ശതമാനം തുക കിട്ടാനുള്ള അര്‍ഹത കേരളത്തിനുണ്ട്. എന്നാല്‍ കിട്ടാൻ പോകുന്നത് 1.92 ശതമാനം മാത്രം. പ്രതിപക്ഷം ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളുടെയും സ്ഥിതി ഇതാണ്. എന്നാല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കെല്ലാം ജനസംഖ്യാനുപാതികമായി ലഭിക്കേണ്ട തുകയേക്കാള്‍ ഉയര്‍ന്ന വിഹിതം നിശ്ചയിച്ചു നല്‍കി. യുപി, ബിഹാര്‍, ഗുജറാത്ത്, മധ്യപ്രദേശ്, മണിപ്പുര്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന കേന്ദ്രവിഹിതത്തിന്റെ കണക്ക് പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. കേരളം പോലുളള സംസ്ഥാനങ്ങളെ നേരായ വഴിയില്‍ പരാജയപ്പെടുത്താന്‍ കഴിയാതെ വന്നപ്പോള്‍, ഒരു ഭരണകൂടം ചെയ്യാന്‍ പാടില്ലാത്ത തെറ്റായ വഴികളിലൂടെ സാമ്പത്തികമായി വീര്‍പ്പുമുട്ടിക്കാനും വികസന പ്രക്രിയയുടെ അടിത്തറ തകര്‍ക്കാനുമാണ് കേന്ദ്രം ശ്രമിക്കുന്നത്.
ഇതുകൂടി വായിക്കൂ: ഇന്ധനവിലക്ക് പിന്നാലെ മരുന്ന് വില വര്‍ധനവില്‍ കയ്യൊഴിഞ്ഞ് കേന്ദ്രം
ജൂണ്‍ മാസം കഴിഞ്ഞാല്‍ ജിഎസ്‌ടിയുടെ നഷ്ടപരിഹാര തുക സംസ്ഥാനങ്ങള്‍ക്ക് നല്‍കില്ലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. എഴുപതിനായിരത്തിലധികം കോടി രൂപയാണ് ഇതിലൂടെ കേരളത്തിന് നഷ്ടമാകുന്നത്. ഇന്ധനനികുതി പങ്കുവയ്പില്‍ കൊണ്ടുവന്ന മാറ്റങ്ങളിലൂടെയും കേന്ദ്ര വിഹിതത്തില്‍ വരുത്തിയ കുറവിലൂടെയും ജിഎസ്‌ടി നഷ്ടപരിഹാര തുക ഇല്ലാതാകുന്നതിലൂടെയും കേന്ദ്രത്തില്‍ നിന്ന് കേരളത്തിന് കിട്ടാന്‍ അര്‍ഹതപ്പെട്ട തുകയില്‍ 34,000ത്തില്‍ അധികം കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്. ഈ യാഥാര്‍ത്ഥ്യങ്ങള്‍ മിഴിതുറന്നു നില്‍ക്കുമ്പോഴാണ് നരേന്ദ്രമോഡി തീര്‍ത്തും വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ ഒരു ഔദ്യോഗിക യോഗത്തില്‍ പറഞ്ഞത്. ഒരു പ്രധാനമന്ത്രി ഇങ്ങനെ ചെറുതാകുന്നത് രാജ്യത്തിനുതന്നെ അപമാനമാണ്. ഈ യോഗത്തില്‍ കേരളത്തിന്റെ പേരു പറയുമ്പോള്‍, കേരളം കഴിഞ്ഞ ആറു വര്‍ഷത്തിനുള്ളില്‍ ഒരിക്കല്‍പോലും ഇന്ധനനികുതി വര്‍ധിപ്പിച്ചിട്ടില്ല എന്നും നികുതി കുറയ്ക്കുകയാണ് ഉണ്ടായതെന്നുമുള്ള വസ്തുത ബോധപൂര്‍വം അദ്ദേഹം മറച്ചുവയ്ക്കുകയായിരുന്നു.
ഇതുകൂടി വായിക്കൂ: മോഡിയുടെ ഗുരുനിന്ദ, ഒരു സംഘ്പരിവാർ അജണ്ട
കേന്ദ്രത്തിന് കിട്ടുന്ന ഇന്ധന വരുമാനത്തില്‍ 2021ല്‍ മാത്രം 234 ശതമാനം വര്‍ധനവാണുണ്ടായത്. അതേസമയം സംസ്ഥാനങ്ങള്‍ക്കുണ്ടായ വര്‍ധനവ് 48 ശതമാനം മാത്രമാണ്. മൊത്തം ഇന്ധനനികുതിയുടെ 68.47 ശതമാനവും ലഭിക്കുന്നത് കേന്ദ്ര സര്‍ക്കാരിനാണ്. എന്നാല്‍ വിദ്യാഭ്യാസം, ചികിത്സ, സാമൂഹ്യക്ഷേമം തുടങ്ങി ജനങ്ങളുടെ അടിസ്ഥാന വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും സംസ്ഥാനത്തിനാണ്. ബിജെപി അധികാരത്തില്‍ വന്നിട്ട് ഇതുവരെ 14 ലക്ഷത്തില്‍ അധികം കോടി രൂപയുടെ വരുമാനമാണ് ഇന്ധനനികുതിയിലൂടെ മാത്രം ലഭിച്ചത്. റിസര്‍വ് ബാങ്കില്‍ നിന്നും ലഭിക്കുന്ന ലാഭവിഹിതം, ഓഹരി വിറ്റഴിക്കുന്നതിലൂടെ ലഭിക്കുന്ന തുക ഇതൊന്നും സംസ്ഥാനങ്ങള്‍ക്ക് പങ്കുവയ്ക്കുന്നില്ല. ഇക്കാര്യങ്ങളും ഒരു പ്രധാനമന്ത്രി അറിയാതിരിക്കാന്‍ തരമില്ല.
ഇതുകൂടി വായിക്കൂ: ജി എസ് ടി വൻ പരാജയം
ജിഎസ്‌ടി 2017ല്‍ നടപ്പിലാക്കിയതിനുശേഷം സംസ്ഥാനങ്ങള്‍ക്ക് നികുതി ചുമത്താന്‍ കഴിയുന്നത് രണ്ടേ രണ്ട് ഉല്പന്നങ്ങളുടെ പുറത്തു മാത്രമാണ്. ഇന്ധനം, മദ്യം എന്നിവയാണിവ. ഇന്ധന നികുതിയിലൂടെ കേന്ദ്ര സര്‍ക്കാരിനു കിട്ടുന്ന മൊത്തം തുകയുടെ 41 ശതമാനം സംസ്ഥാനങ്ങള്‍ക്ക് കൈമാറുകയാണെങ്കില്‍ സംസ്ഥാനങ്ങള്‍ നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഇന്ധനനികുതിയില്‍ വന്‍ കുറവുവരുത്താന്‍ അവര്‍ക്ക് കഴിയും. അങ്ങനെയൊരു മാറ്റം വരികയാണെങ്കില്‍ പെട്രോളും ഡീസലും ലിറ്ററിന് 60 രൂപയ്ക്ക് താഴെ വിലയ്ക്ക് നല്‍കാനാകും. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഈ വിധത്തിലുള്ള ആവശ്യങ്ങള്‍ ഉന്നയിക്കുകയും നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയും വേണം. കഴിഞ്ഞ വര്‍ഷം മാത്രം ഇന്ധനനികുതിയിലൂടെ കേന്ദ്രത്തിന് ലഭിച്ച 3.84 ലക്ഷം കോടി രൂപയില്‍ 18,000 (4.81 ശതമാനം) കോടി രൂപയുടെ 41 ശതമാനം മാത്രമെ സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുന്നുള്ളു. ബാക്കി 2.30 ലക്ഷം കോടി രൂപ സെസിലൂടെയും 1.36 ലക്ഷം കോടി രൂപ അഡീഷണല്‍ എക്സൈസ് തീരുവയിലൂടെയുമാണ് ലഭിക്കുന്നത്. ഈ കണക്കു പ്രകാരം കേന്ദ്രം കയ്യടക്കിവച്ചിരിക്കുന്ന തുകയുടെ 41 ശതമാനം തുകയായ 1.72 ലക്ഷം കോടി രൂപ ഈ വര്‍ഷം കിട്ടാന്‍ സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതയുണ്ട്. ഒരു ഫെഡറല്‍ സംവിധാനത്തിന്റെ സുസ്ഥിരമായ നിലനില്പിന് ഇത് അനിവാര്യമാണെന്ന ചിന്ത രാജ്യമാകെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ഉത്തരവാദിത്തമുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഈ നീതികേടിന് തടയിട്ടേ മതിയാകു.