1 March 2024, Friday

അത്തര്‍ കുപ്പിയിലെ പത്തുതുള്ളി പെട്രോള്‍

ദേവിക
വാതിൽപ്പഴുതിലൂടെ
April 11, 2022 6:07 am

തമിഴകത്തെ കല്യാണങ്ങളാണ് കല്യാണം. ചെണ്ട, തകില്‍, നാദസ്വരമേളം, തെരുവുകളില്‍ ഡപ്പാക്കുത്ത് ഡാന്‍സ്, വെടിക്കെട്ട്, വീഥികള്‍ക്കിരുപുറവും വധൂവരന്മാരുടെ ചിത്രങ്ങളുള്ള ബോര്‍ഡുകള്‍, ചുവരെഴുത്തുകള്‍. ആകെ ഒരു മഹോത്സവം. വധൂവരന്മാര്‍ക്ക് സമ്മാനമായി വെങ്കലപാത്രങ്ങളും. മിക്സിയും ഗ്രൈന്‍ഡറും വാഷിങ് മെഷീനും ഫ്രിഡ്ജും ഇത്യാദികളും. ഇപ്പോഴിതാ തമിഴക കല്യാണങ്ങളും മാറുന്നു. അല്ലെങ്കില്‍ മോഡി തമിഴ് കല്യാണ പാരമ്പര്യങ്ങള്‍ മാറ്റിയെതുന്നു. കല്യാണ സമ്മാനങ്ങളുടെ പഴയ കെട്ടും മട്ടുമെല്ലാം മാറി. കഴിഞ്ഞ ദിവസം ചിങ്കല്‍പ്പെട്ടിലെ കീര്‍ത്തനയും ഗിരീഷും തമ്മില്‍ വിവാഹിതരായി വിവാഹ സമ്മാനമായി ബന്ധുമിത്രാദികള്‍ നല്കിയത് അരലിറ്ററും ഒരുലിറ്ററും പെട്രോളും ഡീസലും. എണ്ണയ്ക്ക് പൊന്നുംവിലയായതിനാല്‍ ഒരു വിരുതന്‍ ഒരത്തര്‍ കുപ്പിയില്‍ തിരുമണസമ്മാനമായി നല്കിയത് പത്തുതുള്ളി പെട്രോള്‍! ഇനിയെങ്കിലും മോഡിയെ തമിഴക നവോത്ഥാനായകനെന്ന് ഒന്നു വിളിക്ക്. മോഡി പെരിയോര്‍ എന്നു വിളിച്ചാല്‍ എന്തു ചന്തമായിരിക്കും. കഴിഞ്ഞ ദിവസം ഒരു പയ്യന്‍ പറയുന്നത് കേട്ടു. ജോലിക്ക് പോകാന്‍ വേണ്ടി പെട്രോളടിക്കുകയായിരുന്നു ഇതുവരെ. ഇപ്പോള്‍ പെട്രോളടിക്കാന്‍ വേണ്ടി ഞാന്‍ ജോലിക്കു പോകുന്നു. ഇന്ത്യയുമങ്ങ് കളറാവുകയല്ലേ, ശ്രീലങ്കയോട് നാം ഓടിയടുക്കുകയല്ലേ. വരുമാനത്തിന്റെ 24 ശതമാനം ഇന്ധനത്തിനു ചെലവാക്കുന്ന നമ്മളെ മോഡി ലോകമഹാശക്തിയാക്കിയില്ലേ. ഇനി ഒരു ലോകമഹായുദ്ധം കൂടി നടത്തിയാല്‍ മതി. സര്‍വം ശുഭമാകും.


ഇതുകൂടി വായിക്കു:  രോഗവ്യാപനം തടയാന്‍ കൊറോണ ദേവിക്ക് പൂജ


ഭൂലോകതരികിടയായ സ്വാമി ബാബാ രാംദേവ് മാട്ടിറച്ചി കച്ചവടക്കാരനാണെന്ന് ആരെങ്കിലും പറയുമോ. ഗോമാതാവിന്റെ മാംസം ഹലാലാക്കി വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നവരില്‍ രാംദേവിനൊപ്പം മോഡിയുടെ പ്രിയശിഷ്യരായ അഡാനിയുടെയും അംബാനിയുടെയും ഭീമന്‍ കമ്പനികളുമുണ്ടെന്ന് വെളിപ്പെടുത്തിയത് കര്‍ണാടക കോണ്‍ഗ്രസ് വക്താവായ പ്രിയങ്കാ ഖാര്‍ഗേ. കര്‍ണാടകയില്‍ അന്നന്നത്തെ അന്നത്തിനു വേണ്ടി ഹലാല്‍ മാംസ കച്ചവടം നടത്തുന്ന പാവങ്ങള്‍ക്കെതിരെ സംഘ്പരിവാര്‍ വ്യാപകമായ ആക്രമങ്ങള്‍ അഴിച്ചുവിടുന്നു. ഹിന്ദു പൂച്ചസന്യാസി രാംദേവിന് ഗോമാതാവ് കച്ചവട വസ്തു. വിദേശ മാംസ കയറ്റുമതിക്കുള്ള വെറും മാടുകള്‍. പാല്‍വിറ്റ് ഉപജീവനം നടത്താന്‍ ഒരു പശുവിനെ വാങ്ങിക്കൊണ്ടു പോകുന്ന മുസ്‌ലിം യുവാവിനെയായാലും ഹിന്ദു പയ്യനെയായാലും കശാപ്പിനു കൊണ്ടുപോകുന്ന പശുവാണെന്നു പറഞ്ഞു തല്ലിക്കൊല്ലുന്ന ഹിന്ദുഭീകരന്‍. ആയിരക്കണക്കിന് ഗോക്കളെ വളര്‍ത്തിക്കൊന്നൊടുക്കി വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന രാംദേവിനും അംബാനിക്കും അഡാനിക്കുമെതിരെ ഒരു മുദ്രാവാക്യമെങ്കിലും മുഴക്കാന്‍ ഈ ഹിന്ദു കൊലയാളികള്‍ക്കാവുമോ. കുറേ പുളിക്കും!


ഇതുകൂടി വായിക്കു:  നവരാത്രിയിലെ പെണ്‍ഭാവവും ബുള്ളറ്റ് നാരായണിയും


ഭൂമി മലയാളത്തില്‍ ഞരമ്പുരോഗികളുടേയും കാട്ടാളന്മാരുടേയും സംഖ്യ പെരുകുകയാണോ. ആണെന്നുറപ്പ്. കുറേ വര്‍ഷം മുമ്പുവരെ വെളുപ്പാന്‍ രാവിലെ യുവതികള്‍ കുളിച്ച് ഈറനുടുത്ത് തുളസിക്കതിര്‍ മുടിയില്‍ ചൂടി അമ്പലങ്ങളിലെ നിര്‍മ്മാല്യ ദര്‍ശനത്തിനു പോകുന്നത് ഒരു പതിവു കാഴ്ചയായിരുന്നു. ഇന്നതു നടക്കുമോ. ഇരുചക്രവാഹനങ്ങളില്‍ വന്ന് പുലര്‍ക്കാല യാത്ര നടത്തുന്ന പെണ്ണുങ്ങളുടെ നിതംബത്തിലെങ്കിലും ഒന്നു തൊട്ട് സായൂജ്യമടയുന്ന ഞരമ്പുരോഗികള്‍. മൂവാറ്റുപുഴയിലെ ഒരു എന്‍ജിനീയര്‍ പയ്യനായ ഇമ്മാനുവേല്‍ കഴിഞ്ഞ ദിവസം പൊലീസ് വലയിലായി. എന്‍ജിനീയര്‍ സാര്‍ എന്നും ബ്രാഹ്മ മുഹൂര്‍ത്തത്തിലുണര്‍ന്ന് കുളിച്ചു കുട്ടപ്പനായി ഹെല്‍മെറ്റണിഞ്ഞ് ബൈക്കില്‍ കൊച്ചിയിലേക്ക് വച്ചുപിടിക്കും. എത്ര കിലോമീറ്ററാണിങ്ങനെ വണ്ടിയോടിക്കുന്നത്. നൂറുകിലോമീറ്റളോളം. ജോലിക്കോ ചാക്കാലയ്ക്കോ അല്ല ഈ പാച്ചില്‍. കൊച്ചിയില്‍ പ്രഭാതസവാരിക്കിറങ്ങുന്ന പെണ്ണുങ്ങളുടെ നിതംബസ്പര്‍ശനത്തിന്. സംഗതി കഴിഞ്ഞാല്‍ മൂവാറ്റുപുഴയ്ക്ക് മടക്കയാത്ര! ഇമ്മാനുവലിനെ എന്തുവിളിക്കണം. ഞരമ്പുരോഗചികിത്സാ ക്ലിനിക്കുകള്‍ വാര്‍ഡുതോറും തുടങ്ങിയാലേ മോചനമുള്ളു. കരയാം നമുക്ക്, സാംസ്കാരിക കേരളമല്ലേ!
കഴിഞ്ഞ ദിവസം ലണ്ടനിലെ ഡാര്‍ട്ട്മൂര്‍ ജയിലില്‍ ഒരു മരണമുണ്ടായി. സ്വാഭാവിക മരണം. മരിച്ചയാളുടെ പേര് കോമ്രേഡ് ബാല, വയസ് 81. സ്വയം അവരോധിത മാവോയിസ്റ്റ് നേതാവായതിനാല്‍ സഖാവ് എന്ന വിശേഷണം കൂടി പേരിനൊപ്പം തുന്നിച്ചേര്‍ത്തതായിരുന്നു. ആളാകട്ടെ സ്വയമ്പന്‍ മലയാളി. മുഴുവന്‍ പേര് അരവിന്ദന്‍ ബാലകൃഷ്ണന്‍. സിംഗപ്പുരില്‍ നിന്നും ലണ്ടനിലേക്ക് ചേക്കേറിയ കോമ്രേഡ് ബാല ഒരു രഹസ്യ മാവോയിസ്റ്റ് ഗ്രൂപ്പു തന്നെ സ്ഥാപിച്ചു. എല്ലാ മാവോയിസ്റ്റുകളും ഒന്നിച്ചു താമസിക്കുന്ന കമ്മ്യൂണ്‍. ഭാര്യയും മകള്‍ കാര്‍ത്തി മോര്‍ഗനും ഒപ്പം തന്നെയുണ്ടായിരുന്നു. ക്രമേണ കോമ്രേഡ് ബാല കൊടുംകുറ്റവാളിയായി രൂപാന്തരപ്പെടുകയായിരുന്നു. ക്രമേണ മാവോയിസത്തില്‍ നിന്ന് അതീന്ദ്രിയ ശക്തികളിലേക്ക് കോമ്രേഡ് ഗതിമാറ്റിപ്പിടിച്ചു. കമ്മ്യൂണിലെ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത അയാള്‍ മൂന്നു പതിറ്റാണ്ടോളം തന്റെ മകള്‍ കാര്‍ത്തിയേയും ഹീനമായ പീഡനത്തിനിരയാക്കി. ലൈംഗികാതിക്രമം, ബാലപീഡനം, അന്യായ തടങ്കല്‍ തുടങ്ങി 16 കുറ്റങ്ങള്‍ ചുമത്തി കോമ്രേഡിനെ അറസ്റ്റ് ചെയ്തത് മകളുടെ വെളിപ്പെടുത്തലോടെ. കോമ്രേഡ് ദൈവമായി മാറിയതോടെ ചുമലില്‍ കുമിഞ്ഞു കൂടിയ പാപകൃത്യങ്ങള്‍. 23 വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട അയാള്‍ ജയിലില്‍ വച്ചു തന്നെ മരിച്ചപ്പോള്‍ കോമ്രേഡ് ബാലയുടെ അന്ത്യം ലോകമാധ്യമങ്ങള്‍ക്കാകെ വന്‍ വാര്‍ത്തയായി. മലയാളിയായിട്ടുപോലും ഈ വാര്‍ത്ത നമ്മുടെ മാധ്യമങ്ങള്‍ അറിഞ്ഞില്ല.


ഇതുകൂടി വായിക്കു:  ഉത്രാളിക്കാവ് പൂരം ഉക്രെയ്ന്‍ യുദ്ധമാക്കുന്നവര്‍!


കുമ്പളങ്ങിയിലെ വീട്ടില്‍ തിരുതവരട്ടിയതു തിന്നും സോണിയയ്ക്കും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തിരുതസ്പെഷ്യലുകളും കുമ്പളങ്ങി കരിമീനും വിളമ്പിയും ശിഷ്ടകാലം കഴിട്ടുകൂട്ടിയ കെ വി തോമസ് കോവികൂകിവെളുത്തപ്പോള്‍ ഉണ്ടാക്കിയെടുത്ത അഖിലേന്ത്യാ പ്രശസ്തി കണ്ട് ദേവികയ്ക്ക് കടുത്ത അസൂയ തോന്നുന്നു. സോണിയയ്ക്കും രാഹുലിനും പ്രിയങ്കയ്ക്കും കാലങ്ങളായി തിരുതപൊരിച്ചതു വിളമ്പിയാണ് അദ്ദേഹം കേന്ദ്രമന്ത്രിവരെയുള്ള സ്ഥാനമാനങ്ങള്‍ വാരിക്കൂട്ടിയതെന്ന് ശത്രുക്കള്‍ പറയുന്നു. പക്ഷേ സോണിയ പറഞ്ഞതും കേള്‍ക്കാതെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് പോയ മാഷ് ഒരു വാര്‍ത്താ പ്രപഞ്ചമല്ലേ സൃഷ്ടിച്ചുകളഞ്ഞത്. നമ്മുടെ മാധ്യമങ്ങളുടെ കരുതലിനും ജാഗ്രതയ്ക്കുമല്ലേ ചെമ്പട്ടണിയിക്കേണ്ടത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിക്കാന്‍ വിളിച്ചു കൂട്ടിയ പത്രസമ്മേളനം മുതല്‍ മാധ്യമ പ്രവര്‍ത്തകര്‍ ഡയറിയും പേനയും കാമറയും കുന്തവും കൊടച്ചക്രവുമായി മാഷിന്റെ വീട്ടില്‍ കുടികിടപ്പായി. ഇപ്പോഴും പൊറുതി തുടരുകയും ചെയ്യുന്നു. മാഷിന് സ്വസ്ഥമായി ഒന്നു കക്കൂസില്‍ പോകാന്‍ പോലും കഴിയുന്നില്ല. ഉടന്‍ ലേഖകന്‍ ‘അതാ തോമസ് മാഷ് ശുചിമുറിയിലേക്ക്. തിരിച്ചിറങ്ങാന്‍ വൈകുന്നതു സെമിനാറില്‍ സംസാരിക്കാനുള്ള കാര്യങ്ങള്‍ ഹൃദിസ്ഥമാക്കാനായിരിക്കുമെന്ന് പ്രേക്ഷക കോടികളെ അറിയിച്ചുകൊള്ളട്ടെ. പുറത്തിറങ്ങിയാലോ’ അദ്ദേഹം തന്റെ കൂട്ടിലടച്ച പഞ്ചവര്‍ണ തത്തയെ താലോലിക്കുകയാണ്. കോണ്‍ഗ്രസിന്റെ കൂട്ടിലടച്ച തത്തയായ തന്റെ അവസ്ഥ തന്നെ ആ പഞ്ചവര്‍ണതത്തയ്ക്കുമെന്ന് അദ്ദേഹം ആലോചിക്കുകയാവാം’. മനുഷ്യന്റെ മനസില്‍ കയറിയും റിപ്പോര്‍ട്ടു ചെയ്യുന്ന മലയാളി മാധ്യമവൈഭവം!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.