ഡൽഹിയിൽ ഞായറാഴ്ച സമാപിച്ച ജി20 ഉച്ചകോടി പ്രചണ്ഡമായ പ്രചരണ കോലാഹലങ്ങൾക്കിടയിൽ മറച്ചുവയ്ക്കപ്പെട്ട യാഥാർത്ഥ്യങ്ങളുടേതു കൂടിയാണെന്ന വാർത്തകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഉച്ചകോടിയുടെ നേട്ടങ്ങൾ മാത്രമാണ് ഇതുവരെ എടുത്തുകാട്ടപ്പെട്ടത്. ഏതു സ്വേച്ഛാധിപത്യ ഭരണകാലത്തും എന്നതുപോലെ വ്യക്തിപ്രഭാവങ്ങളാണ് പ്രചരിപ്പിക്കപ്പെട്ടത്. പുറത്തുവന്നതത്രയും പ്രകീര്‍ത്തനങ്ങളായിരുന്നു. ഒരു കേന്ദ്രത്തില്‍ നിന്ന് വ്യക്തമായ ലക്ഷ്യത്തോടെ തയ്യാറാക്കിയവയാണ് വാര്‍ത്തകളെല്ലാമെന്ന് വ്യക്തം. രണ്ട് ഉദാഹരണങ്ങള്‍ പരിശോധിക്കാം. പ്രധാനമന്ത്രി നരേന്ദ്ര മോഡി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായും നടത്തിയ കൂടിക്കാഴ്ചകളുടെ പുറത്തുവിട്ട വാര്‍ത്തകളാണവ. ബൈഡനും മോഡിയും തമ്മിലുള്ള ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ ഇരുവരും പരസ്പര സഹകരണത്തെയും വിവിധ മേഖലകളിലെ തന്ത്രപരമായ പങ്കാളിത്തത്തെയും കുറിച്ച് ചര്‍ച്ച ചെയ്തെന്നായിരുന്നു വാര്‍ത്തകള്‍. ഇക്കാര്യങ്ങള്‍ വിശദമാക്കുന്ന ഇരുവരുടെയും സംയുക്ത പ്രസ്താവനയും പുറത്തുവന്നു. അതേസമയം കനേഡിയന്‍ പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയുടെ വാര്‍ത്തകളില്‍ ആ രാജ്യത്ത് നടക്കുന്ന ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മോഡി ഉത്ക്കണ്ഠ അറിയിച്ചുവെന്നതിനായിരുന്നു പ്രാധാന്യം കല്പിക്കപ്പെട്ടത്.
ഇത് കൂടി വായിക്കൂ: ഫാസിസം ആഗ്രഹിക്കുന്നത് ചൊല്‍പ്പടിക്കാരെ മാത്രം | JANAYUGOM EDITORIAL
ഈ രണ്ട് വിഷയങ്ങളും മോഡിക്ക് മൈലേജുണ്ടാക്കുന്നവയാണെന്നതില്‍ സംശയമില്ല. ഇതിലൂടെ രാജ്യസ്നേഹിയെന്ന പേര് മോഡിക്ക് കിട്ടും. ഇന്ത്യക്കുവേണ്ടിമാത്രം സംസാരിക്കുന്ന പ്രധാനമന്ത്രിയെന്ന പേരും ചാര്‍ത്തപ്പെടും. പക്ഷേ ജി20 ഉച്ചകോടി കഴിഞ്ഞ് മടങ്ങിയ ബൈഡന്‍ വിയറ്റ്നാമിലെ ഹാനോയില്‍ വച്ച് പറഞ്ഞ കാര്യങ്ങളില്‍ വ്യത്യസ്തമായ ചിലതുണ്ടായിരുന്നു. ഇന്ത്യയിലെ മനുഷ്യാവകാശ പ്രശ്നങ്ങളും പത്രസ്വാതന്ത്ര്യവും ഉന്നയിച്ചുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ശക്തവും സമ്പന്നവുമായ രാജ്യം കെട്ടിപ്പടുക്കുന്നതില്‍ പൗരസമൂഹത്തിനും സ്വതന്ത്ര മാധ്യമങ്ങള്‍ക്കും സുപ്രധാന പങ്കുണ്ടെന്നും മോഡിയോട് പറഞ്ഞുവെന്ന് ബൈഡന്‍ വിശദീകരിക്കുന്നുണ്ട്. ബൈഡന്‍ മോഡിയോട് ഇന്ത്യയിലെ സുപ്രധാനമായ ഇ ത്തരം വിഷയങ്ങളെ കുറിച്ച് സംസാരിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നില്ല എന്നിടത്തുനിന്നാണ് മോഡിയുടെയും അവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങളുടെയും ശോഭ കെടുന്നത്. എന്നുമാത്രമല്ല ബൈഡന് മാധ്യമങ്ങളെ കാണുന്നതിന് അവസരം ന ല്‍കിയില്ലെന്ന് വൈറ്റ്ഹൗസ് മാധ്യമ സെക്രട്ടറി ജീന്‍ പിയറി വെളിപ്പെടുത്തുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കഴിഞ്ഞ യുഎസ് സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളെ കാണുന്നതിന് അവസരം നല്കിയിരുന്നതാണ്.
ജി20യുടെ നിയുക്ത അധ്യക്ഷന്‍ ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വയുടെ അഭിമുഖത്തിലെ ചില ഭാഗങ്ങളും ഇവിടെ നാം ചേര്‍ത്തു വായിക്കണം. അടുത്ത ജി20 ഉച്ചകോടി സ്വാഭാവികമായും ബ്രസീലിലെ റിയോ ഡി ജനീറയിലാണ് നടക്കേണ്ടത്. അവിടെ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന് നേരിട്ട് പങ്കെടുക്കാമെന്നും ആരും അദ്ദേഹത്തെ അറസ്റ്റ് ചെയ്യില്ലെന്നുമായിരുന്നു ലുല ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
ഇത് കൂടി വായിക്കൂ: ഗവര്‍ണര്‍മാരുടെ അമിതാധികാര പ്രവണതയെ കൂട്ടായി ചെറുക്കണം | JANAYUGOM EDITORIAL
ഉക്രെയ്ന്‍ യുദ്ധക്കുറ്റത്തില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അറസ്റ്റ് വാറണ്ടുള്ളതിനാൽ പുടിന്‍ ഡൽഹി ജി 20യിൽ പങ്കെടുത്തിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ ലുലയുടെ അഭിമുഖം വായിക്കുമ്പോള്‍ ഇത്രയും തന്റേടം കാട്ടാന്‍ മോഡിക്ക് ആയില്ലല്ലോ എന്ന് മനസിലാക്കണം. അല്ലെങ്കില്‍ യുഎസ് ഉള്‍പ്പെടെയുള്ള സാമ്രാജ്യത്ത രാജ്യങ്ങളോടുള്ള വിധേയത്വം അദ്ദേഹത്തെ ഭയപ്പെടുത്തിയെന്ന് വിശ്വസിക്കേണ്ടി വരും. സമവായത്തിലാണ് സംയുക്ത പ്രസ്താവനയുണ്ടായതെന്ന വ്യാപക പ്രചരണമാണ് ശനിയാഴ്ച മുതല്‍ പുറത്തുവരുത്തിയതെങ്കിലും പിന്നീട് വിവിധ രാജ്യങ്ങളില്‍ നിന്നുണ്ടായ പ്രതികരണം അത് പൂര്‍ണമായും വിശ്വസിക്കാന്‍ പ്രയാസമുണ്ടാക്കുന്നതുമായി. തങ്ങളെ കുറ്റപ്പെടുത്താത്തതിനാല്‍ റഷ്യ പ്രമേയത്തെ പരസ്യമായി ശരിവച്ചെങ്കില്‍ ഉക്രെയ്ന്‍ അസംതൃപ്തി വെളിപ്പെടുത്തി. യുഎസ് വ്യക്തമായ പ്രതികരണം നടത്തിയില്ലെന്നതും ശ്രദ്ധേയമാണ്. ഫലത്തില്‍ കൊട്ടിഘോഷങ്ങള്‍ക്കപ്പുറം മറച്ചുവയ്ക്കപ്പെട്ട പലതും ഉണ്ടെന്ന പ്രതീതിയാണ് ജി20 അവസാനിച്ചപ്പോള്‍ ഉണ്ടായിരിക്കുന്നത്.