Site iconSite icon Janayugom Online

ജി20 ഉച്ചകോടിയുടെ ബാക്കിപത്രം

ജി20 രാജ്യക്കൂട്ടായ്മാ മാമാങ്കം, രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ സെപ്റ്റംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ നടന്നു. നേട്ടങ്ങള്‍ മാത്രം ഉയര്‍ത്തിക്കാട്ടുകയും കോട്ടങ്ങള്‍ അവ എത്ര ഗുരുതരമായാലും മനഃപൂര്‍വം തമസ്കരിക്കുകയും ചെയ്യുക എന്ന ഏകാധിപതികളുടെ സ്ഥിരം ശെെലി, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കുന്നു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗുജറാത്ത് സന്ദര്‍ശനത്തിനിടെ അഹമ്മദാബാദിലെ ചേരിപ്രദേശങ്ങള്‍ മറച്ചുവയ്ക്കാന്‍ മോഡി ഭരണകൂടം പ്രകടമാക്കിയ വ്യഗ്രതയുടെ തനിയാവര്‍ത്തനമാണ് ഇക്കുറി ന്യൂഡല്‍ഹിയിലുണ്ടായത്. ഇന്ത്യന്‍ പ്രധാനമന്ത്രി ഉച്ചകോടിയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതോടെ ആവിഷ്കരിക്കപ്പെട്ട തന്ത്രപരമായ നീക്കങ്ങളുടെ ഭാഗമെന്ന നിലയിലാണ് പ്രഗതി മെെതാനത്തിന് സമീപം ഇക്കാര്യങ്ങള്‍ അരങ്ങേറിയത്. എന്നാല്‍ ചിലദൃശ്യമാധ്യമങ്ങള്‍ ഇത്തരം കാര്യങ്ങള്‍ ലോകശ്രദ്ധയിലെത്തിക്കുകയും ചെയ്തിട്ടുണ്ട്.
ഒട്ടേറെ പ്രചരണ കോലാഹലങ്ങളോടെയാണ് ചെെനയുടെയും റഷ്യയുടെയും രാഷ്ട്രത്തലവന്മാര്‍ ന്യൂഡല്‍ഹി ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് തുടര്‍ച്ചയായി മാധ്യമങ്ങളെ അറിയിച്ചിരുന്നതെന്ന് നമുക്കറിയാം. എന്നാല്‍ ചെെനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങും റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനും വ്യത്യസ്ത കാരണങ്ങളാല്‍ പ്രധാനമന്ത്രിമാരെയാണ് സമ്മേളനത്തിലേക്ക് നിയോഗിച്ചത്. ഇതോടെ അതിവിദഗ്ധമായ നയതന്ത്ര നീക്കങ്ങളിലൂടെ റഷ്യന്‍, ചെെനീസ് രാഷ്ട്രത്തലവന്മാരുടെ അസാന്നിധ്യത്തിലും ഒരു സംയുക്ത പ്രഖ്യാപനം ഉണ്ടാകുമെന്ന് ന്യൂഡല്‍ഹി ആവര്‍ത്തിച്ച് അവകാശപ്പെട്ടു.
ഇന്ത്യ ഈ കൂട്ടായ്മയുടെ അധ്യക്ഷ പദവി ഏറ്റെടുക്കുമ്പോള്‍ ആഗോളതലത്തില്‍ കോവിഡിനെത്തുടര്‍ന്ന് ഗുരുതരമായ പ്രതിസന്ധി നിലനിന്നിരുന്നു. ഉക്രെയ്ന്‍ അധിനിവേശം തുടര്‍ന്നതിനാല്‍ റഷ്യ‑ചെെന കൂട്ടുകെട്ട് ഒരു വശത്തും പാശ്ചാത്യശക്തികളും നാറ്റോ സഖ്യവും മറുവശത്തും നിലകൊള്ളുകയും ശക്തമായ വെല്ലുവിളികള്‍ ഉയര്‍ത്തുകയും ചെയ്തു എന്നതും കാണാനായി. ഏകകണ്ഠമായൊരു സംയുക്ത പ്രഖ്യാപനം ഇത്തരമൊരു ഭൗമ രാഷ്ട്രീയ പശ്ചാത്തലത്തില്‍ സാധ്യമാകുമോ എന്ന ആശങ്കയും വ്യാപകമായി നിലനിന്നുവരുകയുമായിരുന്നു. ഇതിനിടെ ഇന്ത്യ‑ചെെന അതിര്‍ത്തി തര്‍ക്കത്തിന്റെ ഭാഗമെന്ന നിലയില്‍ ചെെനീസ് ഭരണകൂടം ഏകപക്ഷീയമായി ഒരു പുതിയ ഭൂപടം ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയുമായി ബന്ധപ്പെട്ട് പുറത്തുവിടുകയും അതില്‍ അരുണാചല്‍പ്രദേശും അക്സായ്‌ചിന്‍ പ്രദേശവും ചെെനയുടെ ഭാഗമെന്ന നിലയില്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.


ഇതുകൂടി വായിക്കൂ: ചന്തംചാര്‍ത്തലുകളുടെ ജി20


ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയും വിഷയത്തില്‍ മോഡി സര്‍ക്കാരിന്റെ മൗനത്തെ ശക്തമായി അപലപിക്കുകയും ചെയ്തു. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോഡിയും വിദേശകാര്യമന്ത്രി ജയശങ്കറും നിശബ്ദത പാലിക്കുകയാണുണ്ടായത്. ഇത്തരമൊരു നിലപാടിന് നിദാനം ജി20 സമ്മേളനത്തില്‍ ഏതുവിധേനയും ഒരു സംയുക്ത പ്രഖ്യാപനം ലോകസമാധാനവുമായി ബന്ധപ്പെട്ട് അംഗീകരിക്കണം എന്നതുതന്നെയായിരുന്നു. ന്യൂഡല്‍ഹി ഉച്ചകോടിയുടെ വിജയമായി മോഡി സര്‍ക്കാരിന് ഉയര്‍ത്തിക്കാണിക്കാന്‍ കഴിയുക, ഈ കൂട്ടായ്മയും ജി7 യൂറോപ്യന്‍ യൂണിയന്‍, റഷ്യ‑ചെെന അച്ചുതണ്ടും തമ്മില്‍ ഉക്രെയ്ന്‍ പ്രശ്നത്തില്‍ നിലവിലുള്ള ആശയസംഘട്ടനം തുടരുന്ന പശ്ചാത്തലത്തിലും ഒരു സംയുക്ത പ്രഖ്യാപനത്തിന് കഴിഞ്ഞു എന്നതാണ്. ബാലി സമ്മേളനത്തിന്റെ ഭാഷ അല്പസ്വല്പം മയപ്പെടുത്തിയാണ് ഉക്രെയ്ന്‍ ആക്രമണത്തെപ്പറ്റി പരാമര്‍ശിക്കപ്പെട്ടിരിക്കുന്നതെങ്കിലും റഷ്യയുടെ മേല്‍ മാത്രമായി പഴിചാരുന്നതല്ല പ്രഖ്യാപനത്തിന്റെ ധ്വനിയും ഉള്ളടക്കവും. ഇതിന് സഹായകമായ നിലപാടുകളുമായി‍ ഇന്ത്യയോടൊപ്പം ചേര്‍ന്നുനിന്നത് ഇന്തോനേഷ്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളാണ്.
ആഫ്രിക്കന്‍ യൂണിയനെ ജി20ലെ പൂര്‍ണഅംഗമാക്കിയതിലും ബ്രസീല്‍ പ്രസിഡന്റിനെ അടുത്ത അധ്യക്ഷ സ്ഥാനത്തെത്തിച്ചതിലും ഇന്ത്യന്‍ സംഘം മികച്ച സേവനമാണ് കാഴ്ചവച്ചതെന്നത് പരാമര്‍ശിക്കപ്പെടേണ്ടതാണ്. ന്യൂഡല്‍ഹി ഉന്നതതലം അംഗീകാരം നല്‍കിയ 83 പേജ് വരുന്ന പ്രഖ്യാപനത്തിലെ എട്ട് ഖണ്ഡികകള്‍ നീക്കിവയ്ക്കപ്പെട്ടിരിക്കുന്നത് നിരവധി ഭൗമരാഷ്ട്രീയ പ്രശ്നങ്ങളുടെ വിശകലനത്തിനാണ്. കാലാവസ്ഥാ വ്യതിയാനം, ധനകാര്യം, ഫോസില്‍ ഇന്ധനത്തിന്റെ ഒഴിവാക്കല്‍, കടബാധ്യതാ പുനഃസംവിധാനം, ജെെവഇന്ധന‍ ധാരണ, ആരോഗ്യം, ഡിജിറ്റല്‍ ആന്തരഘടന, ക്രിപ്റ്റോ കറന്‍സി നിയന്ത്രണം തുടങ്ങി ലോകരാജ്യങ്ങളെ ആകെത്തന്നെ ഗുരുതരമായ തോതില്‍ ബാധിക്കുന്ന പ്രശ്നങ്ങളും ഉള്‍പ്പെടുന്നുമുണ്ട്. അടുത്ത അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന ബ്രസീലിന്റെ രാഷ്ട്രത്തലവന്‍ ഡി സില്‍വയും അതിനുശേഷം ആതിഥേയത്വം വഹിക്കാനിടയുള്ള ദക്ഷിണാഫ്രിക്കയും ‘ഗ്ലോബല്‍ സൗത്ത് ഇനിഷ്യേറ്റീവ്’ എന്ന ലക്ഷ്യത്തിന് ഇന്ത്യയെ പിന്തുണയ്ക്കുമെന്ന് ഉറപ്പുള്ള രാജ്യങ്ങളാണ്.

‍ഡല്‍ഹി പ്രഖ്യാപനത്തില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നതും ഇന്ത്യന്‍ താല്പര്യ സംരക്ഷണത്തിന് പ്രത്യേക പ്രസക്തിയുള്ളതുമായ ഇന്ത്യ, സൗദി അറേബ്യ, യുഎഇ, യൂറോപ്പ്, യുഎസ് എന്നീ രാജ്യങ്ങളെ തമ്മില്‍ കോര്‍ത്തിണക്കുന്ന പദ്ധതിയും മുന്തിയ പരിഗണന അര്‍ഹിക്കുന്നു. എന്നാല്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ത്വരിതവികസനത്തിനുള്ള ശൃംഖലാ രൂപത്തിലുള്ള ഈ പദ്ധതിയുടെ വിജയകരമായ പൂര്‍ത്തീകരണം സുഗമമായി നടക്കുമെന്ന് കരുതുന്നത് കടന്നകയ്യായിരിക്കും. ഒരുപരിധിവരെ ദക്ഷിണ കൊറിയയും ഇന്ത്യയുടെ അജയ്യതയെ എളുപ്പത്തില്‍ അംഗീകരിക്കാന്‍ സന്നദ്ധമാവില്ല.
സ്വാതന്ത്ര്യത്തിന്റെ ‘അമൃത്കാല്‍’ ആഘോഷഘട്ടത്തില്‍ നടന്ന ജി20 ഉന്നതതലത്തെ സാര്‍വദേശീയ നിരീക്ഷകരെല്ലാം ഏകസ്വരത്തില്‍ വിശേഷിപ്പിച്ചത് ‘ഇന്ത്യയുടെ സുവര്‍ണാവസരം’ എന്നാണ്. 2008ന് ശേഷം നടന്നിട്ടുള്ള ഉന്നതതലങ്ങളില്‍ ആതിഥേയ രാജ്യങ്ങള്‍ പ്രകടമാക്കാതിരുന്ന തോതിലുള്ള ശ്രദ്ധയും താല്പര്യവും മോഡി സര്‍ക്കാര്‍ സമ്മേളനം വിജയത്തിലെത്തിക്കാന്‍ നല്‍കിയിട്ടുണ്ട് എന്നതുതന്നെ. രണ്ടുവട്ടം, 2021ലും 2022ലും ഇന്ത്യന്‍ ഭരണകൂടം തന്നെ മതിയായ തയ്യാറെടുപ്പുകളെടുക്കാന്‍ കഴിഞ്ഞില്ലെന്നതിന്റെ പേരില്‍ ഈ സമ്മേളനം മാറ്റിവയ്ക്കുകയും ചെയ്തതാണ്.


ഇതുകൂടി വായിക്കൂ:  ജി20 ഉച്ചകോടി: ഡല്‍ഹി പൂര്‍ണസജ്ജം 


‘ഗ്ലോബല്‍ സൗത്ത്’ എന്ന 125 വികസ്വരരാജ്യ കൂട്ടായ്മയുടെ ശബ്ദമാണ് യഥാര്‍ത്ഥത്തില്‍ ന്യൂഡല്‍ഹി ജി20 സമ്മേളനവേദിയിലൂടെ കേള്‍ക്കാനായത്. ഇത്രയും വലിയൊരു കൂട്ടായ്മയുടെ സമ്മേളനം 2023 ജനുവരിയില്‍ നടന്നത് ജി20 ഉന്നതതലത്തിന്റെ വിജയത്തിന് മുതല്‍ക്കൂട്ടായി മാറുകയും ചെയ്തു. 2023ലെ സംയുക്ത പ്രഖ്യാപനത്തില്‍ ഈ പോഷക സമ്മേളനം വഹിച്ച നിര്‍ണായകമായ പങ്കും പ്രത്യേകം പാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഭൗമ‑രാഷ്ട്രീയ നയതന്ത്ര മേഖലയുമായി ബന്ധപ്പെട്ട് രണ്ട് നേട്ടങ്ങള്‍ പ്രത്യേകം പ്രസക്തമാണ്. ഇതിലൊന്നാണ് സംയുക്ത പ്രഖ്യാപനം. രണ്ട്, 55 ആഫ്രിക്കന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ ആഫ്രിക്കന്‍ യൂണിയന് ജി20ല്‍ അംഗത്വം നല്‍കാനുള്ള നടപടി വിജയകരമായി എന്നതാണ്. നിസാരമായൊരു നേട്ടമല്ല ഇത്. ജി20ലെ ബലാബലത്തില്‍ കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, യുകെ, യുഎസ് എന്നീ രാജ്യങ്ങളടങ്ങിയ ജി7 കൂട്ടായ്മയ്ക്കും യുഎസിന്റെ സഖ്യരാജ്യങ്ങളായ ഓസ്ട്രേലിയ, ദക്ഷിണ കൊറിയ, യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടുന്ന സംഖ്യത്തിനും റഷ്യ, ചൈന എന്നീ രാജ്യങ്ങളടങ്ങുന്ന കൂട്ടായ്മയ്ക്കും എതിരായി നിലപാടുകളെടുക്കാനുള്ള ശേഷി നേടിയെടുക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിരിക്കുന്നു. അര്‍ജന്റീന, ബ്രസീല്‍, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, മെക്സിക്കോ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, ടര്‍ക്കി, ആഫ്രിക്കന്‍ യൂണിയന്‍ എന്നീ 10 വികസ്വരരാജ്യ കൂട്ടായ്മയുടെയും പിന്തുണ നേടിയെടുക്കാനും ഇന്ത്യക്ക് കഴിഞ്ഞു.
മൊത്തം 125 രാജ്യങ്ങളില്‍ നിന്നും ഒരു ലക്ഷത്തോളം പ്രതിനിധികള്‍ക്ക് ക്ഷണക്കത്തുകള്‍ നല്‍കിയതിനു പുറമെ, 60ലേറെ നഗരങ്ങള്‍ക്ക‍് സമ്മേളനത്തില്‍ പങ്കാളിത്തം നല്‍കുകയും അനുബന്ധപരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു. ഇതിലൂടെ മോഡി സര്‍ക്കാര്‍ നല്‍കുന്നത് വ്യക്തമായ രാഷ്ട്രീയ സന്ദേശങ്ങള്‍ തന്നെയാണ്. ജി20 വെറുമൊരു ആഗോള കൂട്ടായ്മയല്ല, ഒരു വര്‍ഷത്തിനകം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പു വിജയം മുന്‍നിര്‍ത്തിയുള്ള ഒരു സംരംഭമാണെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് മോഡിയും എന്‍ഡിഎയും ചെയ്തിരിക്കുന്നത്. ഇന്ത്യയെ ഭാരതം ആക്കി പുനര്‍നാമകരണം ചെയ്തതും താമര ജി20ന്റെ ചിഹ്നമാക്കിയതും വെറുതെയല്ല. ഇപ്പോഴിതാ ലോക്‌സഭയിലെ വാച്ച് ആന്റ് വാര്‍ഡ് സ്റ്റാഫിന്റെ യൂണിഫോമില്‍ താമര ചിഹ്നം ചേര്‍ക്കാനുള്ള നീക്കവും നടക്കുകയാണല്ലോ. ജി20 സമ്മേളനവേദിയുടെ പേര് തന്നെ ‘ഭാരത് മണ്ഡപം’ എന്നായിരുന്നു.


ഇതുകൂടി വായിക്കൂ:  ജി20 ഉച്ചകോടിക്ക് കൊടിയിറങ്ങിയപ്പോള്‍


സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് കരുതപ്പെട്ടിരുന്ന റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിന്റെയും അസാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെടുകയുണ്ടായി. ഉക്രെയ്ന്‍ ഏറ്റുമുട്ടല്‍ തന്നെയായിരിക്കാം പുടിന്റെ‍ ഇത്തരമൊരു തീരുമാനം ആവര്‍ത്തിക്കപ്പെട്ടത് എന്നാണ് വിലയിരുത്തല്‍. എന്നാല്‍, ചൈനീസ് രാഷ്ട്രത്തലവന്‍ ഷി ജിന്‍പിങ്ങിന്റെ തീരുമാനം, ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന ഏറ്റുമുട്ടല്‍ ആയിരിക്കണം. ചൈനീസ് രാഷ്ട്രത്തലവന്‍ ഇതുവരെ നടന്ന മുഴുവന്‍ ജി20 ഉന്നതതലങ്ങളിലും നേരിട്ട് പങ്കെടുത്തിട്ടുണ്ട്. ഷീയുടെ അസാന്നിധ്യത്തിന് മറ്റൊരു കാരണംകൂടിയുണ്ടെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. ജി20 എന്ന കൂട്ടായ്മ നിലവില്‍ വന്നത് സാര്‍വദേശീയ തലത്തില്‍ സാമ്പത്തിക സഹകരണം ഉറപ്പാക്കാനും ശക്തമാക്കാനുമുള്ളൊരു വേദി എന്ന നിലയിലാണ്. എങ്കില്‍ ഉക്രെയ്ന്‍ പോലെ ഗൗരവമേറിയ ‘ഭൗമരാഷ്ട്രീയ’ മാനങ്ങളുള്ള ഒരു വിവാദ വിഷയം ഈ ഉന്നതതലത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തേണ്ടതില്ലായിരുന്നു എന്നാണ് ചൈനീസ് ഭരണകൂടം വിലയിരുത്തുന്നത്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം റഷ്യയുടെയും ചൈനയുടെയും രാഷ്ട്രത്തലവന്മാര്‍ ന്യൂഡല്‍ഹി ഉന്നതതലത്തില്‍ പങ്കെടുക്കാതിരുന്നത് ഒരു തിരിച്ചടി തന്നെയാണ്. അതേസമയം വലിയ പ്രതിബന്ധങ്ങളൊന്നുമില്ലാതെ ഒരു സംയുക്ത പ്രഖ്യാപനം ഉണ്ടായി എന്നത് കേന്ദ്ര സര്‍ക്കാരിന്റെ വിജയമായി ആഘോഷിക്കാനും ഇടയുണ്ടാക്കിയിരിക്കുന്നു. ചുരുക്കത്തില്‍ ഇരുകൂട്ടരും തോറ്റിട്ടില്ലെങ്കിലും പൂര്‍ണമായി വിജയിച്ചു എന്ന് അവകാശപ്പെടാന്‍ കഴിയില്ലെന്നൊരു സാഹചര്യമാണ് സംജാതമായിരിക്കുന്നത്. വികസ്വര രാജ്യങ്ങളെ തഴയാമെന്നു കരുതുന്നത് തീര്‍ത്തും അബദ്ധധാരണയായിരിക്കുമെന്ന് വികസിത രാജ്യങ്ങളെ ബോധ്യപ്പെടുത്തുന്നതിലും ന്യൂഡല്‍ഹി ഉന്നതതലം വിജയിച്ചിട്ടുണ്ട്. അടുത്ത ഊഴം ബ്രസീലിന്റെതാണ്.

Exit mobile version