28 April 2024, Sunday

Related news

September 11, 2023
September 10, 2023
September 10, 2023
September 9, 2023
September 8, 2023
September 7, 2023
September 7, 2023
September 6, 2023
September 4, 2023
September 4, 2023

ജി20 ഉച്ചകോടി: ഡല്‍ഹി പൂര്‍ണസജ്ജം 

Janayugom Webdesk
ന്യൂഡല്‍ഹി
September 7, 2023 10:34 pm
മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ ലോക നേതാക്കള്‍ക്ക് ആതിഥ്യമരുളാൻ ഡല്‍ഹി പൂര്‍ണസജ്ജം. ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ ജി 20 ഉച്ചകോടിക്ക് നാളെ തുടക്കമാകും. പല ലോക നേതാക്കളും ചൊവ്വാഴ്ച മുതല്‍ തന്നെ എത്തിത്തുടങ്ങി.  അംഗരാജ്യങ്ങളെ വരവേല്‍ക്കാന്‍ വന്‍ ഒരുക്കങ്ങളാണ് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മെക്സിക്കൻ, യുറോപ്യൻ യൂണിയൻ പ്രതിനിധികള്‍ ഇന്നലെയോടെ എത്തിത്തുടങ്ങി. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, യുകെ പ്രധാനമന്ത്രി റിഷി സുനക്, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവര്‍ ഇന്ന് എത്തിചേരുമെന്നാണ് പ്രതീക്ഷ.  ഉച്ചകോടിയോടനുബന്ധിച്ച് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
പ്രഗതി മൈദാനിലെ സമ്മേളന വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ട് രാഷ്ട്ര തലവന്‍മാരെ പ്രത്യേകം വരവേല്‍ക്കും. ഉച്ചയ്ക്ക് രാഷ്ട്ര തലവന്മാര്‍ക്കായി പ്രധാനമന്ത്രി വിരുന്നു നല്‍കും. നാളെ വൈകിട്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മു അതിഥികള്‍ക്കായി അത്താഴവിരുന്നും ഒരുക്കിയിട്ടുണ്ട്.
അര്‍ജന്റീന, ഓസ്‌ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഫ്രന്‍സ്, ജര്‍മ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാന്‍, കൊറിയ, മെക്‌സിക്കോ, റഷ്യ, സൗദി അറേബ്യ, സൗത്ത് ആഫ്രിക്ക, തുര്‍ക്കി, യുകെ, യുഎസ്, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ അടങ്ങുന്ന ജി 20 രാഷ്ട്രങ്ങളുടെ ഉച്ചകോടിയാണ് ഇന്ത്യയുടെ അധ്യക്ഷതയില്‍ വരുന്ന മൂന്നു ദിവസമായി ഡല്‍ഹിയില്‍ നടക്കുക. റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങ് ഉള്‍പ്പെടെ മൂന്നു രാഷ്ട്രതലവന്മാര്‍ ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.
ഉച്ചകോടിയോടനുബന്ധിച്ച് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നാല് ദിവസത്തേക്ക് കനത്ത ട്രാഫിക്ക് നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇന്നലെ രാത്രി ഒമ്പത് മുതല്‍ ഹെവി, മീഡിയം, ലൈറ്റ് ചരക്ക് വാഹനങ്ങള്‍ക്ക് ഡല്‍ഹിയിലേക്ക് പ്രവേശനം നിരോധിച്ചു. ഞായറാഴ്ച വരെയാണ് നിയന്ത്രണം. നാളെ രാവിലെ അഞ്ച് മുതല്‍ ടാക്സികള്‍ക്കും ഓട്ടോകള്‍ക്കും നിയന്ത്രണമുണ്ട്. ഇന്ന് രാവിലെ മുതല്‍ ന്യൂഡല്‍ഹിയിലെ മുഴുവൻ പ്രദേശങ്ങളും ‘നിയന്ത്രണ മേഖല’യായി പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. സ്ഥിരതാമസക്കാര്‍, ഔദ്യോഗിക വാഹനങ്ങള്‍, കാറ്ററിങ്, ഹൗസ്കീപ്പിങ്, മാലിന്യസംസ്കരണ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രമാകും ഇന്ത്യാഗേറ്റിലേക്കും സി ഹെക്സഗണിലേക്കും മറ്റ് പ്രദേശങ്ങളിലേക്കും പ്രവേശനം.
സംയുക്ത പ്രസ്താവന: സാധ്യത മങ്ങി
ജി20 ഉച്ചകോടിക്ക് ഒടുവില്‍ സംയുക്ത പ്രസ്താവന ഉണ്ടാകാനുള്ള സാധ്യത ഇതിനോടകം മങ്ങി. ഉക്രെയ്നിലെ റഷ്യന്‍ കടന്നു കയറ്റം സംബന്ധിച്ച വിഷയത്തിലെ ഭാഷാപ്രയോഗങ്ങളാണ് പ്രധാന തടസം. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ശക്തമായ ഭാഷയില്‍ വേണം ഇക്കാര്യം പരാമര്‍ശിക്കാനെന്ന് നിര്‍ബന്ധം പിടിക്കുമ്പോള്‍ ചെെനയും റഷ്യയും ഇതിനെതിരെ ശക്തമായ നിലപാട് എടുത്തിരിക്കുകയാണ്. യൂറോപ്യന്‍ യൂണിയനും കരട് പ്രസ്താവനയിലെ ഭാഷാപ്രയോഗത്തിലെ അതൃപ്തി വ്യക്തമാക്കി.
കാലാവസ്ഥാ വ്യതിയാനം, ക്രിപ്‌റ്റോ കറന്‍സിക്ക് ഏകീകൃതമായ സംവിധാനം, നയപരമായി അംഗരാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം, സാമ്പത്തിക മേഖലയുടെ വളര്‍ച്ചയും നേരിടുന്ന വെല്ലുവിളികളും, പുതിയ ആഗോള സാമ്പത്തിക ക്രമം പൊതുവായും അംഗരാജ്യങ്ങള്‍ക്കിടയിലും പൊതുവായും പ്രത്യേകമായും കൂടിക്കാഴ്ചകളും ചര്‍ച്ചകളും ഉച്ചകോടിയില്‍ ഉണ്ടാകും.
Eng­lish Sum­ma­ry: G20 restric­tions in Del­hi from Fri­day to Sunday
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.