27 April 2024, Saturday

ചന്തംചാര്‍ത്തലുകളുടെ ജി20

Janayugom Webdesk
September 17, 2023 5:00 am

ജി20 ഉച്ചകോടിയെ ചുറ്റിപ്പിണഞ്ഞുള്ള മോഡി സർക്കാരിന്റെ ഒരു വർഷം നീണ്ട ചന്തംചാര്‍ത്തലുകള്‍ക്ക് അവസാനമായി. ഉച്ചകോടിയുടെ സാമൂഹികവും രാഷ്ട്രീയവും നയതന്ത്രപരവുമായ ഉള്ളടക്കം മറന്നുള്ള രൂപകല്പനയായിരുന്നു നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോ‍ഡിയുടെ തെരഞ്ഞെടുപ്പ് മോഹങ്ങൾ കൃത്യതയോടെ എല്ലാ വേദികളിലും നിഴലിച്ചു. ജി20യുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ സാര്‍വത്രികമായ സാമൂഹിക‑സാമ്പത്തിക, രാഷ്ട്രീയ വെല്ലുവിളികളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ അനിവാര്യതയില്‍ ഊന്നിയുള്ളതാണ്. പക്ഷെ ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ജി20 സമ്മേളനങ്ങളില്‍ നാമമാത്രമായിരുന്നു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഉണ്മയെക്കാള്‍ വലിയ പ്രതിച്ഛായ സൃഷ്ടിക്കുക എന്നതായിരുന്നു നരേന്ദ്ര മോ‍ഡിയുടെ കൗശലം. ഇതിനായി ജി20 അധ്യക്ഷസ്ഥാനം ഉപയോഗിച്ചു. അധ്യക്ഷസ്ഥാനം അംഗരാജ്യങ്ങളിലേക്ക് സ്വഭാവിക ഭ്രമണത്തിലൂടെയാണ് എത്തുക എന്ന് പൊതുസമൂഹത്തിന് അറിയാം. എന്നാൽ മോഡിയും കൂട്ടരും ‘വിശ്വഗുരു’ പ്രതിച്ഛായയുടെ മികവില്‍ അംഗരാജ്യങ്ങൾ മോഡിയില്‍ ഈ ഉത്തരവാദിത്തം ഏല്പിച്ചു എന്ന പ്രതീതി സൃഷ്ടിക്കാൻ ശ്രമിച്ചു. ജി20 ഉച്ചകോടിക്ക് മുന്നോടിയായി രാജ്യത്തെ മിക്കവാറും എല്ലാ പ്രധാന നഗരങ്ങളിലും 100 പരിപാടികൾ സംഘടിപ്പിച്ചു. വിവിധ ചർച്ചകൾക്കായി 12,300 അതിഥികളെ ക്ഷണിച്ചു. ആള്‍ക്കൂട്ടം തീര്‍ത്തുള്ള ഇത്തരം നീക്കങ്ങള്‍ എന്തിനെന്ന് ഇനിയും പൊതുസമൂഹത്തിന് വ്യക്തമല്ല. എന്നാൽ 4,100 കോടി രൂപയാണ് ചെലവഴിച്ചതെന്ന ഏകദേശ കണക്കുകള്‍ പലതും പറയുന്നുണ്ട്.
ആകർഷകമായ മുദ്രാവാക്യങ്ങളോടും വർണാഭമായ പ്രചാരണങ്ങളോടുമുള്ള മോഡിയുടെ മതിമറന്ന കമ്പം ഇവിടെയും തെളിഞ്ഞു. ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്നതായിരുന്നു ഉച്ചകോടിയുടെ മുദ്രാവാക്യം.


ഇത് കൂടി വായിക്കൂ: വിദ്യാഭ്യാസത്തിന്റെ വിപണിമൂല്യവും യുജിസി വാഗ്ദാനങ്ങളും


വസുധൈവ കുടുംബകം എന്നതായിരുന്നു ലോഗോയുടെ സന്ദേശം. പക്ഷെ, ഉച്ചകോടിയുടെ അന്തിമഫലം തിരഞ്ഞാല്‍ മുദ്രാവാക്യം വ്യര്‍ത്ഥമല്ലേ എന്ന ചിന്തയും ഉയരാം. എണ്ണപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ 1975ൽ ആരംഭിച്ച ജി7ന്റെ അടിത്തറയിൽ നിന്ന് ജി20 യിലേക്കുള്ള പരിണാമപാത തിരയുമ്പോള്‍ എണ്ണപ്പെട്ട സമ്പദ്‌വ്യവസ്ഥകൾ തങ്ങളുടെ സാമ്പത്തിക സ്ഥിരത നിലനിര്‍ത്താനും പ്രതിസന്ധി കാലങ്ങളിലെ നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിനുമുള്ള വഴികള്‍ തേടുന്നത് കണ്ടെത്താനാകും. ഭൗമരാഷ്ട്രീയ സംഭവവികാസങ്ങളുടെ മാറ്റങ്ങള്‍ക്കൊപ്പം വികസ്വര രാജ്യങ്ങളുടെ അഭിലാഷങ്ങളെയും ഉള്‍ക്കൊണ്ട് ജി7ന് ജി20 ലേക്ക് വികസിക്കേണ്ടത് അനിവാര്യമായിരുന്നു. ജി20യുടെ പിറവി പലതരം പിടിവാശികളുടെയും തുടര്‍ച്ചയുമായിരുന്നു. ജി20 ചർച്ച ചെയ്യുന്ന ഓരോ വിഷയത്തിലും വികസിത രാജ്യങ്ങളുടെയും വികസ്വര രാജ്യങ്ങളുടെയും താല്പര്യങ്ങള്‍ തമ്മില്‍ പലപ്പോഴും ഏറ്റുമുട്ടാറുമുണ്ട്. ഡൽഹി ഉച്ചകോടിയും വേറിട്ടുനിന്നില്ല. ഉച്ചകോടിയിലെ ചർച്ചകളും ഡൽഹി പ്രഖ്യാപനവും സസൂക്ഷ്മം നിരീക്ഷിച്ചാൽ, ജി7ൽ നിന്നുള്ള സമ്മർദവും ഇടപെടലും വെളിപ്പെടും. ആഗോള സമ്പദ്‌വ്യവസ്ഥ, സാമ്പത്തിക സ്ഥിരത, കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര വികസനം എന്നിവയുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങളാണ് ജി20 പ്രധാനമായും ലക്ഷ്യമിടുന്നത്. എന്നാല്‍ ചർച്ച ഇതിലൊന്നും കേന്ദ്രീകരിച്ചിരുന്നില്ല. ഉക്രെയ്‌നിലെ യുദ്ധം ചര്‍ച്ചയും ഗൗരവമേറിയതായിരുന്നു. ജി20 പ്രഖ്യാപനങ്ങളില്‍ എണ്ണപ്പെട്ടതാകുമെന്ന് കരുതിയിരുന്നു. പക്ഷെ കാര്യപ്രസക്തമായതൊന്നും പ്രഖ്യാപിക്കപ്പെട്ടില്ല.
കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം, കുടിയേറ്റം തുടങ്ങിയ നിർണായക വിഷയങ്ങളും രാജ്യാന്തരകരാറുകളില്‍ ഊന്നിയുള്ള ചർച്ചകളും പതിവിനു വിപരീതമായി ലോകശ്രദ്ധയില്‍ നിന്നു വഴിമാറി. ജി20 ഉച്ചകോടി ഇന്ത്യന്‍ ജനതയുടെ ഉപജീവനമാർഗത്തിൽ എങ്ങനെ സ്വാധീനം ചെലുത്തും എന്നതിനെക്കുറിച്ചുള്ള അവ്യക്തതയില്‍ത്തന്നെയാണ് ജനങ്ങൾ ഇപ്പോഴും. ഉച്ചകോടിയില്‍ ഇഷ്ടപദ്ധതികളില്‍ ഒന്നായ ബയോ-ഫ്യൂവൽ അലയൻസിനെ ഊതിവീര്‍പ്പിക്കാനും പ്രധാനമന്ത്രി ശ്രമിച്ചു. പൊളിയുന്ന പദ്ധതികള്‍ ഏറെയാണ്. സോളാർ സഖ്യം മുന്നോട്ടു നീങ്ങുന്നില്ല. അവ്യക്തതയും സുതാര്യതയില്ലായ്മയും മോ‍‍ഡി ഭരണത്തിന്റെ സവിശേഷതകളാണ്. പ്രധാനമന്ത്രി ലോകമെമ്പാടുമുള്ള നേതാക്കൾക്കൊപ്പം ചിത്രങ്ങളെടുക്കുന്ന തിരക്കിലായിരുന്നു.


ഇത് കൂടി വായിക്കൂ:ഇത്തരം ദാരുണസംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കണം | Janayugom Editorial


അതുകൊണ്ടുതന്നെ നേതാക്കളിലാര്‍ക്കും മാധ്യമങ്ങളോട് സ്വതന്ത്രമായി സംസാരിക്കാൻ കഴിഞ്ഞില്ല. മാധ്യമങ്ങളുമായി സംവദിക്കാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. പറയാനാഗ്രഹിച്ചത് പിറ്റേന്ന് രാവിലെ വിയറ്റ്നാമിൽ ബൈഡന് പറയേണ്ടിവന്നു. സമീപകാലത്ത് മണിപ്പൂരിൽ നടന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെ ബൈഡന്‍ അവിടെ സൂചിപ്പിച്ചു. അപ്പോഴും ‘വിശ്വഗുരുവിനെ’ ലോകം എങ്ങനെ കാണുന്നു എന്ന വസ്തുത മറച്ച് മോ‍ഡിയും കൂട്ടാളികളും സ്വയം ‘വിശ്വഗുരു’ ആഖ്യാനം ആവേശത്തോടെ പ്രചരിപ്പിച്ചു കൊണ്ടേയിരിക്കുന്നു.
ജി20 നേതാക്കള്‍ നടത്തിയ ന്യൂഡൽഹി പ്രഖ്യാപനം പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും റഷ്യ, ചൈന എന്നിവിടങ്ങളില്‍ നിന്നുമുള്ള നേതാക്കള്‍ സ്വീകരിച്ച നിലപാടുകളെ അനുരഞ്ജിപ്പിക്കാനും തൃപ്തിപ്പെടുത്താനുമുള്ള ശ്രമം മാത്രമായി. പ്രഖ്യാപനത്തിന്റെ 78-ാം ഖണ്ഡിക ‘മതപരവും സാംസ്കാരികവുമായ വൈവിധ്യങ്ങൾ, സംവാദങ്ങൾ, സഹിഷ്ണുത എന്നിവയോടുള്ള ആദരവ് പ്രോത്സാഹിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു’. ഇന്ത്യയിലെ ജനങ്ങൾക്ക് ഈ വാക്കുകളും പ്രധാനമന്ത്രിയെ നിയന്ത്രിക്കുന്ന ആർഎസ്എസ്-ബിജെപി നേതൃത്വം എങ്ങനെ വൈവിധ്യത്തെയും സംവാദത്തെയും സഹിഷ്ണുതയെയും ഉള്‍ക്കൊള്ളുന്നത് എന്നതും കടുത്തതും നൊമ്പരപ്പെടുത്തുന്നതുമായ തമാശയാണ്. ‘വിശ്വഗുരു’ ആതിഥേയത്വം വഹിച്ച ജി20 ഉച്ചകോടിയിലെ ഈ വാക്കുകൾ മോ‍ഡിയും കൂട്ടരും തമ്മില്‍ത്തമ്മില്‍ ചർച്ച ചെയ്യണം. ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടത് ആരെന്ന് ലോകത്തിനറിയാം. കലാപകാരികളെ അവരുടെ വസ്ത്രംകൊണ്ട് തിരിച്ചറിയാമെന്ന പരാമര്‍ശവും മറക്കരുതല്ലോ. ഭരണകൂടത്തെ വിമർശിക്കുന്നവർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിച്ച് പാർലമെന്റിൽ ഉൾപ്പെടെ എല്ലാ തലങ്ങളിലും സംവാദങ്ങളും ചർച്ചകളും സർക്കാർ ഇല്ലാതാക്കി. അധികാരത്തിൽ തുടരാൻ അസഹിഷ്ണുത വ്യവസ്ഥാപിതമായി വളർത്തിയെടുക്കുകയാണ് ഭരണകൂടം. മോഡിയുടെ ഊതിപ്പെരുപ്പിച്ച ‘വിശ്വഗുരു’ ചിത്രം പ്രായോഗിക പ്രവർത്തനത്തിന്റെ അളവുകോൽ കൊണ്ടാണ് അളക്കേണ്ടത്. അളവിന് അടിസ്ഥാനം വസ്തുതകളെങ്കില്‍, 56 ഇഞ്ച് നെഞ്ചളവ് വല്ലാതെ ചുരുങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.