Site iconSite icon Janayugom Online

ഗ്യാനേഷ് കുമാര്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ നിയമനത്തിനുള്ള സമിതിയോഗം ചേര്‍ന്ന് നിലവിലെ കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറാക്കുന്നതിന് ഭൂരിപക്ഷ ധാരണമായി. സമിതി അംഗം ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ എതിര്‍പ്പോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുള്‍പ്പെടെ സമിതിയുടെ ധാരണ. നിലവിലെ കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ സിങ്ങ് ഉള്‍പ്പെടെ അ‍ഞ്ച് പേരുടെ പേരുകളാണ് സമിതി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് സമര്‍പ്പിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് സമിതി ചട്ടക്കൂട് ചോദ്യം ചെയ്ത് സുപ്രീം കോടതിയിലുള്ള ഹര്‍ജിയില്‍ വിധി വന്നശേഷം നിയമനം നടത്തിയാല്‍ മതിയെന്ന് സമിതി അംഗവും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. 

ആറുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കി രാജീവ് കുമാര്‍ ഇന്ന് വിരമിക്കുന്നത് കണക്കിലെടുത്താണ് സമിതി ഇന്നലെ വൈകിട്ട് യോഗം ചേര്‍ന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറുടെ പട്ടിക തയ്യാറാക്കിയത്. പ്രധാന മന്ത്രി, ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക‌്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവരായിരുന്നു സമിതി അംഗങ്ങള്‍. നേരത്തെ സമിതിയില്‍ അംഗമായിരുന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ കേന്ദ്രം സര്‍ക്കാര്‍ ഒഴിവാക്കിയത് ഏറെ വിവാദമായിരുന്നു. ഗ്യാനേഷ് കുമാര്‍ കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. 

Exit mobile version