തൃശ്ശൂരിൽ പൊലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം. നെല്ലങ്കരയിലാണ് ആക്രമണം നടന്നത്. ഗുണ്ടകൾ മൂന്ന് പൊലീസ് വാഹനങ്ങൾ തല്ലിത്തകർത്തു. പിറന്നാൾ ആഘോഷത്തിൻറെ ഭാഗമായി ലഹരി പാർട്ടി നടക്കുന്നു എന്ന വിവരത്തിൻറെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പൊലീസിന് നേരെയാണ് ഗുണ്ടാസംഘം അക്രമം അഴിച്ചുവിട്ടത്. നെല്ലങ്കര വൈലോപ്പിള്ളിയിൽ ഒരു വീട് കേന്ദ്രീകരിച്ചായിരുന്നു ലഹരി പാർട്ടി.
ആക്രമണത്തിൽ നാല് പൊലീസുകാർക്ക് പരിക്കേറ്റു. ബ്രഹ്മദത്തൻ എന്നയാളുടെ നേതൃത്വത്തിലുള്ള പതിനഞ്ച് സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ഇതിൽ ആറ് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട ലഹരി പാർട്ടിക്കിടെ ബഹളം ഉണ്ടായതിനെത്തുടർന്ന് സമീപവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

