Site iconSite icon Janayugom Online

കൂട്ടക്കുരുതി; 413 മരണം, വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേല്‍

വെടിനിർത്തൽ കരാർ ലംഘിച്ച് ഗാസയില്‍ വീണ്ടും ഇസ്രയേല്‍ കൂട്ടക്കുരുതി. വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിനുശേഷം ഗാസയിലുണ്ടായ ഏറ്റവും വലിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 400 കടന്നു. വെടിനിർത്തലിന്റെ രണ്ടാംഘട്ട ചർച്ചകള്‍ നടക്കുന്നതിനിടെയാണ് ഇസ്രയേലിന്റെ ക്രൂരത.
വടക്കൻ ഗാസ, ഗാസ സിറ്റി, മധ്യ‑തെക്കൻ ഗാസാ മുനമ്പിലെ ദെയര്‍ അൽ-ബല, ഖാൻ യൂനിസ്, റാഫാ എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളില്‍ ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ബോംബുകള്‍ വര്‍ഷിച്ചു. തിങ്കളാഴ്ച അര്‍ധരാത്രിക്ക് ശേഷമായിരുന്നു വ്യോമാക്രമണം. മരിച്ചവരിൽ ഭൂരിഭാഗവും കുട്ടികളാണെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേൽ ക്രൂരതയിൽ 600ലധികം സാധാരണക്കാർക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു.
ഗാസയിലെ ഏഴ് ആശുപത്രികളിലായി 413 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിരവധി പേരെ കാണാതായി. ഇവര്‍ക്കായി തിരച്ചില്‍ നടക്കുകയാണന്നും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ ഹമാസിന്റെ ഉന്നത നേതാവായ മഹ്‌മൂദ് അബു വഫയും ഉള്‍പ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. രണ്ടാഴ്ചയായി ഭക്ഷണവും കുടിവെള്ളവും ഉൾപ്പെടെയുള്ള മാനുഷിക സഹായം ഇസ്രയേല്‍ തടയുന്നതിനാല്‍ രൂക്ഷമായ ഭക്ഷ്യ പ്രതിസന്ധിയും ഗാസ നേരിടുന്നുണ്ട്. 

ഗാസയിലെ ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഇസ്രയേൽ സൈന്യം എക്സിൽ കുറിച്ചു. വെടിനിര്‍ത്തല്‍ നീട്ടാനുള്ള യുഎസ്‌ നിര്‍ദേശം ഹമാസ് നിരസിച്ചുവെന്നും അതിനാലാണ് ആക്രമണം ശക്തമാക്കിയതെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു. ആക്രമണം പുനരാരംഭിക്കുന്നതില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ഇസ്രയേല്‍ കൂടിയാലോചന നടത്തിയിരുന്നതായി വൈറ്റ്ഹൗസ് വക്താവ് കരോലിന്‍ ലെവിറ്റ് സ്ഥിരീകരിക്കുകയും ചെയ്തു. ജനുവരി 19നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത്. മൂന്ന് ഘട്ടങ്ങളിലായി വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നായിരുന്നു കരാര്‍. ഇതേത്തുടര്‍ന്ന് ഹമാസും ഇസ്രയേലും ആദ്യഘട്ടത്തില്‍ ബന്ദികളെ കൈമാറിയിരുന്നു. ഇസ്രയേൽ ഗാസയിലെ ഉപരോധം ശക്തമാക്കി കൂടുതല്‍ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചതോടെയാണ് രണ്ടാം ഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വഴിമുട്ടിയത്. ഇനിയും 25ലധികം ബന്ദികള്‍ ഹമാസിന്റെ പക്കലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇസ്രയേല്‍ ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നും ഇതിന്റെ പൂർണ ഉത്തരവാദിത്തം നെതന്യാഹുവിനാണെന്നും ഹമാസ് പ്രതികരിച്ചു. ഈ നീക്കം കൊണ്ട് ഒരൊറ്റ ബന്ദിയെയും മോചിപ്പിക്കാൻ കഴിയില്ലെന്നും മുന്നറിയിപ്പ് നൽകി. ഐക്യരാഷ്ട്ര സഭയും ഇറാന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും ഇസ്രയേല്‍ ആക്രമണത്തെ അപലപിച്ചു. ഒന്നര വര്‍ഷത്തിനിടെ ഇസ്രയേല്‍ ആക്രമണത്തില്‍ 48,577 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. പതിനായിരങ്ങള്‍ക്ക് പരിക്കേറ്റു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കാണാതായ ആയിരക്കണക്കിന് പേര്‍ മരിച്ചതായും കണക്കാക്കുന്നു. ലക്ഷക്കണക്കിനുപേർ അഭയാര്‍ത്ഥികളായി മാറി. 

Exit mobile version