ഛത്തീസ്ഗഢിലെ റായ്ഗഡ് ജില്ലയില്‍ അരി മോഷ്ടിച്ചെന്നാരോപിച്ച് ദളിത് യുവാവിനെ സംഘം ചേര്‍ന്ന് അടിച്ചുകൊന്നു. പഞ്ച്‌റാം സാര്‍ത്തി എന്ന ബുട്ടു (50)വാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പേരില്‍ ഒരു ആദിവാസിയും ഉള്‍പ്പെടുന്നു.
ദുമാര്‍പള്ളി ഗ്രാമത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. വീട്ടില്‍ അരിമോഷ്ടിക്കാന്‍ കയറിയെന്ന പേരില്‍ വീരേന്ദ്ര സിദാറും അയല്‍വാസികളായ അജയും അശോകും ചേര്‍ന്ന് ബുട്ടുവിനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. പൊലീസെത്തിയപ്പോള്‍ ബുട്ടു അബോധാവസ്ഥയിലായിരുന്നു.
അറസ്റ്റിലായ മൂന്ന് പേര്‍ക്കെതിരെ ഭാരതീയ ന്യായസംഹിത സെക്ഷന്‍ 103 (1) വകുപ്പ് പ്രകാരം കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തു. ആള്‍ക്കൂട്ട മർദനം, ദളിത് വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ തുടങ്ങിയ വകുപ്പുകള്‍ കൂടി പ്രതികള്‍ക്കെതിരെ ചുമത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നതായി പൊലീസ് പറഞ്ഞു.
ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ദളിത്-പിന്നാക്ക വിഭാഗത്തിൽപെട്ടവർക്ക് നേരെ അക്രമണങ്ങൾ തുടർക്കഥയാണെന്നും ഛത്തീസ്ഗഢ് സർക്കാർ ഇതിന് മറുപടി പറയണമെന്നും പ്രതിപക്ഷ പാർട്ടികൾ പ്രതികരിച്ചു.