Site icon Janayugom Online

പാതിരാമണലില്‍ വികസനം മുടക്കി മാലിന്യക്കൂമ്പാരം

kayal

വലിച്ചെറിയുന്ന മാലിന്യം തിങ്ങിനിറഞ്ഞതോടെ പാതിരാമണലില്‍ വികസന പദ്ധതികള്‍ കിതയ്ക്കുന്നു. പാതിരാമണൽ ദ്വീപിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികളെ കാത്തിരിക്കുന്നത് നിരാശപ്പെടുത്തുന്ന കാഴ്ചകൾ മാത്രമാണ്.
പരിമിതികളിൽ നട്ടംതിരിയുകയാണ് ദ്വീപ്. പ്രാഥമിക സൗകര്യങ്ങൾക്ക് പോലും ഇവിടെ സൗകര്യമില്ല. കായലിന്റെ നടുവിൽ പരിസ്ഥിതി സംരക്ഷിത മേഖലയായ ഇവിടേക്ക് എത്തുന്നവർ വലിച്ചെറിയുന്ന മാലിന്യമാണ് പ്രധാന വെല്ലുവിളി. ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാൻ കഴിയാതെ കിടക്കുകയാണ്. ജലഗതാഗത വകുപ്പിന്റെ ബോട്ടുകളിലും ഹൗസ് ബോട്ടുകളിലും ആഭ്യന്തര- വിദേശ വിനോദസഞ്ചാരികൾ ദിവസേന ഈ ദ്വീപിന്റെ വിസ്മയക്കാഴ്ച ആസ്വദിക്കാനെത്തുന്നുണ്ട്. കാടുമൂടിയ പ്രദേശത്തുകൂടിയുള്ള വേറിട്ട നടത്തമാണ് സഞ്ചാരികളുടെ പ്രധാന ആകർഷണം. കൂടുതൽ ആകർഷകമാക്കാൻ നീന്തൽക്കുളം, നടപ്പാത നിർമ്മാണം എന്നിവയടക്കം നിരവധി പദ്ധതികളുണ്ട്. 

സൂര്യകാന്തി ഉൾപ്പെടെയുള്ള പൂക്കളുടെ ഉദ്യാനവും ഇതിനോട് ചേർന്ന് താമരക്കുളവും ആമ്പൽ വളർത്തൽ പദ്ധതിയും ഉടനെ നടപ്പാക്കുമെന്ന പ്രതീക്ഷയിലാണ് വിനോദ സഞ്ചാരികൾ. ആലപ്പുഴ, മുഹമ്മ ജെട്ടികളിൽനിന്ന് ഇവിടേക്ക് ജലഗതാഗത വകുപ്പിന്റെ സർവീസുണ്ട്. മണിക്കൂറുകൾ കായൽ ചുറ്റുന്ന വേഗ‑രണ്ട് യാത്രയിൽ പ്രധാനമാണ്.
മുഹമ്മ, കായിപ്പുറം ജെട്ടിയിൽനിന്ന് യാത്രാബോട്ടുകളും കുമരകം അടക്കമുള്ള സ്ഥലങ്ങളിൽനിന്ന് ഹൗസ് ബോട്ടുകളും ശിക്കാരവള്ളങ്ങളും എത്തുന്നുണ്ട്. തിരക്ക് കൂടുമ്പോൾ മുഹമ്മ‑കുമരകം പാതയിൽ സർവീസ് നടത്തുന്ന ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ടുകളിൽ സഞ്ചാരികളെ കയറ്റി പാതിരാമണലിൽ ഇറക്കും. പിന്നീട് മറ്റൊരു ബോട്ടിൽ തിരികെയെത്തിക്കുന്ന വിധമാണ് സംവിധാനം. 1989ൽ ഉപരാഷ്ട്രപതിയായിരുന്ന ശങ്കർ ദയാൽ ശർമയാണ് പാതിരാമണൽ ദ്വീപിലെ ടൂറിസം പദ്ധതിക്ക് കല്ലിട്ടത്. 2008 നവംബർ 10ന് മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദൻ ബയോപാർക്ക് നിർമ്മാണ ഉദ്ഘാടനം നടത്തി. 

Eng­lish Sum­ma­ry: Garbage dump at Pathi­ra­manal block­ing development

You may also like this video

Exit mobile version