Site iconSite icon Janayugom Online

സർക്കസ് കുലപതി ജെമിനി ശങ്കരൻ അന്തരിച്ചു

സർക്കസ് കുലപതി ജെമിനി ശങ്കരൻ അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി 11.40 നായിരുന്നു അന്ത്യം. സംസ്കാരം നാളെ പയ്യാമ്പലത്ത് നടക്കും. ഇന്ന് രാവിലെ 11 മുതൽ വാരത്തെ വീട്ടിൽ പൊതുദർശനത്തിന്‌ വയ്‌ക്കും. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നാലുദിവസമായി ചികിത്സയിലായിരുന്നു. ഇന്ത്യന്‍ സര്‍ക്കസ് രംഗത്തെ ഏറ്റവും തലമുതിര്‍ന്ന കലാകാരനാണ്.

ഹൊറിസോണ്ടൽ ബാർ, ഫ്ലൈയിങ് ട്രപ്പീസ് തുടങ്ങിയ ഇനങ്ങളിൽ വിദഗ്ധനായിരുന്നു ശങ്കരൻ. റെയ്മൻ സർക്കസിലും അദ്ദേഹം ഏറെനാൾ ജോലിചെയ്തു. 1951ൽ വിജയ സർക്കസ് കമ്പനി ആറായിരം രൂപയ്ക്കു വാങ്ങി. അതിന് തന്റെ ജന്മനക്ഷത്രമായ ജെമിനി എന്നു പേരിട്ടു. 1951 ഓഗസ്റ്റ് 15ന് ഗുജറാത്തിലെ ബില്ലിമോറയിലായിരുന്നു ആദ്യ പ്രദർശനം. 1977 ഒക്ടോബർ രണ്ടിന് അദ്ദേഹം രണ്ടാമത്തെ സർക്കസ് കമ്പനിയായ ജംബോ സർക്കസ് ആരംഭിച്ചു. പിന്നീട് ഗ്രേറ്റ് റോയലും.

സർക്കസിന്‌ നൽകിയ സമഗ്ര സംഭാവനയെ മാനിച്ച് കേന്ദ്ര സർക്കാർ അദ്ദേഹത്തിന് ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം നൽകിയിരുന്നു. ഭാര്യ: പരേതയായ ശോഭന. മക്കൾ: അജയ് ശങ്കർ, അശോക് ശങ്കർ (ഇരുവരും ജെമിനി ഗ്രാൻഡ്, ജംബോ സർക്കസുകളുടെ മാനേജിങ് പാർട്ണർമാർ), രേണു ശങ്കർ (ഓസ്ട്രേലിയ). മരുമക്കൾ: പൂർണിമ അജയ്, സുനിത അശോക്, പ്രദീപ്.

മുഖ്യമന്ത്രി അനുശോചിച്ചു

ഇന്ത്യൻ സർക്കസിനെ ലോകപ്രശസ്തമാക്കുന്നതിൽ മുഖ്യപങ്കു വഹിച്ച വ്യക്തിയാണ് ജെമിനി ശങ്കരൻ. ഒരേസമയം ശ്രദ്ധേയനായ സർക്കസ് കലാകാരനും തുടർന്ന് വിവിധ സർക്കസുകളുടെ ഉടമയുമായ അദ്ദേഹം ഇന്ത്യക്ക് പുറത്ത് വിവിധ സ്ഥലങ്ങളിൽ തന്റെ സർക്കസുമായി സഞ്ചരിച്ചിട്ടുണ്ട്. ഇന്ത്യയുടെ വിവിധ പ്രധാനമന്ത്രിമാർ, രാഷ്ട്രപതിമാർ, ലോക നേതാക്കൾ, പ്രമുഖ വ്യക്തികൾ എന്നിവരുമായി അദ്ദേഹം സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു.

സർക്കസ് കുലപതി കീലേരി കുഞ്ഞിക്കണ്ണന്റെ കളരിയിലൂടെ പരിശീലനം ആരംഭിച്ച അദ്ദേഹം സർക്കസിൽ കാലികമായ മാറ്റങ്ങൾ വരുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. വിദേശ കലാകാരന്മാരെയും അവരുടെ സർക്കസ് കലകളെയും ഇന്ത്യൻ സർക്കസിൽ ഉൾപ്പെടുത്തി സർക്കസ് വികസിപ്പിക്കുന്നതിൽ ശ്രദ്ധിച്ചു. 99-ാം വയസ്സിലും ആരോഗ്യപൂർണമായി സജീവ ജീവിതം നയിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ജെമിനി ശങ്കരനുമായി വ്യക്തിപരമായി ഏറെ അടുപ്പം പുലർത്തിയിരുന്നു. പുരോഗമന രാഷ്ട്രീയത്തോടായിരുന്നു അദ്ദേഹത്തിന്റെ ആഭിമുഖ്യം. ജെമിനി ശങ്കരന്റെ വിയോഗം സർക്കസ് കലയ്ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയത് — മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Eng­lish Sam­mury: Indi­an Cir­cus Leg­end Gem­i­ni Sankaran Pass­es Away

 

Exit mobile version