രാജ്യത്ത് ഉന്നതവിദ്യാഭ്യാസത്തിന് പ്രവേശനം നേടുന്നവരിലെ സ്ത്രീ-പുരുഷ അനുപാതം(ജെൻഡർ പാരിറ്റി) ഇൻഡക്സില്‍ കേരളം ഒന്നാമത്. വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ 2020–21 ലെ ഓൾ ഇന്ത്യ സർവേ ഓൺ ഹയർ എജ്യൂക്കേഷ(എഐഎസ്എച്ച്ഇ)ന്റെ റിപ്പോര്‍ട്ടില്‍ 1.52 എന്ന അനുപാതത്തിലാണ് കേരളത്തിന്റെ നേട്ടം. 100 പുരുഷ വിദ്യാർത്ഥികൾക്ക് 150 വിദ്യാർത്ഥിനികളുടെ പ്രവേശനം സൂചിപ്പിക്കുന്ന 1.52 ന്റെ ജിപിഐ രാജ്യത്തെ ഏറ്റവും ഉയർന്നതാണ്. എസ്‌സി വിഭാഗത്തിലെ ജിപിഐ 1.91ഉം എസ്‌ടി വിഭാഗത്തിന്റേത് 1.52ഉം ആണ്. 29 സംസ്ഥാനങ്ങളില്‍ ഏറ്റവും കുറവ് ജിപിഐ ഉള്ളത് ഗുജറാത്തിലാണ് 0.87. മറ്റ് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെ ജിപിഐ ഒന്നോ അതിന് മുകളിലോ ആണ്.
ദേശീയതലത്തില്‍ ജിപിഐയില്‍ നേരിയവര്‍ധനവ് ഉണ്ടായിട്ടുണ്ട്. 2016–17ല്‍ ദേശീയ ജിപിഐ 0.98 ആയിരുന്നെങ്കില്‍ 2020–21ല്‍ 1.05 ആയി ഉയര്‍ന്നു. കേരളത്തിന്റേത് 1.47ല്‍ നിന്നാണ് 1.52 ആയി ഉയര്‍ന്നത്. ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് 50 കോളജ് എന്ന കാര്യത്തില്‍ ഹിമാചലിനൊപ്പം മൂന്നാം സ്ഥാനമാണ് കേരളം കരസ്ഥമാക്കിയത്. കര്‍ണാടക (62), തെലങ്കാന (51) എന്നിങ്ങനെയാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. കൂടുതൽ കോളജുകളുള്ള സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഇടയിൽ കേരളം പത്താം സ്ഥാനത്താണ് (1,448 കോളജുകൾ).
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്നവരുടെ അനുപാതത്തില്‍ (ഗ്രോസ് എന്‍റോള്‍മെന്റ് റേഷ്യോ-ജിഇആര്‍) 43.2 എന്ന സ്കോറുമായി സംസ്ഥാനങ്ങളുടെ പട്ടികയില്‍ മൂന്നാമതാണ് കേരളം. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പട്ടികയില്‍ ആറാമതും. കേരളത്തിന്റെ സ്കോര്‍ ദേശീയ ശരാശരിയേക്കാള്‍ (27.3) ഉയര്‍ന്നതാണ്.
സംസ്ഥാനത്തെ പട്ടികജാതി, പട്ടികവർഗ, സമുദായങ്ങളിൽപ്പെട്ട വിദ്യാർത്ഥികളുടെ ജിഇആറും ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്. സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തുള്ള വിദ്യാഭ്യാസത്തിനായി സംസ്ഥാനം വിടുന്ന വിദ്യാർത്ഥികളുടെ എണ്ണം കൂടുകയാണെന്ന ആരോപണങ്ങള്‍ക്കിടയിലും സംസ്ഥാനം ഉന്നത വിദ്യാഭ്യാസ മേഖലയിൽ തുടർച്ചയായി നേട്ടങ്ങൾ കൈവരിക്കുകയാണെന്ന് വിദ്യാഭ്യാസ മേഖലയിലെ കണക്കുകള്‍ പറയുന്നു.
English Summary: Gender ratio in higher education: Kerala tops
You may also like this video