Site iconSite icon Janayugom Online

ഇനി ‘കൂളായി’ നടക്കാം: ശീതീകരിച്ച ആകാശപ്പാത 27ന് തുറക്കും

ശക്തനിലെ ആകാശപ്പാതയിലൂടെ 27 മുതല്‍ കൂളായി നടക്കാം. ശീതീകരിച്ച ആകാശപ്പാത 27ന് ജനങ്ങള്‍ക്കായിതുറന്നുനല്‍കും. ഉദ്ഘാടനത്തിനു മുന്നോടിയായി പെയിന്റിങ് പണികളും ആകാശപ്പാതയ്ക്ക് ഇരുവശത്തും ലിഫ്റ്റിലുമുള്ള ചില്ലുകൾതുടച്ചു വൃത്തിയാക്കലുമെല്ലാം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഇതോടൊപ്പം പാതയ്ക്ക് സമീപം തറയോട് വിരിക്കുന്ന പണികളും നടക്കുന്നുണ്ട്. 27ന് മന്ത്രി എം ബി രാജേഷ് ആണ് രണ്ടാംഘട്ട നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ആകാശപ്പാത ഉദ്ഘാടനം നിർവഹിക്കുന്നത്. 

അമൃത് പദ്ധതിക്ക് കീഴിൽ നിർമാണം പൂർത്തിയാക്കിയ ആകാശപ്പാതയുടെ അടിസ്ഥാനചെലവ് 5.5 കോടിയാണ്. നാല് ലിഫ്റ്റുകളാണ് ആകാശപ്പാതയിലേക്ക്‌ കയറാൻ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ പാത നിർമാണം പൂർത്തിയാക്കി തുറന്നുകൊടുത്തിരുന്നു. എന്നാൽ, ശീതീകരിക്കാൻ വേണ്ടി അടച്ചിടുകയായിരുന്നു. 20 ക്യാമറകളും 50 കിലോവാട്ട് കിട്ടുന്ന സൗരോർജപാനലുകളും സ്ഥാപിച്ചിട്ടുണ്ട്. ഡിസംബറോടെ പാതയുടെ പ്രവർത്തനം പൂർണമായും സൗരോർജം ഉപയോഗിച്ചാകും. ശക്തൻബസ് സ്റ്റാൻഡ് പരിസരം, മത്സ്യമാംസ മാർക്കറ്റ്, പച്ചക്കറി മാർക്കറ്റ്, ശക്തൻ നഗർ മൈതാനം എന്നീ നാല് ഭാഗങ്ങളിൽ നിന്നും ആകാശപ്പാതയിലേക്ക് ചവിട്ടുപടികളിലൂടെയും പ്രവേശിക്കാം. 

റോഡിൽ നിന്ന് ആറുമീറ്റർ ഉയരത്തിൽ വൃത്താകൃതിയിലാണ് ആകാശപ്പാത. അതിനാൽ വാഹനങ്ങൾക്കും തടസമില്ലാതെ കടന്നുപോകാം. മൂന്ന് മീറ്റര്‍ വീതിയിലാണ് നടപ്പാലം. 280 മീറ്ററാണ് ചുറ്റളവ്. നടപ്പാലത്തിനു ചുറ്റും മുകളിലും കവചമുണ്ട്. 2018ൽ ഭരണാനുമതി ലഭിച്ച പദ്ധതി 2019 ഒക്ടോബറിലാണ് നിർമ്മാണം പൂർത്തിയാക്കിയത്. തുടർന്ന് 2023 ആഗസ്റ്റിലാണ് ആദ്യഘട്ടം പൂർത്തിയാക്കി തുറന്നുകൊടുത്തത്.

Exit mobile version