Site icon Janayugom Online

ഗോഡ്‌സെ ഗാന്ധിയെന്ന വെളിച്ചത്തെ ഇല്ലാതാക്കിയ കൊടിയ പാപി: ശ്രീധരന്‍ പിള്ള

ഗാന്ധിയെന്ന വെളിച്ചത്തെ ഇല്ലാതാക്കിയ കൊടിയ പാപം ചെയ്തയാളാണ് ഗോഡ്‌സെ എന്ന് ബിജെപി നേതാവും ഗോവ ഗവര്‍ണറുമായ പി എസ് ശ്രീധരന്‍ പിള്ള. ഗോഡ്‌സെ ഈ നാടിന്റെ ശാപമായിരുന്നു. വെളിയം രാജീവിന്റെ ഗാന്ധി വേഴ്‌സസ് ഗോഡ്‌സെ എന്ന പുസ്തകത്തിന്റെ പരിഷ്‌കരിച്ച നാലാം പതിപ്പിന്റെ പ്രകാശനം കൊല്ലത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഗാന്ധിയെന്ന വെളിച്ചത്തെ ഇല്ലാതാക്കിയ കൊടിയ പാപം ചെയ്തയാളാണ് ഗോഡ്‌സെ. ഗോഡ്‌സെ ഈ നാടിന്റെ ശാപമായിരുന്നു. തന്റെ തത്വങ്ങളില്‍ വെള്ളം ചേര്‍ത്തിട്ടില്ലാത്ത വ്യക്തിയാണ് ഗാന്ധിജി. ഒരു പൊതുപ്രവര്‍ത്തകന്‍ എങ്ങനെയാകണമെന്നതിന്റെ ഉത്തമ മാതൃകയായിരുന്നു ഗാന്ധി. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് പറയാന്‍ ആര്‍ജവം കാണിച്ചയാളാണ് ഗാന്ധി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അത്യപൂര്‍വമായേ അതിന് യോഗ്യനായ ഒരാളെ കാണാനാകൂ.

ഗാന്ധി വധത്തില്‍ ആര്‍എസ്എസിന് പങ്കില്ലെന്ന് കണ്ടെത്തിയ കപൂര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ ഒരു കോപ്പി പോലും ഇന്ന് ഇന്ത്യയില്‍ ലഭ്യമല്ല. ലോകം നിലനില്‍ക്കുന്ന കാലത്തോളം ഗാന്ധിയുടെ പ്രത്യയശാസ്ത്രം നിലനില്‍ക്കും. ഗാന്ധിയെ വധിച്ച ഗോഡ്‌സെ ഈ നാടിന്റെ ശാപമായിരുന്നു. അടുത്തിടെ പൂനെയില്‍ പോയപ്പോള്‍ എനിക്കത് ഒരിക്കല്‍കൂടി ബോധ്യമായി. വികാരമല്ല വിചാരമാണ് ഒരു രാഷ്ട്രത്തിന് വേണ്ടത്. വിചാരത്താല്‍ ഐക്യപ്പെടുന്ന സമൂഹത്തെയാണ് നേതാക്കന്‍മാര്‍ സൃഷ്ടിക്കേണ്ടത്. ചരിത്രം തിരിച്ചൊഴുക്കില്ലാത്ത പ്രവാഹമാണ്. ഒഴുകിപ്പോകുമ്പോള്‍ അത് കോരിയെടുത്ത് പുതുതലമുറക്ക് നല്‍കാന്‍ നേതാക്കന്‍മാര്‍ക്കാകണം’, പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.

Eng­lish Sum­ma­ry: Goa gov­er­nor Sreed­ha­ran Pil­lai refut­ed Godse

Exit mobile version