Site iconSite icon Janayugom Online

‘ഗോധ്രയുടെ രക്തക്കറ മോഡിയുടെ വസ്ത്രത്തില്‍ നിന്ന് ഒരിക്കലും മായുകില്ല’; വാജ്പേയിയുടെ മരുമകള്‍ എന്‍ഡിടിവിയ്ക്ക് നല്‍കിയ അഭിമുഖം വീണ്ടും ചര്‍ച്ചയാകുന്നു

modimodi

2002ലെ ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്ററി വന്‍ ചര്‍ച്ചാവിഷയമായതിനുപിന്നാലെ എന്‍ഡിടിവിയുടെ പഴയ വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ബിജെപി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ വാജ്പേയിയുടെ അനന്തിരവള്‍ എന്‍ഡിടിവിയ്ക്ക് 2013ല്‍ നല്‍കിയ അഭിമുഖമാണ് വീണ്ടും ചര്‍ച്ചയായത്. ഗോധ്ര കലാപത്തിന്റെ രക്തക്കറ ഒരിക്കലും മോഡിയുടെ വസ്ത്രത്തില്‍ നിന്ന് മാഞ്ഞുപോകില്ലെന്നും ഈ വിഷയത്തില്‍ വാജ്പേയിക്ക് മോഡിയോട് ദേഷ്യമായിരുന്നുവെന്നും കരുണാ ശുക്ല വീഡിയോയില്‍ പറയുന്നുണ്ട്. ബിജെപിയില്‍ നിന്ന് വിടാനുള്ള കാരണവും അവരുടെ പ്രവര്‍ത്തിയാണെന്നും മരിച്ചാലും ബിജെപിയിലേക്ക് തിരിച്ചുപോകില്ലെന്നും അവര്‍ പറയുന്നതും വീഡിയോയില്‍ നിന്ന് വ്യക്തമാണ്. മോഡിയെ പുകഴ്ത്തുന്നവരെയും പണമുള്ളവരെ യുമാണ് ബിജെപി ഇഷ്ടപ്പെടുന്നതെന്നും അവര്‍ പറയുന്നു. 

ബിജെപി വിട്ട് കോണ്‍ഗ്രസിലാണ് കരുണ ശുക്ല പിന്നീട് പ്രവര്‍ത്തിച്ചത്. കോവിഡ് ബാധിച്ചതിനെത്തുടന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ വര്‍ഷമാണ് കരുണ ശുക്ല മരിച്ചത്. 

മുന്‍ നിര വാര്‍ത്താചാനലായ ന്യൂഡല്‍ഹി ടെലിവിഷന്‍ ലിമിറ്റഡിന്റെ (എന്‍ഡിടിവി) 29.18 ശതമാനം ഓഹരി അഡാനി എന്റര്‍പ്രൈസസ് വാങ്ങിയിരുന്നു. 26 ശതമാനം ഓഹരി കൂടി വാങ്ങാനുള്ള വാഗ്ദാനവും മുന്നോട്ടുവച്ചതായും അഡാനി ഗ്രൂപ്പ് അറിയിച്ചിരുന്നു. അതേസമയം കമ്പനിയുടെ അറിവോ സമ്മതമോയില്ലാതെയാണ് നിയന്ത്രണം പിടിച്ചെടുക്കാന്‍ അഡാനി ഗ്രൂപ്പ് ശ്രമിക്കുന്നതെന്ന് എന്‍‍ഡിടിവി പ്രതികരണവുമായി രംഗത്ത് എത്തുകയും ചെയ്തിരുന്നു.

മാധ്യമരംഗത്തെ കോര്‍പ്പറേറ്റ് വല്‍ക്കരണത്തിനുള്ള ശ്രമങ്ങള്‍ ബിജെപി നടത്തുന്നതിനിടെയാണ് എന്‍ഡിടിവിയില്‍ പ്രക്ഷേപണം ചെയ്ത അഭിമുഖം ചര്‍ച്ചവിഷയമായിരിക്കുന്നത്. കാവിവല്‍ക്കരണത്തിനുള്ള നീക്കങ്ങള്‍ക്കിടെ മോഡിക്കെതിരെ കടുത്ത വിമര്‍ശനമുന്നയിക്കുന്ന വീഡിയോ പുറത്തുവന്നത് ബിജെപിയെ പിന്തുണയ്ക്കുന്നവര്‍ക്ക് ക്ഷീണമായിരിക്കുകയാണ്. 

Eng­lish Sum­ma­ry: ‘Godhra’s blood­stain will nev­er wash off Mod­i’s clothes’; Vaj­pay­ee’s daugh­ter-in-law’s inter­view with NDTV is again in discussion

You may like this video also

Exit mobile version