Site iconSite icon Janayugom Online

ഇന്ത്യയിലെ മൂന്ന് ജില്ലകളില്‍ സ്വര്‍ണഖനി കണ്ടെത്തി

ഇന്ത്യയിലെ മൂന്ന് ജില്ലകളില്‍ സ്വര്‍ണ നിക്ഷേപമുണ്ടെന്ന് കണ്ടെത്തല്‍. ഒഡിഷയിലെ ദിയോഗർ, കിയോഞ്ജർ, മയൂർഭഞ്ച് എന്നിവിടങ്ങളിലാണ് സ്വർണ ഖനി കണ്ടെത്തിയെന്ന റിപ്പോര്‍ട്ട്. ജമ്മു കശ്മീരിൽ ലിഥിയം നിക്ഷേപം കണ്ടെത്തിയിരുന്നു. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും ഒഡിഷയിലെ ജിയോളജി ഡയറക്ടറേറ്റും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്വർണ നിക്ഷേപമുള്ളതായി കണ്ടെത്തിയിരിക്കുന്നത്. കിയോഞ്ജർ ജില്ലയിലെ ഗോപൂർ, മയൂർഭഞ്ച് ജില്ലയിലെ ജോഷിപൂർ, സുരിയഗുഡ, റുവൻസില, ദുഷുര ഹിൽ, ദിയോഗർ ജില്ലയിലെ അഡാസ് എന്നിവിടങ്ങളിലെ സ്വര്‍ണ ഉറവിടത്തെക്കുറിച്ചാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

1970കളിലും 80കളിലും ഡയറക്‌ടറേറ്റ് ഓഫ് മൈൻസ് ആന്റ് ജിയോളജിയും ജിഎസ്‌ഐയും ചേർന്നാണ് ഈ മേഖലകളിൽ ആദ്യ സർവേ നടത്തിയിരുന്നു. അതേസമയം അന്ന് നടത്തിയ സർവ്വേയുടെ ഫലങ്ങൾ അധികൃതർ പുറത്തുവിട്ടിരുന്നില്ല. ഈ മൂന്ന് ജില്ലകളിലും കഴിഞ്ഞ രണ്ട് വർഷത്തിനിടെ ജിഎസ്ഐ ഒരു സർവേ കൂടി നടത്തിയതായി സംസ്ഥാന ഖനന മന്ത്രി പ്രഫുല്ലകുമാർ മാലിക് ചൂണ്ടിക്കാട്ടിയിരുന്നു. ധെങ്കനാലിൽ നിന്നുള്ള എംഎൽഎ സുധീർ കുമാർ സമൽ നിയമസഭയിൽ സ്വർണശേഖരവുമായി ബന്ധപ്പെട്ട ഒരു ചോദ്യവും ഉന്നയിച്ചു. ഇതിന് മറുപടിയായാണ് മൂന്ന് ജില്ലകളിൽ സ്വർണ നിക്ഷേപം കണ്ടെത്തിയതും അതിന്റെ സാധ്യതകളും പ്രഫുല് കുമാർ വ്യക്തമാക്കിയത്. സ്വർണ നിക്ഷേപത്തിന്റെ അളവ് എത്രയാണെന്നുളള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ജമ്മു കശ്മീരിൽ അവൻ തോതിലുള്ള ലിഥിയം നിക്ഷേപം കണ്ടെത്തിയിരുന്നു. 5.9 ദശലക്ഷം ടൺ ലിഥിയം നിക്ഷേപം കണ്ടെത്തിയെന്ന വിവരങ്ങളാണ് പുറത്തുവന്നത്. ചിലിക്കും ഓസ്‌ട്രേലിയയ്ക്കും ശേഷം ലോകത്തിലെ ഏറ്റവും വലിയ ലിഥിയം നിക്ഷേപമാണ് ജമ്മുവിൽ കണ്ടെത്തിയത്. ഈ കണ്ടെത്തലിന് ശേഷം ലിഥിയം ശേഷിയുടെ കാര്യത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. മൊബൈൽ, ലാപ്‌ടോപ്പ്, ഇലക്ട്രിക്-വാഹനം എന്നിവയുൾപ്പെടെ നിരവധി ഉപകരണങ്ങൾക്കായി ചാർജ് ചെയ്യാവുന്ന ബാറ്ററികൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹമാണ് ലിഥിയം. ഈ അപൂർവ ലോഹത്തിനായി ഇന്ത്യ നിലവിൽ മറ്റ് രാജ്യങ്ങളെയാണ് ആശ്രയിച്ചുകൊണ്ടിരിക്കുന്നത്.

ലോകത്തിലെ ലിഥിയം കരുതൽ ശേഖരത്തിന്റെ സ്ഥിതി പരിശോധിച്ചാൽ ഒന്നാം സ്ഥാനത്ത് ചിലിയാണ്. 9.3 ദശലക്ഷം ടണ്ണുമായാണ് ചില ഒന്നാം സ്ഥാനം കെെവശംവയ്ക്കുന്നത്. 63 ലക്ഷം ടണ്ണുമായി ഓസ്‌ട്രേലിയയാണ് രണ്ടാം സ്ഥാനത്തും. കശ്മീരിൽ 59 ലക്ഷം ടൺ ലിഥയം നിക്ഷേപമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ പിൻബലത്തിലാണ് ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയത്. 27 ദശലക്ഷം ടൺ ലിഥിയം നിക്ഷേപവുമായി അർജന്റീന നാലാം സ്ഥാനത്തും രണ്ട് ദശലക്ഷം ടൺ നിക്ഷേപവുമായി ചൈന അഞ്ചാം സ്ഥാനത്തും ഒരു ദശലക്ഷം ടൺ നിക്ഷേപവുമായി അമേരിക്ക ആറാം സ്ഥാനത്തും തുടരുന്നു.

Eng­lish Sam­mury: Gold mines have been found at dif­fer­ent loca­tions of three dis­tricts of Odisha

 

Exit mobile version