Site iconSite icon Janayugom Online

ജമാഅത്തെ ഇസ്ലാമി യുഡിഎഫിന് തങ്കക്കുടങ്ങൾ; വർഗീയവാദികളായ അവരെ ശുദ്ധീകരിക്കാൻ ആരും ശ്രമിക്കേണ്ടെന്നും മുഖ്യമന്ത്രി

നാലൊട്ടിന് വേണ്ടി ജമാഅത്തെ ഇസ്ലാമി ഇപ്പോൾ യുഡിഎഫിന് തങ്കക്കുടങ്ങളായി മാറിയെന്നും വർഗീയവാദികളായ അവരെ ശുദ്ധീകരിക്കാൻ ആരും ശ്രമിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് പ്രസ് ക്ലബ്ബിൽ മീറ്റ് ദി പ്രസിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ജമാഅത്തെ ഇസ്ലാമി എല്ലാക്കാലത്തും വർഗീയ നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്. അതിൽനിന്ന് അണുവിടാ അവർ മാറിയിട്ടില്ല. ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത് ജമാഅത്തെ ഇസ്ലാമി നിയമവിരുദ്ധ പ്രസ്ഥാനമാണെന്ന് കാണിച്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. രമേശ് ചെന്നിത്തല ആയിരുന്നു അന്ന് ആഭ്യന്തര മന്ത്രി. 

ജമാഅത്തിന് അനുകൂലമായ നിലപാട് ഒരിക്കലും സിപിഐ (എം) എടുത്തിട്ടില്ല. മുമ്പ് ജമാഅത്ത് നേതാക്കളുമായി ചർച്ചകൾ നടത്തിയത് അവർ വർഗീയവാദികൾ ആണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ്. അവർ ഇങ്ങോട്ട് ആവശ്യപ്പെട്ട് വന്ന് കണ്ടതാണ്. ഒരു ഘട്ടത്തിൽ അവർക്കൊപ്പം വന്ന സോളിഡാരിറ്റി പ്രവർത്തകരുടെ മുഖത്തുനോക്കി നിങ്ങൾ സാമൂഹിക വിരുദ്ധരാണ് എന്ന് ഞാൻ തന്നെ പറഞ്ഞിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിക് ഇപ്പോൾ ഗുഡ് സർട്ടിഫിക്കറ്റ് നൽകുന്ന യുഡിഎഫ് നേതൃത്വം അവർ എങ്ങനെയാണ് മാറിയത് എന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Exit mobile version