Site iconSite icon Janayugom Online

വിട ചണ്ഡീഗഢ്; സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന് കൊടിയിറങ്ങി

സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന് കൊടിയിറങ്ങി. ബിജെപി ആര്‍എസ്എസ് കൂട്ടുകെട്ടിന്റെ ദുരിതവാഴ്ചയ്ക്കുമെതിരായ കൂടുതല്‍ യോജിച്ച പോരാട്ടത്തിന് മുന്‍കയ്യെടുക്കുമെന്നും സംഘടനാ ശേഷിയും സമരവീര്യവും വര്‍ധിപ്പിച്ച് അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള പ്രക്ഷോഭങ്ങളും പാര്‍ലമെന്ററി പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും തുടരുമെന്നും പാര്‍ട്ടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.125 അംഗ ദേശീയ കൗണ്‍സിലിനെയും 13 പേരെ കാന്‍ഡിഡേറ്റ് അംഗങ്ങളായും 11 അംഗ കണ്‍ട്രോള്‍ കമ്മിഷനെയും പാര്‍ട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്തു. ദേശീയ കൗണ്‍സിലില്‍ 14 പേരും ഒരു കാന്‍ഡിഡേറ്റ് അംഗവും കണ്‍ട്രോള്‍ കമ്മിഷനില്‍ ഒരംഗവും കേരളത്തില്‍ നിന്നാണ്. 11 അംഗ കേന്ദ്ര സെക്രട്ടേറിയറ്റിനെയും ദേശീയ കൗണ്‍സില്‍ തീരുമാനിച്ചു.

 

സെക്രട്ടേറിയറ്റ് അംഗങ്ങളുള്‍പ്പെടെ 31 പേരടങ്ങുന്നതാണ് ദേശീയ എക്സിക്യൂട്ടീവ്. ഡി രാജയ്ക്ക് പുറമേ അമര്‍ജിത് കൗര്‍, ബാല ചന്ദ്ര കാംഗോ, രാമകൃഷ്ണ പാണ്ഡ, ആനി രാജ, ഗിരീഷ് ചന്ദ്രശര്‍മ, കെ പ്രകാശ് ബാബു, പി സന്തോഷ് കുമാര്‍ എംപി, സഞ്ജയ് കുമാര്‍, പല്ല വെങ്കിട്ട റെഡ്ഡി എന്നിവരാണ്സെക്രട്ടേറിയറ്റിലുള്ളത്. പഞ്ചാബില്‍ നിന്ന് ഒരാളെ പിന്നീട് നിശ്ചയിക്കും. കെ രാമകൃഷ്ണയെ സെക്രട്ടേറിയറ്റിലേക്ക് സ്ഥിരമായി ക്ഷണിക്കുന്നതിനും മിത്ര വാഷുവിനെ ട്രഷററായും തീരുമാനിച്ചു.

സെക്രട്ടേറിയറ്റ് അംഗങ്ങളെ കൂടാതെ ബിനോയ് വിശ്വം, കെ പി രാജേന്ദ്രൻ, ആർ വെങ്കയ്യ, ഗുൽസാർ സിങ് ഗോറിയ, എം വീരപാണ്ഡ്യൻ, ടി എം മൂർത്തി, എ വനജ, കെ സാംബശിവറാവു, പസ്യ പത്മ, സ്വപൻ ബാനർജി, രാം നരേഷ് പാണ്ഡെ, ജനകി പസ്വാൻ, അരവിന്ദ് രാജ് സ്വരൂപ്, മുഹമ്മദ് സലിം, സാഥി സുന്ദരേഷ്, കനക് ഗോഗോയി, നിഷ സിദ്ധു, ദിനേശ് വാഷ്നെ എന്നിവരാണ് ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങള്‍.

പി പി സുനീർ, ജെ ചിഞ്ചു റാണി, രാജാജി മാത്യു തോമസ്, പി പ്രസാദ്, കെ രാജൻ, ചിറ്റയം ഗോപകുമാർ, പി വസന്തം, ജി ആര്‍ അനില്‍, ടി ജെ ആഞ്ചലോസ്, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എന്നിവരാണ് കേരളത്തിൽ നിന്ന് ദേശീയ കൗൺസിൽ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത്. ടി ടി ജിസ്‌മോൻ കാൻഡിഡേറ്റ് അംഗവും സത്യൻ മൊകേരി കൺട്രോൾ കമ്മിഷന്‍ അംഗവുമാണ്. കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാനായി കെ നാരായണയെയും റാം ബെഹത്തിയെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.

Exit mobile version